ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

One    Two    Three    Four    Five    Six    Seven    Eight

Nine    Ten   Eleven    Twelve    Thirteen    Fourteen

26. വിറങ്ങലിച്ച ഇങ്ഗ്ളിഷ് പഠനവും കുറെ വിഡ്ഢി വ്യാകരണ നിയമങ്ങളും

കേരളാ സിലബസ്സിൽ ഇങ്ഗ്ളിഷ് പഠിപ്പിക്കുന്നത് ഒരു തനി വിഡ്ഢിത്തമായിട്ടാണ് ആദ്യം തോന്നിയത്. ഇങ്ഗ്ളിഷ് തികച്ചും വ്യത്യസ്തമായി പഠിച്ച് വന്ന ഒരു വ്യക്തിയെന്ന നിലയിലാണ് ഈ കാഴ്ചപ്പാട് വന്നത്. എന്നാൽ ക്ളാസിലെ മറ്റ് വിദ്യാർത്ഥികൾക്ക് ഒരു വൻ വിഷയം പഠിക്കുന്ന പ്രതീതിയായിരുന്നു.


കീറക്കടലാസ് പോലുള്ള പാഠപുസ്തകം. വിരസമായ അച്ചടി. തനി തറനിലവാരത്തിലുള്ള പഠന പദ്ധതി.


ഓർമ്മയിൽ നിന്നും എടുത്ത് പറയുകയാണ്. അഞ്ചാംപാഠത്തിലെ പാഠം. 'This is my dog. His name is Tiger. Tiger is sitting. What is Tiger doing?' ഈ രീതിയിലാണ് ഇങ്ഗ്ളിഷ് പാഠപുസ്തകത്തിലെ പാഠം.


ഇങ്ഗ്ളിഷ് ക്ളാസിക്കൽ സാഹിത്യത്തിലെ അതീവ മധുരമുള്ള പംക്തികളും, ഗംഭീരങ്ങളായ ലളിത കഥകളും ഇങ്ഗ്ളിഷ് സമൂഹിക നിലവാരമുള്ള ചിത്രങ്ങളും മറ്റും തൊട്ടറിഞ്ഞിതിന് ശേഷം, ഈ വിധം തരിശായ ഒരു ഇങ്ഗ്ളിഷ് കണ്ടപ്പോൾ, ഇത് എന്ത് പഠനമാണ് എന്ന ഒരു തോന്നൽ വന്നു എന്നുള്ളത് വാസ്തവം തന്നെ.


ഇങ്ഗ്ളിഷും മലയാളവും തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടോ എന്നും, അങ്ങിനെ ഒരു വ്യത്യാസം ഉണ്ടെങ്കിൽ അത് എവിടെയാണ് എന്നും, യാതോരു വിവരവും ആരിലും കണ്ടില്ലതന്നെ. യതോരു രീതിയിലും അംഗീകരിക്കാൻ പറ്റാത്ത അർത്ഥങ്ങളാണ് പല ഇങ്ഗ്ളിഷ് വാക്കുകൾക്കും നൽകിക്കണ്ടത്.


പോരാത്തതിന് കുറെ വിഡ്ഢി വ്യാകരണ നിയമങ്ങളും.


അദ്ധ്യാപകർക്കും അദ്ധ്യാപികമാർക്കും ഇങ്ഗ്ളിഷ് അറിയില്ല എന്ന് വ്യക്തം. ഇങ്ഗ്ളിഷ് സാഹിത്യത്തെക്കുറിച്ച് യാതോരു എത്തും പിടിയും ഇല്ല. ഉച്ചാരണങ്ങൾ മുഴുവനും മിക്കവാറും വികൃതം.


ഈ ഉച്ചാരണങ്ങളെക്കുറിച്ച് കുറച്ച് കാര്യങ്ങൾ പറയാനുണ്ട്. മലബാറിൽ ഇങ്ഗ്ളിഷ് വിദ്യാഭ്യാസം പടർത്തിയത് ഇങ്ഗ്ളിഷ് ഭരണാധികാരികളാണ്. എന്നാൽ, ഇത് വളരെ തുച്ചമായ ഇടങ്ങളിലേ പടർന്നുള്ളു. ഇതിലും ഗൂഡപരമായ കാര്യങ്ങൾ ഉണ്ട് എന്നാണ് തോന്നുന്നത്:


സാധാരണ ജനങ്ങളുടെ കുട്ടികൾക്ക് തലശ്ശേരിപോലുള്ള ഇടങ്ങളിൽ, ഇങ്ഗ്ളിഷ് വിദ്യാഭ്യാസം വരുന്നത്, പ്രാദേശിക സമൂഹങ്ങളിൽ കാര്യമായ വേവലാതി പടർത്തി എന്നാണ് തോന്നുന്നത്.


