ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

One    Two    Three    Four    Five    Six    Seven    Eight

Nine    Ten   Eleven    Twelve    Thirteen    Fourteen

48. ഫ്യൂഡൽ ഭാഷകളും ഇസ്ലാമും

ഇസ്ലാം മതസ്തരുടെ വിശുദ്ധ ഖുറ്ആൻ അറബി ഭാഷയിലാണ് എന്ന് കാണുന്നു. അറബി ഭാഷയ്ക്ക് ഫ്യൂഡലിസം (ഉച്ചനീച്ത്വ കോഡുകൾ) കുറവാണ് എന്നാണ് പൊതുവായി ലഭിച്ച വിവരം. എന്നാൽ, അറബികളിൽ കാര്യമായ സാമൂഹിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി കാണുന്നു. ഇത് പ്രവാചകനായ മുഹമ്മദിന്റെ ജീവിതം വായിക്കുമ്പോൾ കാണുന്നുണ്ട്.


അറബി ഭാഷയിൽ സാമൂഹിക ആശയവിനിമയത്തിൽ പിശകായിട്ടുള്ളത് എന്താണ് എന്ന് അറിയില്ല. എന്നാൽ ഭാഷാ കോഡുകൾ പരിശോധിച്ചാൽ പിശകുണ്ടെങ്കിൽ അത് കണ്ടെത്താനായേക്കാം. എന്നാൽ, ചുറ്റുമുള്ള ഫ്യൂഡൽ ഭാഷക്കാരുടെ സ്വാധീനം സംസാര-അറബിയിൽ നിഴലിക്കുന്നുണ്ടാവാം. ഫ്യൂഡൽ ഭാഷക്കാർ ചുറ്റും ഉള്ളപ്പോൾ, അവരുടെ ഇടയിലെ സാമൂഹിക ഉച്ചനീചത്വങ്ങളെ ഉൾക്കൊള്ളാൻ ഭാഷയിലെ വാക്ക്-കോഡുകളിൽ മാറ്റം സംഭവിക്കും.


ഇത് ഇങ്ഗ്ളിഷിലും സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്.


പ്രവാചകനായ മുഹമ്മദിന്റെ ജീവചിരിത്രം ഒരു മലയാളി എഴുത്തുകാരൻ ഇങ്ഗ്ളിഷിൽ എഴുതിയതിൽ, ഇങ്ഗ്ളിഷ് വാക്യങ്ങളുടെ ഗുണമേന്മ വരുത്താനായി ഈ എഴുത്തുകാരൻ പ്രവർത്തിച്ചിട്ടുണ്ട്. അന്നാണ് പ്രവാചകനെക്കുറിച്ച് കാര്യമായ വിവരം ലഭിച്ചത്.


ഈ അവസരത്തിലാണ്, പല രീതിയിലും ഉച്ചനീചത്വ കോഡുകളോട് താദാത്മ്യത്തിലാവാൻ പ്രവാചകൻ താൽപ്പര്യം കാണിക്കാത്ത കാര്യം ശ്രദ്ധയിൽ വന്നത്. ഇത് തികച്ചും ഒരു ആശ്ചര്യകരമായ കാര്യമായിട്ടാണ് തോന്നിയത്.


താൻ കയറി വരുമ്പോൾ, വലിയ ആൾ വരുന്നു എന്ന ഭാവത്തിൽ അടിയാളത്തം സൂചിപ്പിക്കുന്ന രീതിയിൽ എഴുന്നേൽക്കരുത് എന്ന് പ്രവാചകന്റെ തന്നെയുള്ള താക്കീത് ഉണ്ടായിരുന്നു എന്ന് കാണുന്നു. ഈ കാര്യം വാസ്തവത്തിൽ ഇങ്ഗ്ളിഷ് ഭാഷാ ചട്ടങ്ങൾക്ക് താദാത്മ്യത്തിൽ ഉള്ള കാര്യമാണ്. ഇങ്ഗ്ളിഷിലെ സമത്വാധിഷ്ഠിത കോഡുകളോട് ഇങ്ങിനെ വ്യക്തമായി താദാത്മ്യം തോന്നിക്കുമാറ്, മറ്റാരും ഇങ്ങിനെയൊരു പ്രമാണം പ്രഖ്യാപിച്ചതായി അറിവില്ല.


ഈ താക്കീത്, പ്രവാചകന്റെ സ്വന്തം അനുയായികൾക്ക് തന്നെ, അവരുടെ സ്വന്തം കാര്യത്തിൽ പ്രാവർത്തികമാക്കാൻ ആയിരുന്നുവോ എന്ന് അറിയില്ല. ഉദാഹരണത്തിന്, പ്രവാചകന്റെ വളരെ അടുത്ത അനുയായിയായ അബുബക്കർ സിദ്ദിക്ക് ഇത് തന്റെ അനുയായികളോട് അനുവർത്തിക്കാൻ പറഞ്ഞിരുന്നോ എന്ന് അറിയില്ല.


