ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

One    Two    Three    Four    Five    Six    Seven    Eight

Nine    Ten   Eleven    Twelve    Thirteen    Fourteen

28. വാക്ക് കോഡിൽ നാറിപ്പോയാൽ, പിന്നെ ജീവിച്ചിട്ടെന്ത് കാര്യം

തിരുവിതാംകൂർ ചരിത്രത്തിൽനിന്നും രസകരമായ ഒരു സംഭവം ഇവിടെ കുറിച്ചിടാം. എന്നാൽ ഇവിടെ പറയാനുള്ളത്, ഇതു പോലുള്ള ആയിരക്കണക്കിന് സംഭവങ്ങൾ ഈ ഉപഭൂഖണ്ടത്തിൽ തലങ്ങുംവിലങ്ങുമായും, സമൂഹത്തിലെ നൂറുകണക്കിന് ജാതികളുടെ ഇടയിലും സംഭവിച്ചിട്ടുണ്ട് എന്നുള്ളതാണ്.


സമൂഹത്തെ ആകമാനം ഗ്രസിച്ചിരിക്കുന്നത് ഫ്യൂഡൽ ഭാഷാകോഡുകളാണ്. ഇവയുടെ കൽപ്പനകൾക്കനുസൃതമായേ വ്യക്തികൾക്ക് പ്രവർത്തിക്കാനും ചിന്തിക്കാനും ആവുള്ളു. സ്വതന്ത്രമായി മനുഷ്യന് ചിന്തിക്കാനും പ്രവർത്തിക്കാനും ആവും എന്നെല്ലാം പറയുന്നതിൽ കാര്യമായ പിഴവുണ്ട്. ഇക്കാര്യത്തെക്കുറിച്ച് പിന്നീട് എഴുതാം.


മാർത്താണ്ഡവർമ്മ കായംകുളവുമായി ഏറ്റ് മുട്ടിയപ്പോൾ, കായംകുളത്തിന് സഹായം നൽകിയവാരായിരുന്നു തെക്കംകൂറിലേയും (ചങ്ങനാശേരി) വടക്കംകൂറിലേയും (കോട്ടയം, ഏറ്റുമാനൂർ) മാഡംബിമാർ. ഇക്കാരണത്താൽ, തിരുവിതാംകൂർ ദളവ ഇവർക്ക് നേരെ തിരിഞ്ഞു.


മാഡംബിമാർ ഭൂപ്രഭുക്കളും, ജന്മിമാരും ആയിരുന്നു. ഇവരുടെ കീഴിൽ ഒച്ചപ്പാടും ബഹളക്കാരുമായ ഒരു സംഘം നായർമാരായി സൈനികരും ഉണ്ടായിരുന്നു. തിരുവിതാംകൂറിന്റെ പക്ഷത്തിൽ ഡി ലിനോയ് എന്ന് പേരുള്ള ഡച്ചുകാരനനായ പട്ടാള മേധാവി അച്ചടക്കമുള്ളതും, ആധുനിക സൈനിക പരേഡ് സമ്പ്രദായങ്ങളുടെ ചെറിയതോതിലുള്ള പരിശീലനം ലഭിച്ച പട്ടാളം ആയിരുന്നു ഉണ്ടായിരുന്നത്. മാത്രവുമല്ല, ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായുള്ള അടുത്ത ബന്ധം കാരണം, സംവിധാനങ്ങൾ വളരെ കാര്യക്ഷമവുമായിരുന്നു.


തിരുവിതാംകൂറിലെ ചെറിയ കൂട്ടം സൈന്യം തങ്ങളെ ആക്രമിക്കും എന്ന് കണ്ടപ്പോൾ, മാടംബിമാർ വെപ്രാളപ്പെട്ടു. എന്നാൽ ഈ പ്രശ്നത്തെ പ്രാദേശിക സമൂഹത്തിലെ ചില പെരുമാറ്റ കോഡുകൾ ഉപയോഗിച്ചുകൊണ്ട് തുരങ്കം വെക്കാം എന്ന് അവർ മനസ്സിലാക്കി. വിദേശത്ത് നിന്നും ബ്രാഹ്മണരായ യുവാക്കളെ കൊണ്ട് വന്ന്, അവരുടെ നായർ പടയാളികളുടെ മുന്നിൽ, അവർ നിരത്തി.


