ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

One    Two    Three    Four    Five    Six    Seven    Eight

Nine    Ten   Eleven    Twelve    Thirteen    Fourteen

44. ഇങ്ഗ്ളിഷ് ഉപയോഗിക്കുന്ന മറ്റുള്ളവർ

ഈ എഴുത്തുകാരന് ഈ ഉപഭൂഖണ്ടത്തിലെ പുരാണങ്ങളിലും ഐതിഹ്യങ്ങളിലും, കൃസ്ത്യൻ കഥകളിലും, ഇസ്ളാമിക കഥകളിലും ചെറുതായുള്ള അറിവ് ഉണ്ട്. മാത്രവുമല്ല, ശാസ്ത്രം, ഗണിതം, ചരിത്രം, രാഷ്ട്രതന്ത്രം തുടങ്ങി മറ്റ് പലകാര്യങ്ങളിലും ചെറുതും വലുതുമായ കാര്യങ്ങൾ ചെറിയ രീതിയിലെങ്കിലും അറിയാം. ഇവയോടെല്ലാം താരതമ്യം ചെയ്യുമ്പോൾ, കലർപ്പില്ലാത്ത ഇങ്ഗ്ളിഷ് പാരമ്പര്യങ്ങൾക്കും, സാഹിത്യത്തിനും, സാമൂഹിക ആശയവിനിമയത്തിനും കുടുംബ ബന്ധങ്ങൾക്കും വ്യക്തി സ്വാതന്ത്ര്യങ്ങൾക്കും മറ്റും ഒരു ഗുണമേന്മയുള്ള വ്യത്യാസം ഉണ്ട് എന്ന് ഉറപ്പിച്ച് പറയാനുള്ള വിവരം ഉണ്ട് എന്നാണ് പറയാൻ തോന്നുന്നത്.


മാത്രവുമല്ല, ഇവയെല്ലാത്തിനും ഒരു കലർപ്പില്ലാത്ത ഇങ്ഗ്ളിഷ് പരിവേഷം വന്നുചേർന്നാൽ, അവയ്ക്ക് കാര്യമായ ഗുണമേന്മ വന്നുചേരും എന്നും ഒരു തോന്നൽ.


ഇനി പറഞ്ഞ് തീർക്കാനുള്ള ഒരു ചെറിയ കാര്യം കൂടിയുണ്ട്.


ഈ അവതാരികയിൽ ഇങ്ഗ്ളിഷ് എന്ന ഭാഷയെക്കുറിച്ച് നിരന്തരം പ്രതിപാദിച്ചിട്ടുണ്ട്. ഇങ്ഗ്ളിഷ് എന്നുള്ളതും, അത് പ്രതിനിധാനം ചെയ്യുന്നതുമായ സംസ്ക്കാരത്തെക്കുറിച്ച് ഏതാനും കാര്യങ്ങൾ പറയാനുണ്ട്.


ഭൂഖണ്ട യൂറോപ്പിന് തികച്ചും പുറത്തായുള്ള ദ്വീപായ ബൃട്ടണിലെ ഇങ്ഗ്ളണ്ട് (England) എന്ന് പേരുള്ള പ്രദേശത്തിലെ പ്രാദേശിക ഭാഷയാണ് ഇങ്ഗളിഷ്. ബൃട്ടണിൽ പാരമ്പര്യമായി മൂന്ന് മറ്റ് ഭാഷകൾ ഉണ്ട്. ഐറിഷുകാരുടെ ഐറിഷ് (Irish) ഭാഷയും, സ്ക്കോട്ലന്റ്റ്കാരുടെ ഗാലിക്ക് (Gaelic) ഭാഷയും, വെൽഷ്കാരുടെ വെൽഷും (Welsh). ഇവ മൂന്നും സെൽട്ടിക്ക് (Celtic) ഭാഷകളാണ്.


ഈ എഴുത്തുകാരന്റെ പൊതുവായുള്ള നിഗമനം ഇവ മൂന്നിനും ഫ്യൂഡൽ ഭാഷാ സ്വഭാവങ്ങൾ ഉണ്ട് എന്നതാണ്. ഈ നിരീക്ഷണത്തിനുള്ള കാരണം ഇവിടെ ഇപ്പോൾ കുറിച്ചിടുന്നില്ല.


കലർപ്പില്ലാത്ത ഇങ്ഗ്ളിഷ് ഭാഷ നൽകുന്ന സാമൂഹിക ശക്തിയും സാമൂഹിക മഹിമയും അതിഗംഭീരമാണ്. താരതമ്യേനെ ചെറിയ ദ്വീപായ ബൃട്ടണിനെ ഭൂഖണ്ട യൂറോപ്പിലെ വൻ രാജ്യങ്ങളായ സ്പെയിൻ, ഫ്രാൻസ്, ജർമനി തുടങ്ങിയ പലരും പലരീതിയിൽ കീഴ്പ്പെടുത്താൻ നോക്കിയിട്ടുണ്ടെങ്കിലും, ഈ ഭാഷ കലർപ്പില്ലാതെ നിലനിർത്തിയിരുന്നത് കൊണ്ട്, ഈ ശ്രമങ്ങളൊക്കെ, അവിടെയും, ലോകത്തെമ്പാടും പരാജയപ്പെടുകയാണ് ചെയ്തത്.