ഫ്യൂഡൽ വാക്ക്-കോഡുകളുടെ പ്രശ്നത്തെക്കുറിച്ച് ഇസ്ളാം മതത്തിന് വിവരം ഉണ്ടായിരുന്നു എന്ന് തോന്നുന്നു. പ്രവാചകന്റെ പേരായ മുഹമ്മദ് എന്നത് തനിയായി ഉച്ചരിക്കാൻ പാടില്ല എന്നൊരു പ്രമാണം ഉണ്ട് എന്ന് അറിയുന്നു. ഇങ്ങിനെ ഒരു നിയമത്തിന് പിന്നിൽ പ്രവർത്തിച്ചത് എന്താണ് എന്ന് അറിയില്ല. എന്നിരുന്നാലും, ഫ്യൂഡൽ ഭാഷകളുടെ കോഡുകളെക്കുറിച്ചുള്ള ധാരണയാണോ ഇത് എന്നതിനെക്കുറുച്ചും അറിയില്ല. ആ നിയമം ഖുറ്ആനിൽ നിന്നുമാണോ, അതോ ഹദീസിൽ നിന്നുമാണോ എന്നും അറിയില്ല.


എന്നാൽ, ഇസ്ലാം ദക്ഷിണേഷ്യൻ ഉപഭൂഖണ്ടത്തിൽ പടർന്നപ്പോൾ, ഈ പ്രദേശങ്ങളിലെ ഫ്യൂഡൽ ഭാഷാ കോഡുകളുടെ പ്രഹരത്തെ നേരിടാൻ ചെറുതായെങ്കിലും ഒരു ശ്രമം നടന്നിട്ടുണ്ട് എന്ന് തോന്നുന്നു. ഇക്കാര്യത്തിൽ ക്രിസ്തീയ മതം ഈ ഉപഭൂഖണ്ടത്തിൽ ഭാഷാപരമായി എടുത്ത നിലപാടിൽനിന്നും വ്യത്യസ്തമായാണ് ഇസ്ലാം എടുത്ത നിലപാട് എന്ന് തോന്നുന്നു. ക്രിസ്ത്തീയർ വാക്ക് കോഡുകളുടെ ഏറ്റവും താഴത്തനിലയിലേക്ക് നീങ്ങി, 'അവൻ', 'നീ', തുടങ്ങിയ വാക്കുകളുടെ ആത്മബന്ധത്തിന്റെ നിലവാരങ്ങളാണ് ഉപയോഗപ്പെടുത്തിയത് എന്ന് തോന്നുന്നു.


അതേ സമയം ഇസ്ലാം പലയിടത്തും ഈ ഉപഭൂഖണ്ടത്തിലെ വാക്ക് കോഡുകളുടെ അള്ളിപ്പിടുത്തത്തിൽനിന്നും വിട്ടുനിൽക്കാനും, മതപരമായ ദിവ്യവ്യക്തിത്ത്വങ്ങളെ ഈ ഭാഷാകോഡുകളുടെ നിഷേധാത്മകമായ പിടിയിൽ വിട്ടുകൊടുക്കാതെയും നിലകൊണ്ടു എന്ന് തോന്നുന്നു.


പ്രവാചകനെ പരാമർശിക്കുമ്പോൾ, 'അദ്ദേഹം' എന്ന പദമാണ് ഉപയോഗിക്കുന്നത് എന്നാണ് തോന്നുന്നത്. പ്രവചകനെ ഏത് വാക്കിനാലാണ് സംബോധന ചെയ്യുന്നത് എന്ന് അറിയില്ല. എന്നാൽ, പ്രവാചകനോട് ദൈവത്തിനോടുള്ള പ്രാർത്ഥനയിൽ മദ്ധ്യസ്ഥം വഹിക്കാൻ ആവശ്യപ്പെടാറില്ല എന്നാണ് തോന്നുന്നത്. യേശുവിന്റെ കാര്യത്തിൽ, അങ്ങിനെയല്ല.


പ്രവാചകനെ 'നബി തിരുമേനി' എന്ന് മലയാളത്തിൽ എവിടെയോ എഴുതിയത് കണ്ടതായി ഓർക്കുന്നു. ഈ 'തിരുമേനി' എന്ന പദപ്രയോഗം, മൌലികമായ ഇസ്ലാമിൽ ഉള്ളതാണോ എന്ന് ഒരു സംശയം. കാരണം, പ്രവാചകൻ ഇങ്ങിനെയൊരു നിലപാട് എടുത്തിരുന്നു എന്നു തോന്നുന്നില്ല.


