ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

One    Two    Three    Four    Five    Six    Seven    Eight

Nine    Ten   Eleven    Twelve    Thirteen    Fourteen

32. ഭാഷയും മുഖഭാവവും

ഇതേ പോലെ തന്നെയാണ് ഫ്യൂഡൽ ഭാഷയിലെ ഗാനാലാപനങ്ങളുടേയും സ്ഥിതി എന്നൊരു തോന്നൽ. വ്യക്തികളുടെ ശരീര ഭാഷ തികച്ചും വ്യത്യസ്തമായേക്കാം. ഉദാഹരണത്തിന്, 'കാട്' എന്ന സിനിമയിൽ വിജയശ്രീ അഭിനയിക്കുന്ന ഗാനം: 'എൻ ചുണ്ടിൽ രാഗമന്ദാരം....'


അതി മനോഹരമായ ഒരു ഗാനവും ചിത്രീകരണവും ആണ് ഇത്. എന്നാൽ, ഇങ്ഗ്ളിഷിൽ നിന്നും നോക്കിയാൽ, വ്യക്തിയുടെ ശരീരഭാഷ ഒരു സ്ത്രീയെന്ന നിലയിൽ ഇങ്ഗ്ളിഷിൽ ചിന്തക്കുന്ന ഒരു സ്ത്രീയുടേതിൽനിന്നും തികച്ചും വ്യത്യസ്തമായിരിക്കും.


'ആ മാറിൽ വീഴും ഞാൻ, പൂങ്കുലപോലെ, പൂങ്കുലപോലെ' എന്ന വരികളിൽ വിജയശ്രീ അഭിനയിക്കുന്ന ശാരീരിക വർണ്ണന, ഇങ്ഗ്ളിഷ് വ്യക്തി ബന്ധങ്ങളിൽ ഉണ്ടോ എന്ന് അറിയില്ല. അതേ സമയം, മലയാള വ്യക്തി ബന്ധങ്ങളിലും യഥാർത്ഥത്തിൽ ഇങ്ങിനെയൊരു വ്യക്തി ബന്ധ മാനസികാവസ്ഥ ഉണ്ട് എന്നും തോന്നുന്നില്ല. എന്നാൽ, മലയാളത്തിൽ, വാക്കുകൾക്ക് ചിറക് വിരിക്കാനുള്ള സ്ഥലവ്യാപ്തി അങ്ങ് ഗന്ധർവ്വലോകം വരെ ഉണ്ട് എന്നുള്ളത് കൊണ്ട്, എന്ത് എഴുതിയാലും, ആസ്വാദ്യക്കുറവുള്ളതായും അസ്വാഭാവികമായും തോന്നില്ല.


ഇതേ കഴിവ് ഇങ്ഗ്ളിഷിനും ഉണ്ട് എന്ന് അരെങ്കിലും പറഞ്ഞാൽ, ഇതിനുള്ള ഉത്തരം, ഫ്യൂഡൽ ഭാഷകളിൽ മനുഷ്യവ്യക്തിത്വവും, സംവിധാനങ്ങളുടെ വ്യക്തിത്വവും നിസ്സാരവാക്ക് കോഡുകളിലൂടെ അമാനുഷികവും, അതുമല്ലെങ്കിൽ അതി നിസ്സാരവും ആക്കാനാകും എന്നുള്ള കഴിവ് ഇങ്ഗ്ളിഷിൽ ഇല്ലേയില്ല എന്നുള്ളതാണ്.


ഭാഷ കേൾക്കുകയും മനസ്സിലാക്കുകയും ചെയ്യുമ്പോൾ, വ്യക്തിയുടെ മാനസികാവസ്ഥ ആ ഭാഷക്കാരുടേതിലേക്ക് നീങ്ങും എന്നു പറയുന്നത് ഇങ്ഗ്ളിഷിനും ബാധകമാണ്. ഇങ്ഗ്ളിഷ് ഭാഷ കേൾക്കുകയും മനസിലാക്കുകയും ചെയ്യുമ്പോൾ, വ്യക്തിയിൽ മാനസികമായ മാറ്റങ്ങൾവരും എന്നുള്ളത് വാസ്തവമാണ്. എന്നാൽ ഇത് എങ്ങിനെയായിരിക്കും എന്നും ഇതിന്റെ ദിശ എങ്ങോട്ടായിരിക്കും എന്നും ഉള്ളത്, ആ വ്യക്തിയിൽ ഉള്ള ഫ്യൂഡൽ ഭാഷയുടേയും കേൾക്കുന്ന ഇങ്ഗ്ളിഷിന്റെയും ശക്തിയേയും ദിശാ ഘടകാംശത്തേയും ആശ്രയിച്ചിരിക്കും. ഫലമായി വരുന്നത് ഇവ രണ്ടിന്റേയും ത്രിമാനഗണിത ഘടകാംശം (Trigonometric component) ആയിരിക്കും.


തമിഴ് നന്നായി സംസാരിച്ചു ജനിച്ച് വളരുന്ന ആൾക്ക് തമിഴന്റെ മുഖഭാവവും, ഹിന്ദി സംസാരിച്ച് വളരുന്ന ആൾക്ക് ഹിന്ദിക്കാരന്റെ മുഖഭാവവും മറ്റും ഉണ്ടാവും എന്ന് പൊതുവായി പറയാമെങ്കിലും, ഫ്യൂഡൽ ഭാഷകളിൽ യഥാർത്ഥത്തിൽ ഇങ്ങിനെമാത്രമല്ല മുഖഭാവത്തേയും ശരീരപ്രകൃതിയേയും ഭാഷാകോഡുകൾ രൂപകൽപ്പനചെയ്യുന്നത്.


ഫ്യൂഡൽ ഭാഷകളിൽ, ആ വ്യക്തി ഭാഷാ കോഡുകളിൽ ഏത് നിലവാരത്തിൽ ജനിച്ച് വളർന്നതാണ് എന്നതും, ഏത് തരക്കാരുടെ വാക്ക്-കോഡുകളുടെ ചുറ്റിക പ്രഹരവും ഉളിപ്രയോഗവും അതുമല്ലെങ്കിൽ താലോലവും മറ്റും അനുഭവിച്ചിട്ടുണ്ട് എന്നും, ഏതെല്ലാം രീതിയിലുള്ള ചുരുട്ടലുകളും, വലിവുകളും ഉന്തലുകളും അനുഭവച്ചിട്ടുണ്ട് എന്നും ശാരീരിക ആകൃതിയേയും മുഖഭാവത്തേയും സ്വാധീനിക്കും. ഇതുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ പിന്നീട് പറയാം.


Edgar Thurston എഴുതിയ Castes & Tribes of Southern India (Vol 1) എന്ന ഗ്രന്ഥത്തിനോട് അനുബന്ധിച്ച് ഈ എഴുത്തുകാരൻ ഒരു കമന്ററി എഴുതിയിട്ടുള്ളതിൽ ഈ പ്രശ്നവുമായി ബന്ധപ്പെട്ട് ചിലകാര്യങ്ങൾ സൂചിപ്പിച്ചിട്ടുണ്ട്. തൽപ്പര്യമുള്ളവർക്ക്വായിക്കാം.