എന്നാൽ, ഇന്ന് ഇങ്ഗ്ളിഷ് എന്ന പേരിൽ പല ദേശക്കാരും പല രീതിയിൽ ഈ ഭാഷ പഠിക്കുന്നുണ്ട്. മാത്രവുമല്ല, യുഎസ്ഏയിൽ പുറത്ത് നിന്നും ഇങ്ഗ്ളിഷ് അറിയാത്തവർവരെ വന്ന് ഇങ്ഗ്ളിഷ് സംസാരിക്കുന്നുണ്ട്. ഇവരെല്ലാംകൂടി, കലർപ്പില്ലാത്ത ഇങ്ഗ്ളിഷിനെ ഞെക്കിപ്പിരിച്ച് അവരവരുടെ സാമൂഹിക കീഴ്വഴക്കങ്ങൾക്ക് അനുസൃതമായി ഘടനപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.


ഇന്ത്യയിൽത്തന്നെ ഇങ്ഗ്ളിഷ് ഉപയോഗിക്കുന്നവരെ രണ്ട് കൂട്ടമായി തരംതിരിക്കാവുന്നതാണ്. ഒന്ന്, കലർപ്പില്ലാത്ത ഇങ്ഗ്ളണ്ടിലെ സാമൂഹീക ആശയവിനിമയ അന്തരീക്ഷത്തിന് അനുസൃതമായും, ആ ഭാഷയെ വികലപ്പെടുത്താതെയും ഉപയോഗിക്കുന്നവർ. ഇക്കൂട്ടരിൽ മിക്കവരും (അല്ലാത്തവരും ഉണ്ട്) ഇങ്ഗ്ളിഷ് ക്ലാസിക്കൽ സാഹിത്യവുമായി കാര്യമായി ബന്ധമുള്ളവരാണ്. മുൻകാല ഇങ്ഗ്ളണ്ടിനോട് മാനസികാടുപ്പം ഉള്ളവരാണ് ഇക്കൂട്ടരിൽ പലരും. ഈ പക്ഷം താരതമ്യേനെ അംഗംസംഖ്യയിൽ വളരെ കുറവാണ്.


രണ്ടാമത്തെക്കൂട്ടർ, ഇങ്ഗ്ളിഷിനെ വെറും ഒരു സാമൂഹിക പദവിയായും, സാമൂഹിക ഉന്നമന ആയുധമായും, തൊഴിൽ വേദിയിൽ ഉപയോഗിക്കാവുന്ന ഒരു പണിയായുധമായും ആണ് കാണുന്നത്. ഇവരിൽ ചിലരെല്ലാം (എല്ലാവരും അല്ല), പ്രാദേശിക ഭാഷയിലൂടെ പഠിച്ച് വളർന്ന് വന്ന്, പിന്നീട് ഇങ്ഗ്ളിഷ് പ്രാവീണ്യം നേടിയവരാണ്. ഇവർക്ക് ഇങ്ഗ്ളിഷ് ഭാഷയോട് പ്രത്യേകമായ കടപ്പാടോ, കൂറോ ഇല്ലതന്നെ. ഈ ഭാഷയ്ക്ക് എന്ത് സംഭവിച്ചാലും വലിയ മനപ്രയാസം ഇവർക്കില്ലതന്നെ. ഇവരിൽ പലരും അവരുടെ പാരമ്പര്യ ഭാഷയിലെ അസഭ്യവാക്കുകൾ വളരെ ലാഘവത്തോടുകൂടി ഉപയോഗിക്കാൻ സഹായിക്കുന്ന ഒരു സൌകര്യമായിട്ടാണ് ഇങ്ഗ്ളിഷിനെ കാണുന്നത്.


എന്നാൽ കലർപ്പില്ലാത്ത ഇങ്ഗ്ളിഷിൽ ഈ വക പദപ്രയോഗങ്ങൾ ഒരു തരം 'ഹറാം' തന്നെയായിരുന്നു.


ഇസ്ളാം വിശ്വാസികൾ മക്കത്തിനെ കാണുന്നത് പോലെയാണ് ആദ്യ പക്ഷം കലർപ്പില്ലാത്ത ഇങ്ഗ്ളണ്ടിനെ കാണുന്നത്. അതേ സമയം രണ്ടാം കൂട്ടർക്ക് ഇങ്ഗ്ളണ്ട് (എന്നുള്ളത് ഇടിച്ച് താഴ്ത്തിപ്പറയാനും, ഇടിച്ച്കയറി വിക്രിയങ്ങൾ കാട്ടാനും ഉള്ള ഒരു സൌകര്യപ്രദമായ വേദിയാണ്.