ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

One    Two    Three    Four    Five    Six    Seven    Eight

Nine    Ten   Eleven    Twelve    Thirteen    Fourteen

30. വിട്ടുവീഴ്ചയും മഹാമനസ്കതയും, വിവരക്കേടും കഴിവില്ലായ്മയും ആവുന്ന അന്തരീക്ഷം

'പുഷ്പ പാദുകം അഴിച്ച് വച്ച് നഗ്ന പാദയായി കയറിവരുന്ന ചക്രവർത്തിനിയും', 'കുസുമതാലവുമായി വരവേൽക്കുന്ന സാലഭംജികകളും', 'മാനത്തെ നവരത്ന വ്യാപാരതെരുവുകളും', 'ഗന്ധർവ്വനഗരങ്ങളും അവ അലങ്കരിക്കാൻ പോകുന്ന ഇന്ദുകലയും', 'പർവ്വനന്ദിനി, പശുക്കളെ മേക്കാനിറങ്ങുന്ന പവിഴപ്പാടങ്ങളും', 'കളഭത്തിൽ മുങ്ങിവരും വൈശാഗരജനിയും', 'മനുഷ്യമോചന രണവീധിയിൽ നിന്നും ഉയരുന്ന ശബ്ദവും', 'മത്സരകളരിയിൽ ജയിച്ചുവരുന്ന ഭവാനും', 'ദേവകൾ എത്തുമ്പോൾ പുഷ്പവൃഷ്ടിയിൽ കുളിക്കുന്നതും', 'മണ്ണോട് മണ്ണായ മോഹഭംഗങ്ങളും, അവയെ ചെന്ന് തൊഴുന്ന യുഗശ്മശാനങ്ങളും', 'ഒന്നാംകുന്നിൽ തിരിപിടിക്കാൻ വന്ന അടിയാട്ടിയും' മറ്റും മറ്റും, ബ്രഹ്മതാളങ്ങളുടെ അകമ്പടിയോടും, മാസ്മരിക ഈണങ്ങൾക്കൊപ്പവും സാധാരണക്കാരനെ ഒരു പരബ്രഹ്മലോകത്തിലേക്ക് ക്ഷണികനേരത്തേക്ക് മാത്രം വിളിച്ച് കൊണ്ട് പോകാനുള്ള കഴിവ് ഫ്യൂഡൽ ഭാഷകൾക്ക് ഉണ്ട്%.


%(വയലാർ രാമവർമ്മ, ശ്രീകുമാരൻ തമ്പി, പി. ഭാസ്ക്കരൻ എന്നിവരും മറ്റും എഴുതിയ പഴയ മലയാളം സിനിമാഗാനങ്ങളിൽ നിന്നും എടുത്ത വാക്യപ്രയോഗങ്ങളാണ് മുകളിൽ നൽകിയിട്ടുള്ളത്.)


എന്നാൽ ഐപിഎസ് യൂണിഫോം പൊടുന്നനെ അഴിച്ച് വെക്കേണ്ടിവരുന്നത് പോലെ തന്നെ പെട്ടന്ന് തന്നെ തിരിച്ച് സാധാരണക്കാരന്റെ തരംതാണ നിലയിലേക്ക് വീഴേണ്ടിയും വരും, ഈ ദേവലോക സഞ്ചാരിക്ക്.


കാരണം, സാധാരണക്കാരന്റെ നിത്യ ജീവിതം ഈ നിലവാരങ്ങളിൽ ഒന്നും തന്നെയല്ല.


മദ്യലഹരിയിലും മയക്ക് മരുന്നിന്റെ ലഹരിയിലും മനസിനെ മഥിക്കുന്ന പലതും ഉണ്ട്. എന്നാൽ ഈ ഉന്മാദാവസ്ഥയെ കാട്ടി, ഇതാണ് അത്യുഗ്രൻ ജീവിതം എന്ന് പറയുന്നത് പോലെയാണ് ഫ്യൂഡൽ ഭാഷകൾക്കുള്ള സൌന്ദര്യവും.


മയക്ക് മരുന്ന് ഒരുക്കുന്ന ഗന്ധർവ്വലോകത്തിൽ തന്നെ ജീവിക്കാൻ ആകുമെങ്കിൽ പ്രശ്നമില്ല. 'സ്വപ്നഹാരം അണിഞ്ഞെത്തുന്ന മദനചന്ദ്രികയിൽ' അവിടെ മയങ്ങിയും അല്ലാതെയും ജീവിക്കാം. എന്നാൽ അത് സാധ്യമല്ലല്ലോ!


(പിക്ക്പോക്കറ്റ് എന്ന സിനിമയിൽ പാപ്പനംകോഡ് ലക്ഷ്മണൻ എഴുതിയ ഗാനത്തിന്റെ ആദ്യവരി).


എന്നാൽ മലയാളികൾക്ക് വയലാറിന്റെ വാക്യപ്രയോഗങ്ങൾ രചിക്കുന്ന സ്വപ്ന ലോകത്തിൽ ജീവിക്കാനാകില്ലതന്നെ. കാരണം, അങ്ങിനെയൊരു ലോകം ഇല്ലതന്നെ.


ഫ്യൂഡൽ ഭാഷകളിൽ സാധാരണക്കാരൻ ജീവിക്കുന്നത്, തരംതാഴ്ത്തപ്പെടുന്നതും, തമ്മിൽ തരംതാഴ്ത്തിയും, പാരവച്ചും, പിന്നിൽനിന്ന് കുത്തിയും, തമ്മിൽ ജീവന്മരണ പോരാട്ടം പോലുള്ള മത്സരങ്ങളിൽ പങ്കെടുത്തും ജീവിക്കുന്ന ഒരു അന്തരീക്ഷത്തിലാണ്.


മാത്രവുമല്ല, ചെറുതായൊന്ന് തലകുനിച്ചാൽ തലയിൽ കയറാനായി ഉത്സുക്തരും ആവും ആളുകൾ. വിട്ടുവീഴ്ചയേയും മഹാമനസ്കതയേയും വിവരക്കേടും, കഴിവില്ലായ്മയും ആയി കാണുന്ന സാമൂഹികാന്തരീക്ഷം.