ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

One    Two    Three    Four    Five    Six    Seven    Eight

Nine    Ten   Eleven    Twelve    Thirteen    Fourteen

7. ഐപിഎസ്സ് ഓഫിസറുടെ ഇങ്ഗ്ളിഷ് അനുഭവം

ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ഓർമ്മക്കുറിപ്പുകൾ ഒരു മാസികയിൽ വന്നതിന്റെ ഒരു പേജ് വളരെ യാദൃച്ഛികമായി ഒരിക്കൽ വായിക്കുകയുണ്ടായി. ഈ ഉദ്യോഗസ്ഥൻ ജയറാം പടിക്കൽ ഐ.പി.എസ്. ആണ് എന്നാണ് ഓർമ്മ.


താഴെകൊടുക്കുന്ന ഈ കഥ ആ പംക്തിയിൽ വായിച്ചതായുള്ള ഓർമ്മിയിൽനിന്നുമാണ് എഴുതുന്നത്. ഇതുമായി ബന്ധപ്പെട്ട യാതോരു രേഖകളും ഇപ്പോൾ കൈയിൽ ഇല്ലതന്നെ. എന്നാൽ ഓർമ്മ ശരിയാണ് എന്നാണ് തോന്നുന്നത്. ഈ സംഭവം നടന്നത് ഏതാണ്ട് പത്ത് നാൽപ്പത് വർഷങ്ങൾക്ക് മുൻപാകാനാണ് സാധ്യത.


ബൃട്ടന്റെ തലസ്ഥാന നഗരമായ ലണ്ടണിലെ പോലീസ് ഡിപ്പാർട്ട്മെന്റാണ് സ്ക്കോട്ട്ലന്റ് യാർഡ് (Scotland Yard). വളരെ യുവ പ്രായത്തിൽ ഐപിഎസ് ലഭിച്ച ജയറാം പടിക്കലിന് ഒരു ഹ്രസ്വ പരിശീലനത്തിനായി സ്ക്കോട്ട്ലന്റ് യാർഡിലേക്ക് പോകാൻ അവസരം ലഭിച്ചു.


ഈ പരിശീലന കാലയളവിൽ ഒരു ദിനം ലണ്ടനിലെ ഒരു പോലീസ് സ്റ്റേഷനിൽ ജയറാം പടിക്കൽ ഇരിക്കുകയായിരുന്നു.


അപ്പോൾ അവിടേക്ക് ഒരു വനിത കയറിവന്നു. എന്നിട്ട്, പടിക്കലിന് അടുത്തായി ഇരിക്കുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ വന്ന് ഇരുന്നു. എന്നിട്ട് കാര്യം പറഞ്ഞു.


തന്റെ പൂച്ചയെ രാവിലെ മുതൽ കാണാനില്ല. ഈ പരാതി കേട്ടപ്പോൾ ജനറാം പടിക്കലിന് ആകെ ആശ്ചര്യം. പൂച്ചയെ കാണാനില്ല എന്ന് വന്ന് പരാതി പറയേണ്ടുന്ന ഇടമാണോ ലണ്ടനിലെ പോലീസ് സ്റ്റേഷൻ?


ഈ വിവരദോഷിയായ സ്ത്രീയെ പോലീസ് ഉദ്യോഗസ്ഥൻ ഞെട്ടിച്ച് തിരിച്ചയക്കും എന്നാണ് പ്രതീക്ഷിച്ചത്. എന്നാൽ പടിക്കലിനെ അത്ഭുതപ്പെടുത്തുന്ന രീതിയിലാണ് കാര്യങ്ങൾ മുന്നോട്ട് നീങ്ങിയത്.


പോലീസ് ഉദ്യോഗസ്ഥൻ ഉടനെ തന്നെ ആ സ്ത്രീയിൽ നിന്നും പുച്ചയുടെ പേരും, ശരീര ലക്ഷണങ്ങളും, പതിവായി അത് പോകാറുള്ള പ്രദേശവും ചോദിച്ച് മനസ്സിലാക്കി.


എന്നിട്ട് ആ പ്രദേശത്ത് റോന്ത് ചുറ്റുന്ന പോലീസ് കോൺസ്റ്റബ്ൾമാർക്ക് (Beat Constables) വയർലെസ്സായി ഈ വിവരം പങ്കിടുന്നു. വന്ന വനിതയോട് സ്റ്റേഷനിൽ വിരുന്നുകാർക്കായുള്ള മുറിയിൽ കാത്തിരിക്കാൻ ആവശ്യപ്പെട്ടു.


