ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

One    Two    Three    Four    Five    Six    Seven    Eight

Nine    Ten   Eleven    Twelve    Thirteen    Fourteen

49. അനുഭവിച്ചറിഞ്ഞ് രണ്ട് വ്യത്യസ്തതരം അഭിരുചികൾ

Macaulayയുടെ 'English in taste' എന്ന വാക്യത്തെ എടുക്കാം. രുചി, അഭിരുചി, സ്വാദ് എന്നെല്ലാമുള്ളത് പലകാര്യങ്ങളിലും ആവാം. ഇത് നിസ്സാരമായ ഒരു കാര്യമായി തോന്നാമെങ്കിലും ഒരു വ്യക്തിയുടേയും സമൂഹത്തിന്റേയും മാനസിക നിലവാരം ഏത്രത്തോളം ഉയരത്തിലാണ് എന്നത് ഈ കാര്യങ്ങളിൽ പ്രതിഫലിക്കും എന്നുള്ളതാണ് വാസ്തവം.


ഈ എഴുത്തുകാരൻ പ്രീഡിഗ്രീക്കും (വിദ്യാഭ്യാസ വിദഗ്ദ്ധർ കാര്യമായതും ഗഹനവുമായ നീരീക്ഷണ പരീക്ഷണങ്ങൾക്ക് ശേഷം, ഗംഭീരമായ വിദ്യാഭ്യാസ പരിക്ഷ്കരണത്തിന്റെ ഭാഗമായി ഇന്ന് ഇതിനെ പ്ളസ് 1, പ്ളസ് 2 എന്നാണ് അറിയപ്പെടുന്നത്) ഡിഗ്രിക്കും പഠിക്കുന്നകാലത്ത്, രണ്ട് വ്യത്യസ്തതരം അഭിരുചികളെ അനുഭവിച്ചറിഞ്ഞിട്ടുണ്ട്.


ഒന്ന് ഇങ്ഗ്ളിഷ് ക്ലാസിക്കൽ സാഹിത്യ രചനകളും പഴയ കാല Phantom, Mandrake, Casper, Spooky, Wendy the good little witch തുടങ്ങിയ ഇങ്ഗ്ളിഷ് comicക്കുകൾ. മാത്രവുമല്ല, അക്കാലത്തുള്ള വളരെ മാന്യമായ ഭാഷകളിൽ എഴുതപ്പെട്ടിരുന്ന ഇങ്ഗ്ളിഷ് നോവലുകളും, കുട്ടികൾക്കായുള്ള ഇങ്ഗ്ളിഷ് നോവലുകളും മറ്റും. ഇങ്ഗ്ളിഷ് ക്ളാസികൽ സാഹിത്യത്തിൽ ഈ എഴുത്തുകാരന് ഏറ്റവും പ്രീയപ്പെട്ടവ Oscar Wildeന്റെയും Somerset Maughamന്റെയും രചനകളായിരുന്നു. ഇവയിലെ തനതായ കഥയ്ക്കല്ല മൂല്യം. മറിച്ച്, ഇങ്ഗ്ളിഷ് ഭാഷ ഒരുക്കുന്ന അതി ലോലമായ ആശയവിനിമയ അന്തരീക്ഷമാണ് അവയ്ക്ക് അന്യാദൃശമായ മേന്മ പകർന്നത്.


പോരാത്തതിന്, അന്നുള്ള ഇങ്ഗ്ളിഷ് അപസർപ്പക നോവലുകൾക്കും ഒരു ഗംഭീരമാന്യതയും മനുഷ്യ ഗുണമേന്മയും ഉണ്ടായിരുന്നു.


കലർപ്പില്ലാത്ത ഇങ്ഗ്ളിഷ് (pristine-English) രചനകളിലെ ലോകം, ഈ ഉപഭൂഖണ്ടത്തിലെ സാമൂഹികാന്തരീക്ഷത്തിൽ നിന്നും വീക്ഷിച്ചാൽ വളരെ ലളിതമായിരുന്നു. ഇവയിലുള്ള പ്രധാന വ്യത്യാസം ആശയവിനിമയത്തിൽ ഉച്ചനീചത്വം ഇല്ലാ എന്നുള്ളതായിരുന്നു.


