ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

One    Two    Three    Four    Five    Six    Seven    Eight

Nine    Ten   Eleven    Twelve    Thirteen    Fourteen

47. ദൈവവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള സംഭാഷണങ്ങൾ

പൊതുവായിപ്പറഞ്ഞാൽ, ദൈവത്തെ 'നീ' എന്നാണ് സംബോധന ചെയ്ത് കാണുന്നത്. അതിൽ ദൈവത്തിന് പരാതിയില്ലാ എന്ന് അനുമാനിക്കാം. കാരണം, ഈ വിധ വാക്ക് കോഡുകൾ ദൈവത്തെ ബാധിക്കില്ലാ എന്ന് തോന്നുന്നു. സമുദ്രത്തെ ചാട്ടവാറ് കൊണ്ട് പ്രഹരിച്ചാൽ, സമുദ്രത്തിന് അത് ഏശില്ലാ എന്നത് പോലെ.


അതേ സമയം 'അങ്ങ്' എന്ന വാക്കും ഉപയോഗിച്ച് കാണുന്നുണ്ട്. ഇതിനെക്കുറിച്ച് കൂടുതലായി അറിയില്ല. മുത്തപ്പൻ വെള്ളാട്ടത്തെ ആരും 'നീ' എന്ന് സംബോധന ചെയ്ത് കണ്ടില്ല. ഇങ്ങിനെ ചെയ്യാറുണ്ടോ എന്ന് അറിയില്ല.


ഇങ്ഗ്ളിഷിൽ ദൈവത്തെ പരാമർശിക്കുമ്പോൾ He, Him എന്ന വാക്കുകൾ ഉപയോഗിക്കുമ്പോൾ H വലിയക്ഷരത്തിലാണ് എഴുതുക. ഈ കാര്യം ഇങ്ഗ്ളിഷ് ഭാഷയിൽ വന്നത് ഏത് സ്വാധീനത്തിൽ നിന്നും ആണ് എന്ന് അറിയില്ല.


ബ്രാഹ്മണമത (ഹൈന്ദവ മത) ദൈവങ്ങളെ 'നീ' എന്ന് തന്നെയാണ് പ്രാർത്ഥനയിൽ സംബോധന ചെയ്യാറ് എന്നാണ് അറിയുന്നത്. യഥാർത്ഥത്തിൽ ഈ 'നീ' എന്ന സംബോധന ആത്മ മിത്രത്തോടുള്ള സംബോധന പോലെയാണ്. മാനസിക അടുപ്പത്തിന്റെയും സ്നേഹ ബന്ധത്തിന്റേയും പ്രതീകാത്മകതയാകാം. എന്നാൽ ഈവിധമുള്ള സംബോധന മനുഷ്യർ തമ്മിലുള്ള പ്രണയങ്ങളിൽ ദിശാഘടകാംശം നിയന്ത്രിക്കാനിടയുണ്ട്.


സംസ്കൃതത്തിന് കാര്യമായ ഫ്യൂഡൽ (ഉച്ചനീചത്വ) ചുവയുണ്ട് എന്നതിനാൽ, ഹൈന്ദവ ആദ്ധ്യാത്മിക നേതാക്കളും ദിവ്യവ്യക്തികളും ഇതിന് അനുസൃതമായാണ് ഗുരു-ശിക്ഷ്യബന്ധം വിളർത്തിയത് എന്ന് തോന്നുന്നു.


ആരാധനാ മൂർത്തികളുടെ പേരിന് മുന്നിലായി 'ശ്രീ' എന്ന പദം പലപ്പോഴും ഉപയോഗിച്ച് കാണുന്നുണ്ട്.


കൃസ്ത്യൻ മതം യഥാർത്ഥത്തിൽ ഒരു പടിഞ്ഞാറൻ ഏഷ്യൻ മതമായതിനാൽ, ഈ ഫ്യൂഡൽ ഭാഷകളുടെ സ്വാധീനമുണ്ടായിരുന്നില്ലെ എന്നൊരു സന്ദേഹം. വിശുദ്ധ ബൈബിൾ (പഴയ നിയമം Old Testament) ഹീബ്രുവിലാണ് എഴുതപ്പെട്ടത് എന്നാണ് തോന്നുന്നത്.


