ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

One    Two    Three    Four    Five    Six    Seven    Eight

Nine    Ten   Eleven    Twelve    Thirteen    Fourteen

40. ഇങ്ഗ്ളിഷിൽ പറഞ്ഞറിയിക്കാൻ വാക്കുകളില്ലാത്ത കാര്യങ്ങൾ

ഈ ഉപദ്വീപിലെ പാരമ്പര്യ അടിമത്തത്തെക്കുറിച്ച് വളരെയധികം പറയാനുണ്ട്. താൽപ്പര്യമുള്ളവർക്ക്, തിരുവിതാംകൂറിലെ പാരമ്പര്യ അടിമത്തത്തെക്കുറിച്ച് ഉള്ള വ്യക്തമായ രേഖകൾ REV. SAMUEL MATEER എഴുതിയ NATIVE LIFE IN TRAVANCOREൽ നിന്നും വായിക്കാവുന്നതാണ് (Chapter : Slavery). എന്നാൽ ഈ ഗ്രന്ഥത്തിൽപ്പോലും ഭാഷാപരമായുള്ള തട്ട്തട്ടായുള്ള മാനസികവും സാമൂഹികവും ആയുള്ള അടിമത്തത്തെക്കുറിച്ച് ഒരു സൂചനപോലുമില്ല.


ഇവിടെ അതിലേക്കൊന്നും ഇപ്പോൾ പോകുന്നില്ല. മറിച്ച് ഒരു ചരിത്ര സംഭവം വിവരിച്ച്കൊണ്ട് ഈ വിഷയവും, ഈ എഴുത്തിന്റെ ഒഴുക്കിന്റെ ദിശവിട്ടുള്ള പ്രയാണവും അവസാനിപ്പിക്കുകയാണ്.


തിരുവിതാംകൂർ രാജാവായ മാർത്താണ്ഡവർമ്മയും എട്ടുവീട്ടിൽപ്പിള്ളമാരെന്ന പ്രാദേശിക ഭൂജന്മിപ്രഭുക്കന്മാരും തമ്മിലുള്ള ഏറ്റുമുട്ടലുകളെക്കുറിച്ച് പലർക്കും അറിവുള്ളകാര്യമായിരിക്കാം. ഈ സംഭവ വികാസങ്ങളിൽ ഏറ്റവും നിർണ്ണായകമായി വന്നത്, മുൻരാജാവിന്റെ രണ്ട് പുത്രന്മാർ മാർത്താണ്ഡവർമ്മയെ കാണാൻവന്ന അവസരത്തിൽ ഉണ്ടായ പ്രശ്നമാണ്. ഇത് അവിടെ കലാശിച്ചത് ആ രണ്ടുപേരുടേയും മരണത്തിലാണ്. ഈ സംഭവത്തിൽ പ്രാദേശിക ഭാഷയിൽ ഉണ്ടായിരുന്ന കടുത്ത ഫ്യൂഡൽ കോഡുകൾക്ക് കാര്യമായ പങ്കുണ്ട്. ഈ കാര്യം പിന്നീട് ചരിത്രസംഭവങ്ങൾ എഴുതുന്ന ദിക്കിൽ പരാമർശിക്കാം.


ഈ സംഭവത്തിന് ശേഷം മാർത്താണ്ഡവർമ്മ എട്ടുവീട്ടിൽ പിള്ളമാരെയും അവരുടെ കുടുംബങ്ങളിലെ സ്ത്രീകളെയും, പിള്ളമാർക്ക് കൂട്ട് നിന്നിരുന്ന പോറ്റിമാരെയും, പട്ടാളത്തെ വിട്ട് പിടികൂടി. പിള്ളമാരെ ചങ്ങലയിൽകെട്ടിയാണ് നാഗർകോവിലിൽ ഉണ്ടായിരുന്ന രാജാവിന്റെ മുന്നിൽകൊണ്ടുവന്നത്.


