ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

One    Two    Three    Four    Five    Six    Seven    Eight

Nine    Ten   Eleven    Twelve    Thirteen    Fourteen

50. കുറുക്കുവഴികളിലൂടെ പ്രശ്നപരിഹാരത്തിന് മുതിരുന്നവർ

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രത്തെകുറിച്ചുള്ള ഒരു അനുഭാവ്യചിത്രീകരണം എഴുതുന്നതിന് മുൻപായി ഉള്ള അവതാരിക ഇവിടെ ഉപസംഹരിക്കുകയാണ്. ഈ അവതാരികയിൽ ഈ ഉപഭൂഖണ്ടത്തിനെ ആകമാനമായി ആവരണം ചെയ്യുന്നതും ഗ്രസിക്കുന്നതുമായ ഫ്യൂഡൽ ഭാഷകളുടെ സ്വഭാവ വിശേഷണങ്ങൾ ചിത്രീകരിക്കുകയാണ് ചെയ്തത്.


ചരിത്രത്തിന്റെ അനുഭാവ്യ ചിത്രീകരണം നൽകുന്നതിന് ഇത്രയും വിശാലമായി, കേവലം നിസ്സാരമായ, ഭാഷയെന്ന ഘടകത്തിന് ഇത്രമാത്രം പ്രാധാന്യം എന്തിന് നൽകിയെന്നൊരു ചോദ്യം മനസ്സിലുദിക്കുന്നുവെങ്കിൽ, പറയാനുള്ളത്, ചരിത്രത്തെ മാത്രമല്ല മറ്റ് പലതിനേയും ഭാഷാ കോഡുകളിലൂടെ വിശകലനം ചെയ്യേണ്ടതാണ് എന്നാണ്.


സാമ്പത്തിക ശാസ്ത്രം, സാമൂഹിക ശാസ്ത്രം, മനശ്ശാസ്ത്രം, രാഷ്ട്ര തന്ത്ര ശാസ്ത്രം, വൈവാഹിക ജീവിതം, തൊഴിൽ മേഖല, വിദ്യാഭ്യാസ മേഖല, ഭരണയന്ത്രം, പോലീസ് പെരുമാറ്റം, സോഷ്യൽ എൻജിനീയറിങ്ങ് (Social Engineering) തുടങ്ങി മറ്റെല്ലാ വിഷയങ്ങളിലും ഈ ഭാഷാ കോഡുകളെക്കുറിച്ചുള്ള വ്യക്തമായ വിവരം കാര്യമായതും, സൂക്ഷ്മമായതുമായ അറിവ് നൽകും. കാരണം, ഇങ്ഗ്ളിഷിൽ കാണുന്നത് പോലെയല്ല കാര്യങ്ങൾ. വ്യക്തികളും എല്ലാവിധ കാര്യങ്ങളിലും ഫ്യൂഡൽ ഭാഷാ കോഡുകൾ, അവയിൽ കോഡ്ചെയ്യപ്പെട്ടിട്ടുള്ള പ്രവർത്തനരീതികൾക്കനുസൃതമായി കാര്യങ്ങളെ സ്വാധീനിക്കും.


എന്നാൽ, ഈ വിഷയത്തെക്കുറിച്ച് ഒരു കാര്യം കൂടി പറയാനുണ്ട്. 'ജീവൻ' എന്ന പ്രതിഭാസത്തെയും, മനസ്സിനെയും (Brain software) മസ്ത്തിഷ്കത്തെയും, ഭൌതിക യാഥാർത്ഥ്യത്തേയും (Codes of reality) മറ്റും രൂപകൽപ്പന ചെയ്യുന്നതും, നിർവ്വഹണം ചെയ്യുന്നതുമായ അമാനുഷ സോഫ്ട്വേറുകളുമായി ഭാഷാകോഡുകൾക്ക് ബന്ധമുണ്ട്. ഈ വിഷയത്തെക്കുറിച്ച് പിന്നീട് ആവുമെങ്കിൽ പ്രതിപാദിക്കാം.


