ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

One    Two    Three    Four    Five    Six    Seven    Eight

Nine    Ten   Eleven    Twelve    Thirteen    Fourteen

38. അടിമത്തത്തെക്കാൾ മോശമായ അവസ്ഥ

അടിമത്തത്തെക്കുറിച്ച് പാഠപുസ്തകങ്ങളിൽ സൂചിപ്പിക്കപ്പെടുമ്പോൾ, തൊടുന്നനെ പ്രസ്താവിക്കുന്നത് യൂഎസ്എയിലെ ദക്ഷിണ പ്രദേശങ്ങളിൽ നടപ്പിലായിരുന്ന കാപ്പിരികളുടെ അടിമത്തമാണ്. എന്നാൽ വാസ്തവത്തിൽ ലോകത്തിൽ ഏറ്റവും നിസ്സാരമായ അടിമത്തവും ഇതായിരുന്നു.


ലോകത്തിലെ മിക്ക പ്രദേശങ്ങളിലും അടിമത്തം എന്നത് ഒരു സാധാരണ സാമൂഹിക സംഭവമായിരുന്നു. ഇങ്ഗ്ളണ്ടിൽ മാത്രം ഇത് ഇല്ലായിരുന്നു എന്നാണ് തോന്നുന്നത്. തീർച്ചയില്ല. പഴയകാല ഇങ്ഗ്ളിഷ് ചരിത്രങ്ങളും പുസ്തകങ്ങളും വായിക്കുമ്പോൾ, ഈ ചെറിയ പ്രദേശത്ത് ഇങ്ങിനെ ഒരു ജനക്കൂട്ടം ഉള്ളതായി സൂചിപ്പിക്കപ്പെടുന്നില്ല. മാത്രവുമല്ല, രണ്ടാം ലോക മഹായുദ്ധം കഴിയുന്നതോടുകൂടിയാണ് പുറത്തുള്ള ആളുകൾ ഇങ്ഗ്ളണ്ടിലേക്ക് അമിതമായി കടന്നുവരുന്നത്.


മാത്രവുമല്ല, ഇങ്ഗ്ളിഷ് സംസാരിക്കുന്ന ഒരു സാമൂഹികാന്തരീക്ഷത്തിൽ, അടിമകളും പണിക്കാരും മറ്റും സാമൂഹികമായി വലിയ അധമത്വം അനുഭവിക്കില്ല. കാരണം ഇങ്ഗ്ളിഷ് ഭാഷ അങ്ങിനെയുള്ളതാണ്. അവർ പെട്ടെന്ന് തന്നെ മറ്റുള്ളവരെ പോലെയാകും.


മുകളിൽ നൽകിയിട്ടുള്ള ചിത്രം പഴയകാല (1860കൾ) തലശ്ശേരിയിലെ തീയ്യ പണിക്കാരത്തി സ്ത്രീകളാണ്. ഇവർ അടിമകളല്ല. മറിച്ച് തൊഴിലാളികളാണ്. തീയ്യന്മാരിൽ ഭൂഉടമകളും മറ്റും ഉണ്ടായിരുന്നെങ്കിലും, സാമുഹീകമായി ഭാഷാകോഡുകളിൽ അടിത്തട്ടിൽ പെട്ടുപോയ തൊഴിലാളികളായ തീയ്യരും ഉണ്ടായിരുന്നു.


വളരെ പ്രത്യക്ഷമായിത്തന്നെ കാണാവുന്ന കാര്യമാണ്, ഈ സ്ത്രീകൾക്ക് അമേരിക്കയിലെ നീഗ്രോ അടിമകൾക്ക് ലഭിച്ച വ്യക്തിത്വ വളർച്ച ലഭിച്ചില്ലായെന്നത്. ഇത് അവരുടെ അർദ്ധ നഗ്ന വസ്ത്രധാരണത്താലല്ല സംഭവിച്ചത്. കാരണം, ഇവരേക്കാൾ ഉയർന്ന ജാതിക്കാരായ നായർമാരിലും വസ്ത്രധാരണത്തിൽ വലിയ വ്യത്യാസം ഇല്ലായിരുന്നു. അവർ ബ്രാഹ്മണരുടെ മുന്നിൽ മാറ് മറയ്ക്കാതിരിക്കുന്നത് ബഹുമാനസൂചകമായിട്ടായിരുന്നു.
Picture: Castes and Tribes of Southern India by Edgar Thurston


ഈ തീയ്യ പണിക്കാരികളെ അവരുടെ തന്നെ ജാതീയമായി താണ നിലയിലുള്ള കുടുംബക്കാരും, സാമുദായിക നേതാക്കളും തൊട്ട് മുകളിലുള്ള നായർമാരും (കുട്ടികൾ അടക്കം), അവരുടെ തൊഴിൽമേധാവികളും 'ഇഞ്ഞി', 'എടി', 'അളെ', 'എന്താളെ', 'ഐറ്റിങ്ങൾ', വെറും പേര് തുടങ്ങിയ വാക്കുകളാലാണ് നിർവ്വചിക്കപ്പെട്ടത്. ഈ വാക്ക് കോഡുകളുടെ പ്രഹരം ആണ് ഇവരുടെ അധമത്വത്തിന് കാരണം. പേരുകൾ തന്നെ ബ്രാഹ്മണമതത്തിൽ നിന്നുമുള്ളതായിരുന്നില്ല. ഉദാ. നാണി, ചിരുത, ചീരു, പിറുക്ക്, മാത &c.


മാത്രവുമല്ല, സാമൂഹികമായി ഉയർന്നവരുടെ ഗൃഹങ്ങളിൽ പോയാൽ, നിലത്തിരിക്കുക, ബഹുമാന സൂചകമായി കുനിയുക തുടങ്ങിയ പ്രശ്നങ്ങൾ നേരിട്ടിരുന്നു.


ഈ ഉപദ്വീപിൽ ഏതാണ്ട് 1890കൾ കാലഘട്ടത്തിൽ സാമൂഹികമായി കീഴിൽപെട്ടവരുടെ ഒരു ചിത്രം താഴെകൊടുക്കുന്നു. ഈ ആളുകളും രേഖാ പ്രകാരം അടിമകൾ അല്ല.അടിമത്തം മോശമായ അവസ്ഥയാണ്. എന്നാൽ, അതിനേക്കാൾ മോശമായ അവസ്ഥ അനുഭവിക്കേണ്ടിവരിക എന്നതാണ് കൂടുതൽ വേദനാജനകം. ഇതുമായി ബന്ധപ്പെട്ട് കുറച്ച് കൂടി പറയാനുണ്ട്. ചില സംഭവങ്ങൾ അടക്കം.