യഹൂദന്മാരുടെ മതവിശ്വാസങ്ങളുമായി ബൈബിൾ പഴയനിയമത്തിന് കാര്യമായ ബന്ധമുണ്ട് എന്ന്തോന്നുന്നു. യഹൂദരുടെ പാരമ്പര്യ ഭാഷയായ ഹീബ്രുവിന് ഫ്യൂഡൽ പരിവേഷമാണോ, അതോ പരന്ന കോഡുകളാണോ ഉള്ളത് എന്ന് അറിയില്ല. എന്നാൽ, അവരുടെ ഭാഷാ കോഡുകൾ അവരുടെ ചരിത്രത്തെ കാര്യമായി ബാധിച്ചിട്ടുണ്ട് എന്നത് ഒരു വസ്തുതയാണ്.


യഹൂദരുടെ ലോകൈകമായിട്ടുള്ള അനുഭവത്തെ വിലയിരുത്തണമെങ്കിൽ അവരുടെ പാരമ്പര്യ ഭാഷയിലെ കോഡുകൾ കൂടി പരിശോധിക്കേണ്ടതാണ് എന്നാണ് തോന്നുന്നത്. പാലസ്ത്തീൻ പ്രദേശം യഹൂദന്മാർ കൈയ്യേറി ഇസ്റായേൽ എന്ന രാജ്യം ഉണ്ടാക്കുന്നതിന് മുൻപ്, യഹൂദരെ ഏറ്റവും കൂടുതൽ വെറുപ്പോട് കൂടി വീക്ഷിച്ചിരുന്നത് യൂറോപ്പിലെ ജനതയായിരുന്നു. ഇതിന്റെ കാരണം അറിയില്ല. ഭാഷാ കോഡുകൾ പരിശോധിച്ചാൽ, കാരണം മിക്കവാറും വ്യക്തമായി ദൃഷ്ടിക്കാൻ കഴിഞ്ഞേക്കാം.


ഈ എഴുത്തുകാരൻ വളരെ ചെറുപ്പകാലത്ത്, ഇങ്ഗ്ളിഷ് ക്രിസ്ത്യാനിറ്റിയുടെ ചുറ്റുപാടുകൾ ചെറുതായി അനുഭവിച്ചറിഞ്ഞിരുന്നു. ഇത് ആങ്ഗ്ളോ-ഇന്ത്യൻ ക്രിസ്ത്യാനികളുടെ സാമീപ്യത്തിൽനിന്നുമാണ്. ഇന്ന് ഇങ്ങിനെ ഒരു സാമൂഹിക പ്രസ്ഥാനം തന്നെ ഈ നാട്ടിൽ നിന്നും തുടച്ച് മാറ്റപ്പെട്ടിട്ടുണ്ട്.


കൃസ്ത്യാനികൾ ലോകത്തിന്റെ പലദിക്കിലും ഉണ്ട്. ഇങ്ഗ്ളിഷ് രാജ്യങ്ങളിൽ അല്ലാതെ മറ്റെവിടെയെങ്കിലും ഇങ്ഗ്ളിഷ് ക്രിസ്ത്യാനിറ്റി നിലവിൽ ഉണ്ടോ എന്ന് അറിയില്ല. അനുഭവം വച്ച് പറയുകയാണെങ്കിൽ, ഫ്യൂഡൽ ഭാഷകളിൽ പ്രവർത്തിക്കുന്ന ക്രിസ്ത്തീയ മതവും ഇങ്ഗ്ളിഷിൽ പ്രവർത്തിക്കുന്ന ക്രിസ്ത്തീയ മതവും തമ്മിൽ മാനസിക ഭാവത്തിൽ വലിയ ബന്ധം ഇല്ലാ എന്നാണ് തോന്നുന്നത്.


മലയാളത്തിൽ യേശുവിനെ 'അവൻ' എന്നാണ് ആദ്ധ്യാത്മിക വേദികളിൽ പരാമർശിക്കുന്നത് എന്നാണ് തോന്നുന്നത്. എന്നാൽ, പൊതുവേദികളിൽ ഈ ഒരു വാക്ക് പ്രയോഗം അനുചിതമായേക്കാം. യേശുവിനോട് പ്രാർത്ഥിക്കുമ്പോഴും, 'നീ' എന്നാണ് ഉപയോഗിക്കുന്നത് എന്ന് തോന്നുന്നു.


'നിങ്ങൾ' എന്ന പ്രയോഗം അതീവ അരോചകമാകും. എന്നാൽ 'അങ്ങ്' എന്ന പ്രയോഗത്തിൽ പ്രശ്നമില്ലാ എന്ന് തോന്നുന്നു.