ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

One    Two    Three    Four    Five    Six    Seven    Eight

Nine    Ten   Eleven    Twelve    Thirteen    Fourteen

36. ബൃട്ടിഷ്-ഇന്ത്യയും ഇന്ത്യയുംLord മെക്കോളെ 1830കളിൽ സൂചിപ്പിച്ച ഇങ്ഗ്ളിഷ് അഭിരുചി, അഭിപ്രായങ്ങൾ, സാൻമാർഗ്ഗികതയും ധർമ്മാധർമ്മവിവേചനവും, ബുദ്ധിശക്തിയും മറ്റും എന്താണ് എന്നതാണ് വിഷയം.


ഈ ചർച്ചാവിഷയം വളരെ ഗഹനമായ ഒന്നാകാൻ സാധ്യതകാണുന്നുണ്ട്. ഇന്ന് ഇന്ത്യയിൽ ഔപചാരിക വിദ്യാഭ്യാസത്തിൽ സിദ്ധാന്തോപദേശം (indoctrination) ചെയ്യപ്പെടുന്ന പലതരം കാര്യങ്ങളുടേയും ചങ്കിന് കൊള്ളുന്ന പല കാര്യങ്ങളും പറേയണ്ടിവന്നേക്കാം. ഇവിടെ ഈ വിഷയം എത്രമാത്രം അഗാധതയിലെക്ക് നീങ്ങും എന്ന് ഇപ്പോൾ പറയാൻ പ്രയാസമാണ്.


ഈ സംഗതിയെ പരിശോധിക്കാൻ എടുക്കുമ്പോൾ, ആദ്യം തന്നെ വ്യക്തമാകുന്നത്:


ഈ വിഷയം കലർപ്പില്ലാത്ത ഇങ്ഗ്ളിഷ് പാരമ്പര്യങ്ങളെ ദക്ഷിണേഷ്യൻ സാംസ്ക്കാരിക പാരമ്പര്യങ്ങളുമായുള്ള ഒരു താരതമ്യവും, ഇവ രണ്ടും തമ്മിലുള്ള വ്യത്യാസങ്ങളും ചേർച്ചകളും എടുത്ത് കാണിക്കലാണ് സംഭവിക്കുക എന്ന്.

ഇങ്ഗ്ളിഷ് പാരമ്പര്യങ്ങൾ, യൂറോപ്യൻ ഭൂഖണ്ടത്തിന് പുറത്തായി ഉള്ള, താരതമ്യേനെ ചെറിയ ഒരു ദ്വീപിനുള്ളിലെ നാല് കൂട്ടം ജനക്കൂട്ടങ്ങളിൽ വച്ച്, ഇങ്ഗ്ളണ്ട് എന്ന് ചരിത്രത്തിൽ അറിയപ്പെട്ടിരുന്ന പ്രദേശത്തെ പാരമ്പര്യങ്ങൾ ആണ്.


അവിടുള്ള രാജാക്കന്മാരുടേയും, റാണിമാരുടേയും, പ്രഭുക്കളുടേയും മറ്റും കാര്യമല്ല ഇവിടെ പഠനത്തിന് എടുക്കുന്നത്. മറിച്ച്, അവിടുള്ള സാധാരണജനങ്ങളുടെ കാര്യമാണ്. അവർ, അവർക്ക് സാമൂഹികമായി മുകളിൽ നിലകൊണ്ടിരുന്ന പ്രഭുക്കളോടും, രാജവംശക്കാരോടും എങ്ങിനെയാണ് ബന്ധപ്പെട്ടിരുന്നത് എന്നതും ഈ പഠനത്തിന് ആവശ്യമായി വന്നേക്കാം.


അതേ സമയം, Lord മെക്കോളെ 'ഇന്ത്യ' എന്ന് വിളിക്കുന്ന പ്രദേശം ബൃട്ടിഷ്-ഇന്ത്യ എന്ന് ഇങ്ഗ്ളിഷുകാർതന്നെ നാമകരണം ചെയ്ത രാജ്യവും, അതിന് ചുറ്റും പല രാജവംശക്കാരും ഭരിച്ചിരുന്ന പ്രദേശങ്ങളും ഉൾപ്പെട്ടേക്കാം.


ഇവിടെ മുഖദാവിൽ തന്നെ പ്രസ്താവിക്കേണ്ടത്, ഈ രണ്ട് പ്രദേശങ്ങളും യഥാർത്ഥത്തിൽ 'ഇന്ത്യ'യല്ല. ബൃട്ടിഷ്-ഇന്ത്യയുടെ ആരംഭത്തിന് മുന്നെ ഈ ഉപദ്വീപിൽ അങ്ങിനെ ഒരു 'ഇന്ത്യ' ഉള്ളതായി, ഈ ഉപദ്വീപിലെ ഏതെങ്കിലും ചരിത്ര രേഖകളിൽ ലിഖിതപ്പെട്ട് കാണുന്നുണ്ടോ എന്ന് സംശയമാണ്.


എന്നാൽ, പട്ട് നൂൽ ഉൽപ്പാദനത്തിന്റെ ഉൽപ്പാദന പ്രക്രീയാ-രഹസ്യം നൂറ്റാണ്ടുകളോളം പുറം ലോകക്കാർക്ക് അറിവ് കൊടുക്കാതെ പട്ട് കച്ചവടത്തിന്റെ കുത്തകവകാശം നൂറ്റാണ്ടുകളോളം നിലനിർത്തിയ ചൈനാ പ്രദേശത്തിന് തെക്ക്-പടിഞ്ഞാറായി ഒരു വലിയ ഭൂപ്രദേശമുണ്ട് എന്നും, അവിടെ നിന്നും പലവിധ കച്ചവട ചരക്കുകൾ ലോകത്തിലെ പല വ്യാപാരകേന്ദ്രങ്ങളിലേക്കും കടൽ കച്ചവടക്കാർ കൊണ്ടുവരാറുണ്ട് എന്നും പുറലോകത്തിൽ അറിയപ്പെട്ടിരുന്നു. ഈ ദിക്കിനെ പൊതുവായി ഹിന്ദ്, സിന്ധ് എന്നൊക്കെ ഈ വക കച്ചവട കേന്ദ്രങ്ങളിൽ വിളിച്ചിരുന്നു എന്നാണ് തോന്നുന്നത്.


ഈ പ്രദേശത്തിന്റെ വ്യക്തമായ ഭൂമിശാസ്ത്രപരമായ അതിരുകളെക്കുറിച്ചോ, ആ പ്രദേശത്ത് ഏതെല്ലാം രാജ്യങ്ങൾ ഉണ്ടായിരുന്നു വെന്നോ, ഈ കൂട്ടർക്ക് അറിവുണ്ടായിരുന്നോ എന്ന് അറിയില്ല. അമേരിക്കൻ ഭൂഖണ്ടം എന്ന് പറയുന്നത് മാതിരി ഒരു വൻ പ്രദേശം.