ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

One    Two    Three    Four    Five    Six    Seven    Eight

Nine    Ten   Eleven    Twelve    Thirteen    Fourteen

16. ഉള്ളുതുറക്കുന്നതിലെ ആപത്ത്

ദക്ഷിണേഷ്യൻ ഉപഭൂഖണ്ട ഫ്യൂഡൽ ഭാഷകൾ സൃഷ്ടിക്കുന്ന മറ്റൊരു മാനസിക പ്രതിഭാസമാണ് 'വെയ്റ്റിട്ട്' (weightഇട്ട്) നിൽക്കുക എന്നുള്ളത്. ഇത് പലപ്പോഴും ഇവിടുള്ള ഉദ്യോഗസ്ഥർ കാഴ്ചവെക്കുന്ന ഒരു മുഖഭാവവും, പെരുമാറ്റരീതിയും ആണ്. മറ്റ് പലരും ഇത് പ്രകടിപ്പിക്കാറുണ്ട്.


ഇങ്ങിനെ ചെയ്തില്ലെങ്കിൽ വ്യക്തിത്വം തരംതാണതായ് മറ്റുള്ളവർ ഗ്രഹിച്ചെടുക്കും എന്നുള്ളതാണ് ഭയം. ഇത് ശരിയുമാണ്. ലളിതമായി പെരുമാറുന്ന ആൾ, 'അദ്ദേഹത്തിൽ' നിന്നും 'അയാളും', 'അയാളിൽ' നിന്നും 'അവനും' ആകും. ഈ അറിവിന്റെ അടിസ്ഥാനത്തിൽ, സമൂഹത്തിൽ ആകമാനമായി പരുക്കൻ പെരുമാറ്റമാണ് മൂല്യമേറിയത് എന്ന വിശ്വാസം പരക്കെ പടർന്ന് പിടിക്കുന്നുണ്ട്.


ഇതുമായി ബന്ധപ്പെട്ട മറ്റൊരു കാര്യം, വ്യക്തികൾ അവരുടെ ബലഹീനതകളും, ഭയങ്ങളും, വിഷമങ്ങളും, വിഷമാവസ്ഥകളും, വേവലാതികളും, ജീവിത പരാജയങ്ങളും മറ്റും, മറ്റുള്ളവരോട് പങ്കിട്ട് മനസ്സമാധാനം നേടുക എന്നുള്ളതിലെ അപകടമാണ്. പലപ്പോഴും, ഔപചാരികമായി ബഹുമാനിക്കുന്നവർ, മേൽസ്ഥാനത്തിലുള്ളവരുടെ ഇദ്യാതി ഉള്ള് തുറക്കൽ കാത്തിരിക്കുന്നവരാണ്. ശക്തമായ ഔപചാരിക സ്ഥാനമില്ലാതെ, സാമൂഹികമായോ, തൊഴിൽസ്ഥാനപരമായോ ഭാഷാകോഡുകളിൽ താഴ്ന്നവരോട് ഉള്ള്തുറന്ന് കാര്യങ്ങൾ പങ്കിടുന്നത് ഭാഷാ കോഡുകൾ പ്രകാരം അപകടകരമാണ്.


കാരണം, സമൂഹം ഇങ്ഗ്ളിഷിലല്ല പ്രവർത്തിക്കുന്നത്. അതിനാൽ തന്നെ ഇങ്ഗ്ളിഷിലുള്ളതുപോലുള്ള ലളിതമായ പെരുമാറ്റങ്ങൾ അപകടം ചെയ്യും.


നേരിട്ടോ, അല്ലാതെയോ, ഭാഷാകോഡുകളിൽ താഴ്ന്നവരോട് ഉള്ള് തുറന്നാൽ, ഉടൻതന്നെയോ, അല്ലെങ്കിൽ അധികം കാലതാമസമില്ലാതെയോ മറ്റേ ആൾ, ഈ ഉള്ളുതുറന്ന ആളെ, 'അദ്ദേഹത്തിൽ' നിന്നും 'അയാളും', 'അയാളിൽ'നിന്നും 'അവനും' ആക്കും. 'സാറിൽ' നിന്നും, 'നിങ്ങളും', 'നിങ്ങളിൽ' നിന്നും 'നീ'യും വരെ ആക്കാം. ഇത് നേരിട്ട് ചെയ്യുന്നില്ലെങ്കിൽ മറ്റിടങ്ങളിൽ ഇത് ചെയ്യും.


ഇതിലുള്ള വ്യാപകമായ നീചത്വം ഇതാണ്: വ്യക്തികൾ പ്രശ്നങ്ങളിൽപ്പെട്ട് വിഷമിച്ച്, സാമൂഹിക വ്യക്തിത്വം നിലനിർത്താൻ ഉഴലുമ്പോൾ പലപ്പോഴും, ചുറ്റുമുള്ളവർ നേരെ വിപരീതമായി വാക്ക് കോഡുകളെ കമഴ്ത്തിമറിക്കുകയാണ് ചെയ്യുക. ഇതിനായുള്ള ഒരു അവസരമായാണ്, മറ്റേ ആളിന്റെ വിഷമാവസ്ഥയെ അവർ മനസ്സിലാക്കുക.


വാക്ക് കോഡുകൾ താഴുമ്പോൾ, പരാമർശിക്കപ്പെടുന്ന കാര്യങ്ങളുടെ മൂല്യം കുറയും. എന്തും പറയാം എന്ന നിലവരും.


ഇതിനാൽത്തന്നെ സാമൂഹികമായോ, തൊഴിൽസ്ഥാനപരമായോ വളരെ കീഴിൽപ്പെട്ടവരോടൊപ്പം, ചീട്ട്കളി (Playing Cards), മദ്യപാനം എന്നിവ കാര്യമായ ആപത്താണ്. പലപ്പോഴും, ബഹുമാനം നൽകണം എന്ന ഏടാകൂടം എങ്ങിനെയങ്കിലും ഒഴിവാക്കിക്കിട്ടാൻ ഉപയോഗിക്കുന്ന ഹീന തന്ത്രങ്ങളാണ് ഇവയിലേക്കുള്ള ക്ഷണം.