ഉദാഹരണത്തിന്, തലശ്ശേരിയിൽ ഈ വിദ്യാഭ്യാസത്തിൽ അവിടുള്ള താഴ്ന്ന ജാതിക്കാരായ തീയ്യന്മാരുടെ കുട്ടികൾ ചേർന്നപ്പോൾ, വ്യക്തമായിത്തന്നെ രണ്ട് വ്യത്യസ്ത കൂട്ടർക്ക് ഇതിൽ പരിതാപം വന്നു എന്ന് അനുമാനിക്കാം. ഉയർന്ന ജാതിക്കാർക്കും, തീയ്യരിലെ സാമുദായിക നേതാക്കൾക്കും.


ഒന്നാമതായി, അവിടുള്ള നായന്മാർക്ക് ഇത് പ്രശ്നമായി. അവരുടെ വെറും പണിക്കാരന്മാരുടെ (പാളത്തൊപ്പിയും തോർത്ത്മണ്ടും ധരിക്കുന്ന തീയ്യന്റേയും അതേപോലെതന്നെ അർദ്ധ നഗ്നയായ തീയ്യത്തിയുടെയും) മക്കളുടെ കൂടെ സ്വന്തം കുട്ടികൾ പഠിക്കാൻ പോയാൽ, അവരിൽ വ്യക്തിത്വ തേയ്മാനം സംഭവിക്കും എന്നുള്ളത് തീർച്ചയാണ്.


ഈ കുട്ടികൾ, അവരുടെ കുട്ടികളെ പേര് വിളിക്കും. പോരാത്തതിന് 'ഇഞ്ഞ്', 'ഓൻ', 'ഓള്', 'എന്താനെ', 'എന്താളെ', എന്നൊക്കെ വിളിക്കും. ഇതിന്റെ ബാധ സമൂഹത്തിലെ സങ്കീർണ്ണമായ കണ്ണികളിലൂടെ നായർമാരുടെ സമൂഹത്തിന്റെ ബഹുമാന നിലവാരത്തെത്തന്നെ ബാധിക്കും.


അവരുടെ സ്ത്രീകൾ അടക്കം, അവരിലെ എല്ലാവരേയും ഇത് നിഷേധാത്മകമായി ബാധിക്കും.


ഇതിനേക്കാൾ ബാധിക്കുക, നായർമാരുടെ തന്നെ അധിപന്മാരായ ബ്രാഹ്മണ കുടുംബങ്ങളെയാണ്. അവർ വീട്ടിന്റെ അടുത്തുപോലും കയറ്റാത്തവരുടെ മക്കൾ, അവരുടെ സ്ത്രീകളെ ഈ വിധമുള്ള വാക്ക് കോഡുകളാൽ നിർവ്വചിക്കാൻ പോയാൽ, കാര്യങ്ങൾ വളരെ പരിതാപകരമാകും. അവരെക്കുറിച്ച്, അവരുടെ പണിക്കാരികൾക്കും, പണിക്കാരന്മാർക്കും എന്തും പറയാം, എന്തും ചിന്തിക്കാം, എന്നൊക്കെയാകും കാര്യങ്ങൾ.


ഇന്നുള്ള ഇന്ത്യൻ പട്ടാളത്തിലെ ശിപായി പട്ടാളക്കാരുടെ മക്കൾ പട്ടാള ഓഫിസർമാരേയും, അവരുടെ സ്ത്രീ ജനങ്ങളേയും, വെറും പേരിനാൽ വിളിക്കുകയും, ബഹുമാനമില്ലാതെ, 'ഉസ്' (അവൻ, അവൾ), 'തൂ' (നീ) തുടങ്ങിയ വാക്കിനാലും പരാമർശിക്കുകയും, സംബോധന ചെയ്യുകയും ചെയ്താലുള്ള അവസ്ഥ എന്താണ് എന്ന് അറിവുള്ളവർക്ക് അറിയാം. പട്ടാളച്ചിട്ട തന്നെ തകിടം മറിയും. അതിനുള്ള അവസരം പട്ടാള ഓഫിസർമാർ അനുവദിക്കില്ലതന്നെ.