പ്രവാചകനായ മുഹമ്മദുമായി നേരിട്ട് കുടുംബ ബന്ധമുള്ളവർ എന്ന് അറിയപ്പെടുന്ന തങ്ങൾമാരെയും, അവരുടെ കുട്ടികളെയും 'നീ' എന്നോ, 'ഇഞ്ഞി' എന്നോ സംബോധന ചെയ്യരുത് എന്നൊരു ചട്ടംതന്നെ സുന്നി ഇസ്ലാമുകരുടെ ഇടയിൽ ഉണ്ട് എന്ന് അറിയുന്നു. ഈ ഒരു പ്രശ്നം അറബിയിൽ ഉണ്ടായിരുന്നതാണോ എന്ന് അറിയില്ല. എന്നാൽ, തോന്നുന്നത്, ഉപഭൂഖണ്ടത്തിലെ ഭാഷകളുടെ ക്രൌര്യത്തിൽനിന്നും മതപരമായി ഔന്നിത്യത്തിൽ നിലകൊള്ളുന്ന വ്യക്തികളെയെങ്കിലും മാറ്റിനിർത്താനുള്ള ശ്രമമാകാം ഇത് എന്ന് തോന്നുന്നു. ഇതിനെക്കുറിച്ചും കാര്യമായ വിവരം ഈ എഴുത്തുകാരന് ഇല്ല.


പ്രവാചകനായ മുഹമ്മദിനെക്കുറിച്ച് വളരെ നല്ല അഭിപ്രായമേ പറയാനുള്ളു. അമിതമായ പ്രകോപനങ്ങൾക്കിടിയിലും അമിതമായ ആത്മസംയമനവും, മറ്റ് ജീവജാലങ്ങളോട് അനുകമ്പയും ഉള്ളതായാണ് കാണുന്നത്. മാത്രവുമല്ല, മനസ്സിൽ പകവച്ചില്ല എന്നു കാണുന്നു. പോരാത്തതിന് തന്നോട് കടുത്ത അപരാധം ചെയ്തവരോടും മാപ്പ് നൽകുന്നതും കാണുന്നു.


എന്നിട്ടും, ഇന്ന് ഇസ്ളാമിന് ലോകൈകമായിട്ടുള്ള നിർവ്വചനം പലദിക്കിലും ഇതിന് നേരെ വിപരീതമാണ്. ഇങ്ങിനെയൊരു സംഭവവികാസത്തിൽ, പലർക്കും ഉത്തരവാദിത്വം ഉണ്ട് എന്നത് ശരിയായിരിക്കാം. വ്യത്യസ്ത ഇസ്ലാം മതസ്തരുടെ പ്രാദേശിക ഭാഷാ സംസ്ക്കാരത്തിന് ഇതിലൊരു പങ്ക് ഉണ്ടാവാം. കാരണം, പ്രവാചകനായ മുഹമ്മദിന്റെ ഏറ്റവും നിസ്സാരമായി കാണാവുന്ന, താൻ കടന്നുവരുമ്പോൾ ബഹുമാന സൂചകമായി എഴുന്നേൽക്കേണ്ട എന്ന പ്രമാണം ഫ്യൂഡൽ ഭാഷകളിൽ നടപ്പില്ലതന്നെ.


വ്യക്തിപരമായതും, സാമൂഹികമായതും, മതപരമായതുമായ പ്രകോപനങ്ങളുടെ ഉറവിടം പലപ്പോഴും ഭാഷാകോഡുകളിലാണ് സ്ഥിതിചെയ്യുന്നത്. ഈ പ്രകോപനങ്ങളുടെ ഉറവിടത്തെ അന്വേഷിച്ച്, മതങ്ങളുടെ വിശുദ്ധ ഗ്രന്ഥങ്ങൾ പരിശോധിച്ചാൽ, യഥാർത്ഥ പ്രകോപനങ്ങളെ കണ്ടെത്താനാവില്ല, എന്നാണ് തോന്നുന്നത്. ഈ ഉപഭൂഖണ്ടത്തിലെ വർഗ്ഗീയ കലാപങ്ങൾക്ക് ഏറ്റവും കൂടുതൽ പ്രകോപനം നൽകിയത് ഭാഷാകോഡുകൾതന്നെയാണ്. തെക്കേ മലബാറിലെ മാപ്പിള ലഹളയുടെ പ്രകോപനങ്ങളിൽ പോലും, ഇത് കാര്യമായി പ്രവർത്തിച്ചിട്ടുണ്ട് എന്നാണ് തോന്നുന്നത്.


മറ്റ് ചിലകാര്യങ്ങളും പറയാനുണ്ട്. പിന്നീട് ആകാം.


ലോകത്തിന് മുഴുവനായും ഒരു ഭാഷ, ദൈവം നടപ്പിൽവരുത്തും എന്ന സങ്കൽപം പല ആദ്ധ്യാത്മിക സംസക്കാരങ്ങളും സൂചിപ്പിച്ചുകാണുന്നുണ്ട്. ആ ഭാഷ ഉച്ചനീചത്വ കോഡുകളുള്ളതാവുമോ, അതോ നിരപ്പുള്ള കോഡുകൾ ഉളളതായിരിക്കുമോ എന്നത് കണ്ടറിയേണ്ടിയിരിക്കുന്നു.