തിരുവിതാംകൂർ ദളവ, പട്ടാളത്തോട് ഇവർക്ക് നേരെ വെടി ഉയർത്തുവാൻ ആജ്ഞാപിച്ചു. എന്നാൽ, മുന്നിൽ യാതോര സങ്കോചവും ഇല്ലാതെ നിൽക്കുന്ന ബ്രാഹ്മണരെ കണ്ടപ്പോൾ, തിരുവിതാംകൂർ പട്ടാളം അന്ധാളിച്ചു. ബ്രഹ്മഹത്യ (ബ്രാഹ്മണരെ കൊല്ലുന്നത്) ഹൈന്ദവ ധർമ്മശാസ്ത്രങ്ങൾ പ്രകാരം കഠിനമായ പാപമാണ്. ഇത് ചെയ്തുകൊണ്ട് തിരിച്ച് വീട്ടിൽ പോയാൽ, വീട്ടിലും, സമൂഹത്തിലും തിരിച്ച് കയറാനാകില്ല. തിരുവിതാംകൂർ പട്ടാളം വെടിവെക്കാൻ തയ്യാറായില്ല. അവർ അനങ്ങിയില്ല.


തിരുവിതാംകൂർ ദളവ പ്രശ്നപരിഹാരത്തിന്, സമൂഹിത്തിലെ ഇതേ കോഡുകൾ തിരിച്ച് ഉപയോഗിക്കാൻ തീരുമാനിച്ചു.


കടലോരത്ത് നിന്നും മുക്കുവരെ തിരുവിതാംകൂർ പട്ടാളത്തിന് മന്നിൽ ദളവ നിരത്തി. താഴ്ന്ന ജാതിക്കാരായ മുക്കുവരുടെ അസഭ്യപ്രയോഗവും അട്ടഹാസങ്ങളും, എന്തിന് അവരുടെ സ്പർശനവും ഏൽക്കുക എന്നുള്ളത് ബ്രാഹ്മണ യുവാക്കൾക്ക് നാറുന്ന അഴുക്ക് തൊടുന്നതിന് തുല്ല്യമായ അനുഭവമാണ്. അവർ ജീവനും കൊണ്ട് ഓടി. മരണത്തെ ഭയപ്പെട്ടല്ല. മറിച്ച്, മരണത്തേക്കാൾ ഭയാനകമായ ഒരു അനുഭവത്തെ ഭയപ്പെട്ട്.


ബ്രാഹ്മണ കവചം നഷ്ടപ്പെട്ട മാടംബിമാരുടെ നായർ സൈനികർക്കും പിടിച്ച് നിൽക്കാനായില്ല. കാരണം, അവരുടെ അസഭ്യപ്രയോഗവും തരംതാഴ്ത്തിയുള്ള വാക്ക് പ്രയോഗവും മുക്കുവർക്ക് പ്രശ്നമല്ല. എന്നാൽ മുക്കുവരുടെ അസഭ്യപ്രയോഗം പോയിട്ട്, വെറും നീ, എടാ, എന്താടാ, അവൻ തുടങ്ങിയ പ്രയോഗങ്ങൾ അനുഭവിച്ചാൽ നായന്മാർ നാറിയത് തന്നെ.


ഒരു കൂട്ടം ഐഏഎസ്സുകാരെ കുറെ സാധാരണക്കാരുമായുള്ള കശപിശയിൽ, സാധാരണക്കാരുടെ ഇത്യാദി വാക്കുകൾ കേട്ടാൽ നിന്ന് പൊരുതാൻ തയ്യാറുള്ള ഐഏഎസ്സ്കാർ ഒരു നിശ്ചിത ശതമാനത്തിൽ കൂടുതൽ പേർ ഉണ്ടാവില്ല. കാരണം, കശപിശയിൽ അവരാണ് വാക്ക് കോഡുകളാൽ നാറുക.


മുകളിൽ നിൽകിയ വിധമുള്ള ചരിത്ര സംഭവങ്ങളെ അപഗ്രഥനം ചെയ്യുമ്പോൾ, ഈ പ്രദേശത്തിലെ ഫ്യൂഡൽ ഭാഷാ കോഡുകളെക്കുറിച്ചും, അസഭ്യവാക്ക് പ്രയോഗങ്ങളെക്കുറിച്ചും, വാക്ക് കോഡുകൾക്കും സാമൂഹിക നിലവാരങ്ങളിൽ അന്തർലീനമായിരിക്കുന്ന ദിശാ ഘടകാംശത്തെക്കുറിച്ചും (Vector Component) അറിവില്ലാ എങ്കിൽ, ദുരുദ്ധേശത്തോടുകൂടി കുരുട്ടു ബുദ്ധി ഉപയോഗിച്ച് എഴുതുന്ന കറെ കഥകളുടെ തരിശായ വിവരണമായി മാറും ചരിത്ര പഠനം. ഇതാണ് ഇന്നത്തെ ഔപചാരിക ലിഖിത ചരിത്രങ്ങളുടെ യഥാർത്ഥ നിലവാരം.