ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

One    Two    Three    Four    Five    Six    Seven    Eight

Nine    Ten   Eleven    Twelve    Thirteen    Fourteen

24. ‘അവൻ’ ‘അദ്ദേഹത്തെ’ അടിച്ചിട്ടാൽ

'അവൻ'മാരോട് 'അദ്ദേഹ'ങ്ങൾ മത്സരിക്കാൻ നോക്കാറില്ല. കാരണം, 'അദ്ദേഹം' 'അവനെ' തോൽപ്പിച്ചിട്ട് കാര്യമില്ല. എന്നാൽ 'അദ്ദേഹത്തെ' 'അവൻ' തോൽപ്പിച്ചാൽ, ഒരു ഐതിഹാസിക സംഭവമായി മാറും, അവന്റെ ചുറ്റുപാടിൽ.


ഈ 'അവൻ', 'അദ്ദേഹം' വ്യത്യാസം ഇങ്ഗ്ളിഷിൽ ഇല്ലാത്തത് കൊണ്ട്, ഇങ്ഗ്ളണ്ടിൽ താമസിക്കുന്ന ഇങ്ഗ്ളിഷുകാർക്ക് കണ്ട 'അവന്മാ'രോടൊക്കെ പലതരം പന്തയങ്ങളിലും പങ്കെടുക്കുന്നതിലെ അപകടം മനസിലാകുന്നില്ല.


ഏതാണ്ട് 25വർഷങ്ങൾക്ക് മുമ്പ് കേരളത്തിലെ ഒരു വടക്കൻ ജില്ലയിൽ പോയപ്പോൾ ഒരു പ്രത്യേക കായികാഭ്യാസിയെ പൊതുവായി പരിചയപ്പെടുത്തുന്ന രീതി ശ്രദ്ധയിൽപെട്ടു.


'അറിയില്ലെ, രജനീഷിനെ (പേര് മറ്റിയാണ് നൽകുന്നത്)?, എസ്.പിയെ അടിച്ച രജനീഷിനെ?'


പട്ടണത്തിലെ അന്നത്തെ ഒരു മുഖ്യ ഹോട്ടലിലെ ബാറിൽ ഇരുന്ന് പോലീസ് എസ്.പിയും സുഹൃത്തുക്കളും ഭക്ഷണം കഴിക്കുന്നു. എസ് പി. സിവിൽ വേഷത്തിലാണ്. അതിനാൽതന്നെ ഇത് എസ്. പി. ആണ് എന്ന് മറ്റൊരാൾക്ക് അറിയൻ സാധ്യതയില്ല.


അടത്ത മേശയിൽ ഇരുന്ന് ഈ രജനീഷും സുഹൃത്തുക്കളും ഭക്ഷണം കഴിക്കുന്നു. രജനീഷ് സ്വന്തമായി ജിംനേഷ്യം നടത്തുന്ന ആളാണ്. ആ കൂട്ടത്തിൽനിന്നും എന്തോ വിനോദകരമായ പെരുമാറ്റത്തിനിടയിൽ ഒരു എല്ല് തെറിച്ച് എസ്.പി.യും സുഹൃത്തുക്കളുടേയും മേശപ്പുറത്ത് പ്ളെയ്റ്റിൽ വന്ന് വീഴുന്നു.


എസ്.പി എന്തോ പറഞ്ഞു. അത്, രജനീഷിന് ഇഷ്ടപ്പെട്ടില്ല. കാരണം, അയാൾ ഒരു കൂട്ടം അനുയായികളുടെ നേതാവായി ഇരിക്കുന്ന അവസരമാണ്. അയാൾ തിരിച്ച് സംസാരിച്ചു. വാക്കുകൾ കർക്കശമായി. എസ്.പി.ക്ക് ഭീരുത്വത്തിന്റെ ആവശ്യമില്ല. എസ്. പിയുടെ വാക്കുകൾ രജനീഷിന് പിടിച്ചില്ല.


തന്റെ തടിമിടുക്ക് കണ്ടാൽ ആരുംതന്നെ ഇങ്ങിനെ സംസാരിക്കാൻ തയ്യാറാവില്ല എന്ന് തോന്നിയതോ മറ്റോ. അയാൾ എഴുന്നേറ്റ് ചെന്ന് എസ്. പിയുടെ മുഖത്ത് ആഞ്ഞൊരടി.


പിന്നീട് എന്ത് സംഭവിച്ചു എന്ന് അറിയില്ല. എന്നാൽ പട്ടണത്തിൽ ഇത് ഒരു ഐതിഹാസിക കഥയായി. 'എസ്. പി. അടിച്ച രജനീഷിനെ അറിയില്ലേ?'


എസ്. പി, രജനീഷിനെ അടിച്ചാൽ അതിൽ യാതോരു ഐതിഹാസികതയും ഇല്ലതന്നെ.


മുകളിൽ നൽകിയ ചിത്രീകരണവുമായി ബന്ധപ്പെട്ട് ചിലകാര്യങ്ങൾ പറയാനുണ്ട്. പുരാണങ്ങളിലേക്കും പോകേണ്ടിവരും.