ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

One    Two    Three    Four    Five    Six    Seven    Eight

Nine    Ten   Eleven    Twelve    Thirteen    Fourteen

22. 'ഞാനാണ് മുമ്പൻ' എന്ന് കാണിക്കാനുള്ള ഒരു ത്വര

ആകെക്കൂടെ എല്ലാരിലും ഒരു ഒച്ചയും ബഹളവും ഒരു ഭാഗത്ത്. മറുഭാഗത്ത്, ഒരു തരംതാണ ജനക്കൂട്ടത്തിന്റെ എല്ലാവിധ മാനസിക ഭാവങ്ങളും. എന്തിനും 'ഞാനാണ് മുമ്പൻ' എന്ന് കാണിക്കാനുള്ള ഒരു ത്വര.


എല്ലായിടത്തും ഒരു കൂട്ടംകൂടൽ. ക്യൂ എന്ന ആശയം നടപ്പിലാക്കണമെങ്കിൽ ഒരു അദ്ധ്യപാകനോ അദ്ധ്യാപികയോ ചുരലുമായി നിൽക്കേണം. എന്തും ആദ്യം ഓടി പിടിച്ചെടുക്കേണം.


'സാറേ/ടീച്ചറെ ഇവൻ, ഇത് ചെയ്തു, അത് ചെയ്തു', പരാതിപ്പെടുന്നതും, അതിന് പ്രോത്സാഹനം നൽകുന്നതുമായ ഒരു അന്തരീക്ഷം.


പിന്നീട് പലരും ഇങ്ങിനെയുള്ള വിദ്യാഭ്യാസത്തിലെ മൂല്യം പറഞ്ഞുതന്നിരുന്നു. കുട്ടികൾ 'street-smart' (എന്തിനും ഒരുമ്പെട്ട)തായി വളരും! അവർക്ക് ആണത്തം ഉണ്ടാകും. അപ്പോൾ പെൺകുട്ടികൾക്കോ എന്ന് ചോദ്യം മനസ്സിൽ ഉദിച്ചേക്കാം. ആണത്തമോ, പെണ്ണത്തമോ?


പ്രശ്നം ഇതല്ല. സാമൂഹികമായി ഒരു ഒച്ചപ്പാടും, പിടിച്ച് പറിയും, 'ഞാനാണ് മുമ്പൻ' എന്ന ഭാവവും, കാര്യം നേടലിന് എന്ത് അടിയാളത്തവും നൽകാമെന്ന ഭാവവും മറ്റുമാണ് ഇവിടെ പരിശീലിപ്പിക്കപ്പെടുന്നത്.


എപ്പോഴെങ്കിലും വിദ്യാർത്ഥികൾ ഒന്ന് ക്യൂവായി നൽക്കേണ്ടിവന്നാൽ, ഓരോ ആളും അയാളുടെ മുന്നിലുള്ള ആളുടെ തൊളിൽ കൈവച്ച് തന്നെയാണ് നിൽക്കുക. ഇത് ഒരു തരം അവകാശത്തിന് ഉപരിയായി, ഒരു അത്യന്താപേക്ഷിതമായ കാര്യമായി വരുന്നു. ഉന്തലും വലിക്കലും മറ്റും ഈ തരം ക്യൂകളുടെ രൂപമാണ്.


പത്ത്-പതിനേഴ് വർഷങ്ങൾക്ക് മുമ്പ് ഒരു വടക്കനിന്ത്യൻ പ്രദേശത്ത് കുറച്ച് കാലം താമസിച്ചിരുന്ന അവസരം. സാമ്പത്തികമായി കുറച്ച് പരിങ്ങലിൽ ആയിരുന്നു. ഒരു സർക്കാർ ബസ് പാസ് എടുക്കാനായി, അത് വിതരണം ചെയ്യുന്ന ഒരു സർക്കാർ ഓഫിസിൽ, അത് വിതരണം ചെയ്യുന്ന ഒരു കൌണ്ടറിന് മുന്നിലുള്ള ക്യൂവിൽ നിൽക്കാനിടവന്നു.


ചുറ്റും പ്രാദേശിക ഭാഷാ വിദ്യാഭ്യാസം നേടിയ സാമ്പത്തികമായും സാമുഹികമായും അവിടങ്ങളിൽ പിന്നിലായ ആളകുൾ. ഒച്ചപ്പാടും ബഹളവും. ഉന്തും തള്ളും. പിന്നിലുള്ള ആളുകൾ മുന്നോട്ടും പിന്നോട്ടും ആയുന്നു. പിന്നിലെ ആൾ മുന്നിലെ ആളുടെ ചുമലിൽ പിടിച്ചാണ് നിൽക്കുന്നത്.


എല്ലാം പോരാത്തതിന്, പലതരം ബഹുമാന-തരംതാഴ്ത്തൽ വാക്ക് പ്രയോഗങ്ങളും. എന്നുവച്ചാൽ, വ്യക്തമായി ഇവരുടെയെല്ലാം മുകളിൽ അധികാരമുള്ള ഒരു ആളുടെ അഭാവത്തിൽ, തമ്മിൽതമ്മിൽ സംസാരിച്ച് സ്വന്തമായി ഈ ആൾക്കൂട്ടത്തിന് ഒരു ആത്മസംയമനമോ, നിയന്ത്രണമോ വരുത്താനാവില്ലതന്നെ. കാരണം, പൊതുവായി ബഹുമാനിക്കുന്ന വ്യക്തി എന്തെങ്കിലും പറഞ്ഞാലെ ആരും അനുസരിക്കൂ. അല്ലാത്ത ആൾ പറഞ്ഞാൽ അടിപിടിയാകും.


പഴയ Anglo-ഇന്ത്യൻ സ്കൂളിലേയും, പുതുതായി ചേർന്ന സ്കൂളിലേയും പൊതുവായുള്ളതും, വളരെ പ്രകടമായിട്ടുള്ളതുമായ അന്തരീക്ഷവ്യത്യാസം ഏതാണ്ട് ഒറ്റനോട്ടത്തിൽത്തന്നെ വ്യക്തമാകും. വിദ്യാർത്ഥികളുടെ വ്യക്തിത്വം വ്യക്തമായും വ്യത്യസ്തമാണ്. ആദ്യത്തെ സ്കൂളിൽ ഒച്ചപ്പാടും ബഹളവും ഇല്ല. കൂക്കിവിളിയില്ല.


രണ്ടാമത്തെ സ്കൂളിൽ ഇവ സർവ്വസാധാരണം. എന്നാൽ ഇടക്ക് ഇടക്ക് അദ്ധ്യാപകരോ, അദ്ധ്യാപികമാരോ വന്ന് ഒന്ന് ഒച്ച വെക്കും. അപ്പോൾ കാര്യങ്ങൾ കുറച്ച്നേരത്തേക്ക് ശാന്തമാകും.