ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

One    Two    Three    Four    Five    Six    Seven    Eight

Nine    Ten   Eleven    Twelve    Thirteen    Fourteen

12. അടിക്കാനും, ചവിട്ടാനും, അസഭ്യം പറയാനും ഉള്ള അധികാരം

തിരുവിതാംകൂർ രാജ്യത്തിലെ രാജാവായിരുന്ന മാർത്താണ്ഡവർമ്മ, ഈ കൊച്ച് രാജ്യത്തിന് തൊട്ടുകിടക്കുന്ന പല ചെറുകിട രാജ്യങ്ങളായ കൊല്ലം, ചെൻകോട്ട, വള്ളിയൂർ, കൊട്ടാരക്കര, പത്മനാഭപുരം, നെടുമങ്ങാട്, കായംകുളം, അമ്പലപ്പുഴ, ചങ്ങനാശേരി, കോട്ടയം, ഏറ്റുമാനൂർ തുടങ്ങി പല പ്രദേശങ്ങളെയും തിരുവിതാംകൂറിന് കീഴിൽ വരുത്തി.


ഇതിന് ശേഷം, ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയോട് കടുത്ത കൂറ് പ്രഖ്യാപിക്കുകയും, ആ കമ്പനിക്ക് സർവ്വവിധ സഹകരണവും വാക്കാലും, പ്രവർത്തിയാലും നൽകി.


മാത്രവുമല്ല, തിരുവിതാംകൂറിനെ, ഈ കമ്പനിയുടെ സംരക്ഷണത്തിന് ചുവട്ടിൽ നിർത്തുകയും ചെയ്തു.


തുടർന്നുള്ള തിരുവിതാംകൂർ രാജാക്കളും റാണിമാരും ഇതേ നയംതന്നെ കുറച്ചും, കൂട്ടിയും തുടർന്നു.


തൊട്ടടുത്തുള്ള ഇങ്ഗ്ളിഷ് ഭരണത്തിന് കീഴിലുള്ള മെഡ്രാസ് പ്രസിഡൻസി പ്രദേശങ്ങളിലുള്ള എല്ലാവിധ ഭരണസംവിധാനങ്ങളുടേയും ഒരു പകർപ്പ് തിരുവിതാംകൂറിലും സാവധാനം ഓരോന്നായി സൃഷ്ടിച്ചു.


ലിഖിത നിയമങ്ങൾ, കോടതി, ഭരണയന്ത്രം, നികുതി പിരിക്കൽ, പോലീസ് തുടങ്ങി പലതും തിരുവിതാംകൂറിലും വന്നു. എന്നാൽ ഇവയെല്ലാംതന്നെ കടുത്ത അഴിമതിയുടെയും, അധികാര ദുർവ്വിനിയോഗത്തിന്റേയും പര്യായങ്ങളായിരുന്നു.


അന്നത്തെ അവസ്ഥയെക്കുറിച്ച്, അന്ന് Calcutta Review എന്ന പത്രത്തിൽ വന്ന വിവരണം നോക്കുക:


QUOTE: The courts of justice were so many seats of corruption and perversion of justice. Dacoits and marauders of the worst stamp scoured the country by hundreds; but these wore less feared by the people than the so-called Police. In short, Travancore was the veriest den of misrule, lawlessness, and callous tyranny of the worst description. END OF QUOTE


തർജ്ജമ:

നിയമ കോടതികൾ അഴിമതിയുടേയും അധർമ്മങ്ങളുടേയും കേന്ദ്രങ്ങളാണ്. കൊള്ളക്കാരും പിടിച്ചുപറിക്കാരും നാടുനീളം അഴിഞ്ഞാടുന്നു. എന്നാൽ ഇവരെക്കാൾ ജനങ്ങൾക്ക് ഭയം പോലീസ് എന്ന് പറയപ്പെടുന്നവരെയാണ്. ചുരുക്കിപ്പറഞ്ഞാൽ, ഏറ്റവും ഗുരുതരമായ നിയമരാഹിത്യത്തിന്റെയും, ദുർഭരണത്തിന്റെയും, നിഷ്ഠൂരഭരണത്തിന്റെയും വാസസ്ഥലമാണ് തിരുവിതാംകൂർ: തർജ്ജമയുടെ അന്ത്യം


ഇങ്ങിനെ ഇരിക്കെയാണ്, 1866ൽ തിരുവിതാംകൂറിൽ ഉള്ള John Liddelഎന്നുപേരുള്ള, കമേർഷ്യൽ ഏജന്റായ ഒരു ബൃട്ടിഷ് പൌരന് എതിരായി സർക്കാരിൽനിന്നും പണാപഹരണം നടത്തിയെന്ന ആരോപണം പ്രാദേശിക ഉദ്യോഗസ്ഥർ നടത്തിയത്. കേസ് നടത്തി രണ്ട് വർഷം തടവ് ശിക്ഷയും നൽകി.


ഇത് കാര്യമായ ഒരു പ്രശ്നമായി ഉയർന്നു. ബൃട്ടിഷ് പൌരന്മാരെ തിരുവിതാംകൂർ കോടതികൾക്ക് വിചാരണ ചെയ്യാനാവില്ല എന്ന നിലപാട് മെഡ്രാസ് പ്രസിഡൻസിയിലെ ഇങ്ഗ്ളിഷ് ഭരണകൂടം എടുത്തു.


