ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

One    Two    Three    Four    Five    Six    Seven    Eight

Nine    Ten   Eleven    Twelve    Thirteen    Fourteen

6. ധൈര്യമല്ലാത്ത ധൈര്യം

ഇങ്ഗ്ളിഷുകാരിൽ ഒരു പ്രത്യേകതരം ധൈര്യം കാണാവുന്നതാണ്. എന്നാൽ ഇത് ഒരു ധൈര്യത്തിന്റെ ഉദാഹരണം ആയി ചിത്രീകരിക്കപ്പെട്ടാൽ ഇങ്ഗ്ളിഷുകാർ പൊട്ടിച്ചിരിക്കും എന്നാണ് തോന്നുന്നത്.


കാരണം, ഇത് ഒരു ധൈര്യത്തിന്റെ ഉദാഹരണമേ ആല്ല, അവരെ സംബന്ധിച്ചെടുത്തോളം.


ഈ ധൈര്യത്തിന്റെ ഒരു ചിത്രീകരണമാണ് താഴെ:


ഇങ്ഗ്ളണ്ടിലുള്ള ഒരു ഇങ്ഗ്ളിഷ് പൌരൻ ഒരു പ്രശ്നം നേരിടുന്നു. ഇതിന് പരിഹാരം കണ്ടെത്താൻ പോലീസിന്റെ സഹായം ആവശ്യമാണ്. ഈ ആൾ പോലീസ് സ്റ്റേഷയിൽ പോകുന്നു. തന്റെ പ്രശ്ന പരിഹാരം കണ്ടെത്താൻ സഹായിക്കാനാകുന്ന പോലീസ് വകുപ്പ് ജീവനക്കാരനെ ഈ ആൾ സമീപിക്കുന്നു. ആ ജീവനക്കാരന് മുന്നിൽ പ്രത്യേകമായ യാതോരു അനുവാദവുമില്ലാതെ തന്നെ കസേലയിൽ ഇരിക്കുന്നു. പോലീസ് വകുപ്പ് ഉദ്യോഗസ്ഥന്റെ പേരിന് മുന്നിൽ ഒരു Mr.റോ Mrs.ഓ ചേർത്ത്കൊണ്ട്, ആ ആളെ സംബോധന ചെയ്യുന്നു.


പോലീസ് ഉദ്യോഗസ്ഥൻ ഈ വന്ന ആളെ അതേ പോലെ പേരിനാലോ, പേരിന് മുന്നിൽ Mr.റോ Mrs.ഓ ചേർത്ത് കൊണ്ട് സംബോധന ചെയ്യുന്നു. ഇടക്ക് Sir എന്നും സംബോധന ചെയ്യുന്നു. ആഗതൻ പോലീസ് സ്റ്റേഷനിലെ മറ്റ് ഉദ്യോഗസ്ഥരെക്കുറിച്ച് പരാമർശിക്കുമ്പോൾ, ഇതേ പോലെ, Mr.റോ Mrs.ഓ പേരിന് മുന്നിൽ ചേർത്ത് കൊണ്ട് പരാമർശിക്കുന്നു.


ആഗതൻ കസേലയിൽ ഇരിക്കുന്നത് തന്നെ യോതോരു വിധേയത്വ ഭാവത്തോടും കൂടിയല്ല. മറിച്ച് മുന്നിൽ ഇരിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്റെ അതേ മാനസിക അന്തസ്സോടുകൂടിത്തന്നെയാണ് ഇരിക്കുന്നത്. ആഗതൻ തൊഴിൽ പരമായി ഒരു ടാക്സി ഡ്രൈവറോ, അല്ലെങ്കിൽ ലോഡിങ്ങ് തൊഴിലാളിയോ ആണ്.


