ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

One    Two    Three    Four    Five    Six    Seven    Eight

Nine    Ten   Eleven    Twelve    Thirteen    Fourteen

29. ഫ്യൂഡൽ ഭാഷകളിലെ മാസ്മരിക സൌന്ദര്യം

ദക്ഷിണേഷ്യൻ ചരിത്രം എഴുതുന്നതിന് മുൻപായുള്ള ഈ അവതരിക ഉപസംഹരിക്കാൻ ഒരുങ്ങുകയാണ്.


ഫ്യൂഡൽ ഭാഷകളെക്കുറിച്ച് അനവധി കാര്യങ്ങൾ പറയാനുണ്ട്. അവ അവസരം ലഭിക്കുകയാണെങ്കിൽ എഴുതാം.


ഇനി പറയാനുള്ളത് ഫ്യൂഡൽ ഭാഷകളുടെ സൌന്ദര്യത്തെക്കുറിച്ചാണ്. ഈ വസ്തുത ഇങ്ഗ്ളിഷുകാർക്കും അവ്യക്തമായി ഒരു സൂചനപോലെ അറിയാം എന്ന് തോന്നുന്നു. കാരണം, ഫ്രഞ്ച് ഭാഷ അതീവ സുന്ദരമാണ് എന്ന് ഇങ്ഗ്ളിഷുകാർക്ക് ഇടയിൽ ഒരു തോന്നൽ ഉണ്ടായിരുന്നു എന്ന് തോന്നുന്നു. തീർച്ചയില്ല.


വാസ്തവമാണ്, ഇങ്ഗ്ളിഷിൽ ഇല്ലാത്ത ഒരു മാസ്മര സൌന്ദര്യം ഫ്യൂഡൽ ഭാഷകൾക്ക് ഉണ്ട്. അത് എന്താണ് എന്ന് വിശദീകരിക്കാൻ ശ്രമിക്കാം. ശ്രമം വിജയിക്കുമോ എന്ന് അറിയില്ല.


ഏതാണ്ട് 1974ന് ചുറ്റുപാടിൽ എറണാകുളത്ത് ഒരു ഉൾപ്രദേശത്ത് പഠിക്കുന്ന കാലം. ക്ളാസിലെ ഒരു വിദ്ധ്യാർത്ഥി പറഞ്ഞ കാര്യം. ശരിയാണോ എന്ന് അറിയില്ല, എന്നാൽ എട്ടാം തരത്തിൽ പഠിക്കുന്ന ഉൾനാടൻ ആളായത് കൊണ്ട് കഥ കൽപിതമല്ലായെന്നാണ് തോന്നുന്നത്.


അയാളുടെ വീട്ടിനടുത്ത് ഒരു നാടകം നടക്കാൻ പോകുന്നു. നാട്ടിലെ ഒരു സാമാന്യം നല്ല തടിമിടുക്കുള്ള ചെറുപ്പക്കാരൻ പോലീസ് ഇൻസ്പെക്ടറായി അഭിനയിക്കുന്നു. ഇൻസ്പെക്ടറുടെ യൂണിഫോം ഇട്ട്കൊണ്ട് റോഡിലൂടെ നടന്ന് വരുമ്പോൾ ഒരു ലോറി വരുന്നത് കണ്ടു. വെറുതെയൊന്ന് കൈകാട്ടി. ലോറി ഡ്രൈവർ വാഹനം നിർത്തി, കപട ഇൻസ്പെക്ടറുടെ മുന്നിൽ വന്ന് കുനിഞ്ഞുനിന്നു. കപട ഇൻസ്പെക്ടർ അഭിനയം വിട്ടില്ല. യൂണിഫോമിട്ടതിന്റെ സുഖം ഒന്ന് വേറെ തന്നെ. സാധാരണക്കാർക്ക് കിട്ടാത്ത ഒരു ഉന്മാദാവസ്ഥ.


ഇങ്ഗ്ളിഷിൽ ഇല്ലാത്ത പലവിധ മാനസിക ഭാവങ്ങളും ഫ്യൂഡൽ ഭാഷകളിൽ ഉണ്ട്. ഫ്യൂഡൽ ഭാഷാ കോഡുകൾ നൽകുന്ന ബഹുമാനത്തിന്റ അലൌകികമായ സുഖം യതോരു രീതിയിലും കലർപ്പില്ലാത്ത ഇങ്ഗ്ളിഷിൽ രചിക്കാനാവില്ല. ചേട്ടാ, മാഷെ, സാറെ, ചേച്ചി തുടങ്ങിയ രീതിയിലുള്ള സംബോധനകൾ ഏറ്റുവാങ്ങുമ്പോൾ ലഭിക്കുന്ന സുഖവും, വാത്സല്യവും എങ്ങിനെയാണ് ഇങ്ഗ്ളിഷിലെ നിരപ്പുള്ള വാക്ക് കോഡുകളിൽ പകർപ്പെടുക്കാനാവുക?


ആഗതനെ കാണുമ്പോൾ, മറ്റെയാൾ ബഹുമാന സൂചകമായി ഒന്ന് എഴുന്നേറ്റാൽ, ഇത് കാണുന്നമറ്റുള്ളവരിൽ ഉളവാകുന്ന മതിപ്പും, ആഗതന് തന്നെ വ്യക്തമായി അറിവ് ലഭിക്കുന്ന സാമൂഹിക പദവിയും ഇങ്ഗ്ളിഷിൽ പറഞ്ഞ് മനസിലാക്കിക്കുക എളുപ്പമല്ല. അത് പോലെതന്നെ, ഇതേ ആൾ കയറിവരുമ്പോൾ, മറ്റേയാൾ എഴുന്നേൽക്കാതിരുന്നാലുള്ള, മുഖത്തടിച്ചത് മാതിരിയുള്ള അനുഭവവും പറഞ്ഞറിയിക്കാൻ വളരെ പ്രയാസമാണ്.


ഓർക്കേണ്ടത്, ഈ വാക്ക് കോഡുകൾ, ഒരു യന്ത്രചാലക ചക്രം (flywheel) മാതിരിയുള്ള ഒരു കാര്യമാണ്. ഇവ ഓരോന്നും മറ്റ് കുറേ വാക്ക് കോഡുകളോടും കോർത്തിണക്കിയാണ് ഇരിക്കുന്നത്. ഒന്നിച്ചാണ് തിരിയുക. തിരിയുമ്പോൾ, ശക്തമായ മാറ്റങ്ങൾ മനുഷ്യനിലും, സമൂഹത്തിലും വരുത്തിത്തീർക്കും.


ഒരു സാധാരണക്കാരൻ ഒരു ഐപിഎസ് ഓഫിസറുടെ യൂണിഫോമിട്ട് കൊണ്ട് കുറച്ച് നേരം നാട്ടിൽ ഒന്ന് വിലസിയാൽ അയാൾക്ക് ലഭിക്കുന്ന സുഖം ഒന്ന് ആലോചിച്ചുനോക്കൂ.


യൂണിഫോം അഴിച്ച്, മുണ്ടും ബനിയനും ഇടുമ്പോഴേക്കും മാഞ്ഞു പോകുന്ന അൽപ്പായുസുള്ള മാസ്മരിക സുഖം മാത്രമാണ് ഇത്.


ഇത് പോലെ തന്നെയാണ് ഫ്യൂഡൽ ഭാഷകളിലെ സൌന്ദര്യവും.