ഇതിന് കാരണം, തിരുവിതാംകൂറിലെ പോലീസിനെ ഒരു ഇങ്ഗ്ളിഷ് വീക്ഷണകോണിൽ നിന്നും നോക്കിയാൽ പോലീസായി പരിഗണിക്കാനാവില്ല. കാരണം, അവരുടെ പെരുമാറ്റ രീതികളും, ചോദ്യചെയ്യൽ മുറകളും, അന്വേഷണ സമ്പ്രദായങ്ങളും, തികച്ചും, പ്രാകൃതവും, കൈയിൽകിട്ടിയവരെ കായികമായും മാനസികമായും ഉപദ്രവിക്കുകയും, അസഭ്യംപറയലും മറ്റുമായിരുന്നു എന്ന് മറ്റ് ചില രേഖകൾ തെളിവ് നൽകുന്നുണ്ട്.


ഈ വസ്തുത തിരുവിതാകൂർ സർക്കാർ നിഷേധിച്ചില്ലെങ്കിലും, തിരുവിതാകൂർ രാജ്യത്തിനുള്ളിലുള്ള എല്ലാവരും തിരുവിതാകൂർ പോലീസിന്റെ അധികാരപരിധിയിൽ ആണ് എന്ന നിലപാട് തിരുവിതാംകൂർ രാജ്യം എടുത്തു. ഇതുമായി ബന്ധപ്പെട്ട എഴുത്ത് ഇടപാടുകളിൽ, തിരുവിതാംകൂർ രാജ്യം ബൃട്ടിഷ്-ഇന്ത്യയുടെ ഭാഗമല്ലെന്നും സ്വതന്ത്ര രാജ്യമാണെന്നും തിരുവിതാംകൂർ സർക്കാർ രേഖപ്പെടുത്തുന്നുണ്ട്. തിരുവിതാകൂർ രാജ്യത്തിന് മേലുള്ള മേൽക്കോയ്മ ബൃട്ടിഷ് രാജാവിന് നൽകിയിട്ടില്ല എന്നും വാദിച്ചു.


ഇതുമായി ബന്ധപ്പെട്ട് പറയാനുള്ളത്, മറ്റ് ചില അമിത വിദ്യാഭ്യാസ യോഗ്യതയുള്ള ബൃട്ടിഷുകാരുടെ വിഡ്ഢിത്തപരമായ നിലപാടാണ്. അവരിൽ പലരും പൊളിട്ടിക്കൽ സയൻസിലെ വൻകിട പുസ്തകങ്ങളും വായിച്ച്, പലതും ഉദ്ദരിച്ച് കൊണ്ട് തിരുവിതാംകൂറിന്റെ വാദത്തിന് പിന്തുണ നൽകി.


നിയമവശം നോക്കി മെഡ്രാസിലെ എഡ്വക്കറ്റ് ജെൻ-റൽ, തിരുവിതാംകൂറിന്റെ അവകാശം ശരിവച്ചു.


എന്നാൽ, 1874 വൈസ് റോയി ഇതിന് സമ്മതം മൂളിയില്ല.


തിരുവിതാംകൂറിലെ പൊതുജനത്തെ അവിടുള്ള പോലീസിന് അടിക്കാനും, ചവിട്ടാനും, അസഭ്യം പറയാനും മറ്റും ഉള്ള അധികാരം ബൃട്ടിഷ് പൌരന്മാരിൽ നടപ്പാക്കാൻ ആവില്ല എന്നതിനോട് തിരുവിതാംകൂർ ഉദ്യോഗസ്ഥർക്ക് യോജിക്കാനായില്ല. അവർ അതിനായി പലവിധ ന്യായങ്ങലും രേഖാപ്രകാരം മുന്നോട്ട് വച്ചു.


ഈ പ്രശ്നത്തിന്റെ നിയമവശം അല്ല മെഡ്രാസിലെ ഇങ്ഗ്ളിഷ് ഭരണം നോക്കിയത്. മറിച്ച്, ബൃട്ടിഷ് പൌരന്മാരെ തിരുവിതാംകൂർ പോലീസ് തൊടാൻ പാടില്ല എന്ന നിലപാടാണ്. രണ്ട് പക്ഷവും മനുഷ്യർ തന്നെയാണെങ്കിലും, മറ്റെന്തോ വ്യത്യാസം ഇവർ തമ്മിൽ ഉണ്ട് എന്നത് വ്യക്തമായിരുന്നു. ഈ വ്യത്യാസം ഭാഷാ കോഡുകളിൽ ആണ് തുടങ്ങുന്നത് എന്ന് രണ്ട് കൂട്ടരും അറിഞ്ഞില്ലാ എന്നാണ് കാണുന്നത്.

ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ V. Nagam Aiya എഴുതിയ TRAVANCORE STATE MANUALൽ കാണാവുന്നതാണ്.


എന്നാൽ ശ്രദ്ധിക്കാതെ പോകുന്ന മറ്റൊരു കാര്യം ഈ രേഖപ്പെടുത്തലിൽ അവശേഷിക്കുന്നുണ്ട്. തിരുവിതാകൂർ ബൃട്ടിഷ്-ഇന്ത്യയുടെ ഭാഗമല്ലായിരുന്നു എന്നത്. ഈ വിവരം അന്നുള്ള ബൃട്ടണിൽ പോലും മിക്കവർക്കും അറിവില്ലായിരുന്നു. ഈ അറിവില്ലായ്മ 1947ൽ ബൃട്ടിഷ്-ഇന്ത്യൻ പട്ടാളത്തെ ജിഹ്നയ്ക്കും നെഹ്റുവിനും വീതിച്ച് കൊടുത്തപ്പോൾ, ഉപദ്വീപിലെ സ്വതന്ത്ര നാട്ടുരാജ്യങ്ങളുടെ കഥകഴിച്ചു.