ഹോമിയോപ്പതിയെന്ന രോഗചികിത്സാ സമ്പ്രദായത്തിന്റെ പിന്നണിയിൽ പ്രവർത്തിക്കുന്ന യന്ത്ര സംവിധാനത്തെക്കുറിച്ചും ഇതിനോടൊപ്പം വിശകലനം ചെയ്യാനായേക്കാം.


ഭാഷാ കോഡുകൾ എന്ന വിശാലമായ വിഷയത്തെക്കുറിച്ച് യാതോരു വിവരവും ഇല്ലാതെയാണ് ഇന്ന് ഇന്ത്യയിൽ പല നിയമങ്ങളും നടപ്പിൽവരുത്തുന്നത്. കേവലം തരിശായ ഏതെങ്കിലും ഒരു ഔപചാരിക വിദ്യാഭ്യാസ ബിരുദത്തിന്റെ പിൻബലത്തോടു കൂടിയാണ് പലരും ഇതിന് മുൻകൈ എടുക്കുന്നത്.


ഇങ്ഗ്ളിഷ് ഭരണകാലത്ത്, ബൃട്ടിഷ്-ഇന്ത്യയിലെ (ഇവിടുണ്ടായിരുന്ന സ്വതന്ത്ര രാഷ്ട്രങ്ങളിലെ അല്ല) ജനക്കൂട്ടങ്ങളിലെ വിവിധ വ്യത്യസ്ത ഘടകങ്ങളുടെ സാമൂഹിക പെരുമാറ്റങ്ങളെയും താൽപ്പര്യങ്ങളെയും കണക്കിൽ എടുത്ത്, വളരെ ശ്രദ്ധയോടും, സൂക്ഷ്മമായും, ക്രമേണയും മറ്റുമായി നടപ്പിൽ വരുത്തിയ നിയമങ്ങളിൽ, ഇന്ന് ഗഹനമായുള്ള യാതോരു ശ്രദ്ധയും ഇല്ലാതെ, ദുരവ്യാപകമായ സാമൂഹിക സ്വാധിനം ചെലുത്തുന്ന മാറ്റങ്ങൾ യാതോരു ലക്കും ലഗാനും ഇല്ലാതെ വരുത്തുന്നുണ്ട്.


എല്ലാറ്റിനും ഏകമായ ഒരു സിവിൽകോഡ് എന്ന ആശയംതന്നെ വിപത്തുകൾ നിറഞ്ഞതാണ്. കാരണം, ഇങ്ങിനെയുള്ള ഒരു നിയമം, വ്യത്യസ്ത മാനസിക അനുഭവങ്ങൾ നേരിടുന്ന ജനക്കൂട്ടങ്ങളുടെ വിചാര ധാരയെ കണക്കിലെടുക്കുന്നില്ല എന്നുള്ളതാണ് വാസ്തവം. എല്ലാവർക്കും ഒരുതരം ഒറ്റമൂലിയെന്ന രീതിയിൽ സർവ്വതിനേയും ബാധിക്കുന്ന, കുറുക്ക് വിദ്യാ പ്രയോഗമാണ് ഇന്ന് മിക്ക നിയമനിർമ്മാണവും.


വിദ്യാഭ്യാസം, ശൈശവ വിവാഹം, ചെറുപ്രായക്കാർക്ക് തൊഴിൽ ചെയ്യാനുള്ള അവകാശം, കുടുംബ ബന്ധങ്ങൾ, തൊഴിൽ ബന്ധങ്ങൾ എന്നിവയിലെല്ലാം വ്യത്യസ്ത ജീവിതാനുഭവങ്ങൾക്ക് ജനങ്ങളും, വ്യക്തികളും അനുഭവസ്ഥരാണ്. എല്ലാവരുടേയും മേൽ ഏകമായ ഒരു നിയമം നടപ്പിൽ വരുത്തുന്നതിന് മുൻപായി, ഈ വ്യത്യസ്ത വ്യക്തികൾ നേരിടുന്ന വ്യത്യസ്ത പ്രശ്നങ്ങൾ അറിഞ്ഞിരിക്കേണം, എന്നാണ് തോന്നുന്നത്.