ഈ ഭാഷാ അന്തരീക്ഷത്തിൽ, എല്ലാറ്റിനും ഒരു മയം ഉണ്ട്. എന്ത് കാര്യത്തിൽ ഏർപ്പെടുമ്പോഴും, മുന്നിൽ വന്ന ആൾക്ക് സ്വാഭാവികമായ മുൻഗണനാ അവകാശം ഉണ്ട്. വലിയ ആൾ, ചെറിയ ആൾ എന്ന വ്യത്യാസം ഇല്ലതന്നെ. കായികമായോ സംസാരത്തിലെ ശബ്ദത്തിലോ ഉള്ള ഗാംഭീര്യം പ്രദർശിപ്പിച്ചിട്ട് കാര്യമില്ല.


പ്രീഡിഗ്രിക്ക് പഠിച്ചത് തിരുവിതാംകൂറിലെ ഒരു പിന്നോക്ക ജാതിക്കാരുടെ സംഘടന നടത്തുന്ന ഒരു കോളേജിലായിരുന്നു. കോളേജിനുള്ളിലെ സംസാരം ഇത് ഒരു ഐതിഹാസിക കോളേജാണെന്നും, ദേശീയ നിലവാരത്തിൽ വൻ നേട്ടങ്ങൾ നേടിയ ഒന്നാണ് എന്നുമായിരുന്നു.


വർഷങ്ങൾക്ക് ശേഷമാണ് ഈ വിധമുള്ള അവകാശവാദങ്ങളുടെ യഥാർത്ഥ പൊരുൾ അറിയുന്നത്. ഗുണമേന്മയിൽ എത്രത്തോളം താഴെയാണ്, അത്രത്തോളും ഉയരത്തിലായിരിക്കും അവകാശവാദം.


പല സ്കൂളിലും, കോളേജിലും, ഈ വിധ വിഡ്ഢിത്തങ്ങൾ പറഞ്ഞ് പഠിപ്പിക്കുന്നുണ്ട്. ഏത് കുഗ്രാമത്തിലെ സ്കൂളുകൾക്കും ഈ വിധ അവകാശവാദങ്ങൾ ഉണ്ട്.


പോരാത്തതിന്, ഇന്ത്യയിലെ ഓരോ സംസ്ഥാനത്തിലും ഈ വിധം ചിന്തകൾ ഉണ്ട്. അതിനുമപ്പുറമാണ്, ഗുണമേന്മയിൽ കുറവുള്ള രാജ്യക്കാർക്കും ലോത്തിലെ ഏറ്റവും വലിയ പാരമ്പര്യത്തിന്റെ ഉടമസ്ഥർ തങ്ങളാണ് എന്ന അവകാശം. ഇന്ന് ആഫ്രക്കയിലെ പല പൊട്ട രാജ്യങ്ങളിൽ പോലും രണ്ടായിരം വർഷത്തിന് മുകളിലുള്ള ഗംഭീര പാരമ്പര്യത്തിന്റെ ഉടമസ്ഥരാണ് അവർ എന്ന അവകാശവാദം സ്ക്കൂൾ പാഠപുസ്തകങ്ങളിൽ സുലഭമാണ്.


വിഷയത്തിലേക്ക് തിരിച്ച് വന്ന്, പറയാനുള്ളത്, ഈ എഴത്തുകാരൻ പ്രീഡിഗ്രിക്ക് പഠിച്ച കോളജിൽ വന്നു ചേർന്ന മിക്ക വിദ്യാർത്ഥികളും തിരുവിതാംകൂറിലെ പ്രാദേശിക ഭാഷാ സ്ക്കൂളുകളിൽ നിന്നും പഠിച്ചു വന്നവരായിരുന്നു. ചെറുതായെങ്കിലും ഉള്ള ഇങ്ഗ്ളിഷ് പഠന പാരമ്പര്യത്തിൻ നിന്നുമുള്ള വിദ്യാർത്ഥികൾ അടുത്തുള്ള ഒരു ക്രിസ്ത്യൻ മാനേജ്മെന്റെ കോളേജിലാണ് പഠനത്തിന് പോയത്.


ഇതിൽ ഒഴിവായുള്ളവരും (exceptions) ഉണ്ടായിരുന്നു.