ഈ ഒരു രംഗത്തിലെ മനുഷ്യവ്യക്തിത്വത്തെ യാതോരു വിധത്തിലും പാക്കിസ്ഥാനിലേയോ, ഇന്ത്യയിലേയോ ബങ്ഗ്ളാദേശിലേയോ ഉള്ള ഒരു സാമൂഹിക അന്തരീക്ഷത്തിലേക്ക് പകർപ്പെടുത്ത് അവിടങ്ങളിലുള്ള പൌരന്മാരുടെ മനസ്സിലും വ്യക്തിത്വത്തിലും തിരുകിക്കയറ്റാൻ ആവില്ലതന്നെ.


കാരണം, ഈ രീതിയിൽ യാതോരുവിധേയത്വമോ, അധമത്വമോ, ഭയപ്പാടോ, ആത്മനിന്ദയോ ഇല്ലാതെ പൌരന്മാർ ഒരു പോലീസ് സ്റ്റേഷനിൽ പോയി സർക്കാർ സേവനം ആവശ്യപ്പെടാനുള്ള ധൈര്യം കാണിച്ചാൽ അത് ധൈര്യമായല്ല കണക്കാക്കപ്പെടുക. മറിച്ച് തനി തെമ്മാടിത്തവും, അധികപ്രസംഗവും, താന്തോനിത്തവും ആയിട്ടാണ് ഏവരും കാണുകയും വിലയിരുത്തുകയും ചെയ്യുക.


വലിയ ബന്ധങ്ങളില്ലാത്തതോ, അല്ലെങ്കിൽ ഔദ്യോഗകമായി വലിയ പദവിയില്ലാത്തതോ ആയ ഒരാൾ ഇങ്ങിനെ പെരുമാറിയാൽ, അയാൾക്ക് ബുദ്ധി ഭ്രമമുണ്ട് എന്നാണ് ന്യായമായും കരുതപ്പെടുക. പോലീസുകാർ ഇങ്ങിനെയുള്ള വ്യക്തിത്വങ്ങൾ ഉള്ള ആളെ ഒന്ന് ശരിക്കും പരുമാറി, അയാളിലുള്ള ഈ ബുദ്ധിഭ്രമം അവിടുന്ന് തന്നെ ചികിത്സിച്ചെടുക്കാൻ ഒരുമ്പെടും.


അതേ സമയം ഇത് ഒരു വൻ ധൈര്യമായി ഇങ്ഗ്ളിഷുകാരോട് സൂചിപ്പിച്ചാൽ, ഇതിലെന്ത് ധൈര്യം ഇരിക്കുന്നു എന്ന് അവർക്ക് വിസ്മയം തോന്നാനുള്ള വകയുണ്ട്.


ഇവിടെ ഈ വൻ മനുഷ്യ വ്യക്തിത്വ വ്യത്യാസം സൃഷ്ടിക്കുന്നത് ഭാഷാ കോഡുകളാണ്. മനുഷ്യരെ പലതട്ടുകളായി തരംതിരിച്ച്, അവരിൽ പലർക്കും ആത്മനിന്ദ മനസ്സിൽകയറ്റിവിടുന്ന ഭാഷകളാണ് ഫ്യൂഡൽ ഭാഷകൾ.


ഇതുമായി ബന്ധപ്പെട്ട് രണ്ട കാര്യങ്ങൾ പറയാൻ ആഗ്രഹിക്കുന്നു. ഒന്ന് കേരളത്തിലെ ഒരു ഐപിഎസ് ഓഫിസർ പണ്ട് ഇങ്ഗ്ളണ്ടിൽ പോയപ്പോൾ ഉണ്ടായ ഒരു അനുഭവത്തെക്കുറിച്ചും മറ്റൊന്ന്, ഇങ്ഗ്ളിഷുകാരുടെ ഈ പെരുമാറ്റ സമ്പ്രദായം ഇന്ത്യൻ പോലീസുകാരോടോ, ഉദ്യോഗസ്ഥരോടോ കാണിച്ചാൽ എന്ത് സംഭവിക്കും എന്നും. ഉദാഹരണ സഹിതം.