കുറച്ച് കഴിഞ്ഞപ്പോൾ, നൽകിയ ലക്ഷണം ഒത്ത ഒരു പൂച്ചയെ ഒരു ബീറ്റ് കോൺസ്റ്റബ്ൾ കണ്ടെത്തിയതായി വിവരം ലഭിച്ചു. ഒരു കെട്ടിട നിർമ്മാണ ഇടത്ത് ഉയരത്തിൽ എന്തിലോ കുടുങ്ങിയിരിക്കുന്നു. ഉടനെ തന്നെ ഫയർ ഫോസിലേക്ക് ഈ വിവരം ഫോൺമുഖാന്തിരം അറിയിക്കുകയും, ചെയ്തു.


കുറച്ചു കഴിഞ്ഞപ്പോൾ, ഫയർഫോസിന്റെ വാഹനം പോലീസ്റ്റേഷന് മുന്നിലായി വന്നു നിൽക്കുന്നു. ഒരു ഫയർ ഫോസ് ഉദ്യോഗസ്ഥൻ പൂച്ചയെ ഒരു ചെറിയ ബാസ്ക്കറ്റിൽ കൊണ്ടുവന്ന്, കാത്ത് നിൽക്കുന്ന സ്ത്രീക്ക് നൽകുന്നു.


ഈ സംഭവത്തിന് സാക്ഷിയായി നിന്ന ജയറാം പടിക്കൽ നോക്കുമ്പോൾ ഇങ്ങിനെ ഒരു കാര്യം പോലീസും ഫയർഫോസും ചേർന്ന് നടത്തിയതിൽ ആ സ്ത്രീക്ക് അതിരു കടന്ന ആശ്ചര്യം ഒന്നും കണ്ടില്ല. ഇങ്ങിനെയുള്ള ഒരു സേവനം തികച്ചും ഒരു സാധാരണ സേവനമായാണ് ആ സ്റ്റേഷനിൽ കണ്ട വികാരം.


ഇന്ത്യയിൽ നിന്നും ഇങ്ഗ്ളണ്ടിൽ പോയ ഐപിഎസ് ഓഫിസർ-ട്രെയ്നിക്ക് ആകെ ആശ്ചര്യം. ഇങ്ങിനെ ഒരു ആവശ്യവുമായി ഒരു ഇന്ത്യക്കാരി ഒരു ഇന്ത്യൻ പോലീസ് സ്റ്റേഷനിൽ കയറിച്ചെന്നാൽ ഉളവാകുന്ന വികാരം എന്തായിരിക്കും എന്ന ചിന്തയായിരുന്നു ഈ ഉദ്യോഗസ്ഥന്.


മാന്യമായ ഭാഷാ കോഡുകളുള്ള ഒരു രാജ്യത്തിലെ പോലീസ് സ്റ്റേഷനിൽ നിന്നും ലഭിക്കുന്ന യതോരു പോലീസ് പരിശീലനവും, ഫ്യൂഡൽ ഭാഷാ കോഡുകളുള്ള ഒരു രാജ്യത്തിൽ ഉപയോഗിക്കാൻ ആവുന്നതല്ല. കാരണം മനുഷ്യർ തമ്മിൽ വ്യത്യസ്തമായ ബന്ധമാണ് ഫ്യൂഡൽ ഭാഷകൾ സൃഷ്ടിക്കുന്നത്.


ഇന്നത്തെ ഇങ്ഗ്ളണ്ട് എത്രമാത്രം മാറിപ്പോയിട്ടുണ്ട് എന്നും അറിയില്ല. ലണ്ടനിൽ 60%ത്തിൽ കൂടുതൽ പേർ പുറത്ത് നിന്നും കയറിവന്ന മറ്റ് ഭാഷക്കാരാണ്, ഇന്ന്.


ഇവിടെ സൂചിപ്പിക്കപ്പെട്ട ജയറാം പടിക്കൽ എന്ന ഐപിഎസ് ഉദ്യോഗസ്ഥൻ പിന്നീട് 1977 കാലഘട്ടത്തിൽ രാജൻ വധക്കേസിൽ പ്രതിചേർക്കപ്പെട്ടിരുന്നു. അന്ന് പത്രങ്ങളിൽ വന്ന വാർത്തകളിൽ, മനുഷ്യനെ ഉലക്ക ഉപയോഗിച്ച് ഉരുട്ടുന്ന വിദ്യ പഠിക്കാനാണ് ജയറാം പടിക്കൽ ഇങ്ഗ്ളണ്ടിലെ സ്ക്കോട്ട്ലന്റ് യാർഡിൽ പോയത് എന്ന് വരെ പത്രക്കാർ യാതോരു ഉളുപ്പുമില്ലാതെ എഴുതിയിരുന്നു എന്നും ഓർമ്മവരുന്നു.