ഇവർ സാധാരണ ജനം അല്ല, മറിച്ച് ഭൂപ്രഭുക്കളായിരുന്നു. വാക്ക് കോഡുകളിൽ ബഹുമാനം നൽകപ്പെടേണ്ടവരാണ്. ചങ്ങലയിൽ കെട്ടിയിട്ട് നിലത്തിട്ടാൽ വാക്ക് കോഡുകളിൽ, പട്ടാളക്കാർ എങ്ങിനെയാണ് ബഹുമാനം നൽകുക എന്ന് അറിയില്ല.


പോറ്റിമാരെ നാടുകടത്തി. പിള്ളമാരെ വധശിക്ഷയ്ക്ക് വിധിച്ചു.


എന്നാൽ അവരുടെ സ്ത്രീകൾക്കും അവരുടെ പെൺമക്കൾക്കും ലഭിച്ചതാണ് ഏറ്റവും ഭീകരമായ ശിക്ഷ. അവരെ വധ ശിക്ഷയ്ക്ക് വിധിച്ചില്ല. പകരം, കടലോരങ്ങളിലെ മുക്കുവർക്ക് അടിമകളായി വിറ്റു.


ഇങ്ഗ്ളിഷിൽ നിന്നും നോക്കിയാൽ ഈ ശിക്ഷയുടെ ക്രൌര്യം മനസ്സിലാകില്ല. കാരണം, അവരെ കൊല്ലുന്നില്ല, അടിക്കുന്നുമില്ല, മറ്റ് രീതിയിൽ പീഡിപ്പിക്കുന്നുമില്ല. ഇവരെ വാങ്ങിക്കുന്ന മുക്കുവർ ഇവരെ ചങ്ങലയിൽ ബന്ധിപ്പിക്കില്ല.


എന്നാൽ ഫ്യൂഡൽ ഭാഷാകോഡുകളിൽ നിന്ന് നോക്കിയാൽ, ഭൂപ്രഭുക്കളായ ഇവർ (മാർത്താണ്ഡവർമ്മുയുടെ കുടുംബത്തിന് തുല്യമായ പദവിയുള്ളവർ), അവരേക്കാൾ സാമൂഹികമായി വളരെ താഴെയുള്ള ജനക്കൂട്ടങ്ങളുടെ കീഴിലേക്കാണ് നീങ്ങുന്നത്. അവരുടെ 'നീ', 'എടീ', 'അവൾ', 'പെണ്ണ്', വെറും പേര് വിളി തുടങ്ങിയ വാക്കുകളുടെ പ്രഹരത്തിലേക്ക്. എന്നാൽ ഇത് ഒരു പ്രഹരമായും കരുതാൻ ആവില്ലതന്നെ. കാരണം, ഈ വക വാക്കുകൾ മുക്കുവർ അവരുടെ സ്വന്തം സ്ത്രീകളോട് യാതോരു മര്യാദക്കുറവും ഉദ്ദേശിക്കാതെ തന്നെ ഉപയോഗിക്കുന്ന വാക്കുകളാണ്.


ഈ വാക വാക്കുകൾ അടിമകളായി വിൽക്കപ്പെട്ട വനിതകൾക്ക് ചങ്ങലകളെക്കാൾ ശക്തമായ ബന്ധനമാണ് നൽകുക. ഈ കാര്യം ഇങ്ഗ്ളിഷിൽ പറഞ്ഞ് മനസ്സിലാക്കിക്കാൻ പ്രയാസമാണ്. കാരണം, 'എടീ, ലച്മീ, നീ ആ പാത്രം ഇങ്ങെട്ക്ക്' (Lakshmi, you bring that vessel here) എന്ന വാക്യത്തിൽ കാര്യമായ ഒരു അടിമത്തം കാണാനാകില്ല. എന്നാൽ ഐഏഎസ്സുകാരന്റെ ഭാര്യയോട് ഓഫിസ് അടിച്ചുവാരുന്ന ആളിന്റെ ഭാര്യ ഇങ്ങിനെ പറയുന്നത് ഒന്ന് ആലോചിച്ച് നോക്കൂ.


ഫ്യൂഡൽ ഭാഷകളിലെ പൈശാചികത ഇങ്ഗ്ളിഷിൽ മനസ്സിലാക്കിക്കാൻ, ഇങ്ഗ്ളിഷിൽ വാക്കുകളില്ലതന്നെ.