ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

One    Two    Three    Four    Five    Six    Seven    Eight

Nine    Ten   Eleven    Twelve    Thirteen    Fourteen

30. എതിർ ദിശകളിലേക്ക് ചൂണ്ടുന്ന ചരിത്രങ്ങൾ

1960കളിൽ, സ്കൂൾ വിദ്യാഭ്യാസപരമായ ചരിത്രങ്ങൾ രണ്ട് വിധം ഉണ്ട് എന്ന കാര്യം ശ്രദ്ധയിൽ പെട്ടിരുന്നു. ഒന്നാമത്തേത്, ഇങ്ഗ്ളിഷ് സ്കൂളുകളിൽ നിന്നും ലഭിച്ചിരുന്നത്. ഇത് പ്രകാരം ഇങ്ഗ്ളിഷ് ഭരണം ഈ ഉപദ്വീപിൽ കാര്യമായ ഗുണങ്ങൾ നൽകിയിട്ടുണ്ട്. ഇവിടുള്ള മിക്ക പ്രദേശങ്ങളിലേയും ജനങ്ങൾക്ക് എല്ലാരീതിയിലും ഗുണകരമായ മാറ്റമാണ് സംഭവിച്ചത്. Robert Clive, Henry Sleeman, Lord William Benedict, Lord Macaulay തുടങ്ങിയവർ ഈ പ്രദേശങ്ങളിൽ കാര്യമായ സാംസ്ക്കാരികമായ വളർച്ചയ്ക്കാണ് തുടക്കമിട്ടത്.


ഈ വിധമുള്ള ചരിത്രം പഠിച്ചിരുന്നത് ഇങ്ഗ്ളിഷ് ഭാഷ സമാന്യം നന്നായി കൈകാര്യം ചെയ്യാൻ പറ്റുന്നവരായിരുന്നു.


എന്നാൽ പ്രാദേശിക ഭാഷാ സ്കൂളുകളിൽ പ്രത്യേകിച്ചും, സർക്കാർ സിലബസുള്ള എല്ലാ സ്ക്കൂളുകളിൽ പൊതുവായും പഠിപ്പിച്ചിരുന്ന ചരിത്രം ഇതിന് നേരെ വിപരീതമായിരുന്നു. ഈ രണ്ടാം ചരിത്രം പ്രകാരം ഇങ്ഗ്ളിഷ് ഭരണം ഈ ഉപദ്വീപലിൽ നടത്തിയത് തനികൊള്ളയാണ്. ഇവിടുള്ള രാജാക്കന്മാരെ നശിപ്പിച്ചു. ഇവിടുള്ള വിഭവങ്ങൾമുഴുവനും കട്ടു. ഈ കൊള്ളയ്ക്ക് ഉപകരിക്കാൻ വേണ്ടിയാണ് ഇവിടെ എല്ലാവിധ വളർച്ചകളും അവർ നടത്തിയത്.


അവർ ഇവിടെ ഇങ്ഗ്ളിഷ് വിദ്യാഭ്യാസം നാട്ടുകാരുടെ മേൽ അടിച്ചേൽപ്പിച്ചു. എന്തിനാണെന്നോ? ഇവിടുള്ള എല്ലാവരേയും അടിമകളാക്കാൻ. അവരുടെ സ്ഥാപനങ്ങളിൽ അടിമപ്പണിക്കാരെ ലഭിക്കാൻ വേണ്ടി, ഇവിടുള്ള കുട്ടികളെ അവർ നിർബന്ധിച്ചാണ് ഇങ്ഗ്ളിഷ് പഠിപ്പിച്ചത്. ഇങ്ഗ്ളിഷ് പഠിച്ച് ആളുകൾ അതോടെ അവരുടെ അടിമകളായി.


ഇങ്ങിനെ പോകുന്നു പ്രാദേശിക ഭാഷാ സ്ക്കൂൾ ചരിത്രം.


എന്നാൽ ഈ വിധമുള്ള ചരിത്രം പഠിച്ചവരിൽ മിക്കവർക്കും ഇങ്ഗ്ളിഷുമായി കാര്യമായി ബന്ധം ഇല്ല. അങ്ങിനെ നോക്കുമ്പോൾ, ഇക്കൂട്ടർ അടിമത്തത്തിൽ നിന്നും ദൈവാധീനത്താൽ രക്ഷപ്പെട്ടവരുടെ മക്കളാണ്. അതേ സമയം, ഇങ്ഗ്ളിഷ് സ്കൂളുകളിൽ ഉള്ളതിൽ പലരും, അടിമകളുടെ മക്കൾ! എന്നിട്ടും ഇക്കൂട്ടർ അവരെ അടിമകളാക്കാൻ ഉപയോഗിച്ച അതേ ഭാഷ പഠിക്കാൻ താൽപ്പര്യപ്പെടുന്നു!!

ഇങ്ഗ്ളിഷുമായി കാര്യമായ ബന്ധം ഇല്ലാത്തവർ, ഇങ്ഗ്ളിഷ് ഭാഷയാണ് ഇവിടെ അടിമത്തം സ്ഥാപിച്ചത് എന്ന രീതിയിൽ സംസാരിക്കുന്നു!!!


ഒരു ഭാഷ പഠിച്ചാൽ, അത് എങ്ങിനെയാണ് അടിമത്വം നടപ്പിലാക്കാൻ ഉപകരിക്കുക എന്നതിനെക്കുറിച്ച് അന്ന് യാതോരു വിവരവും ലഭിച്ചിരുന്നില്ല.


എന്നാൽ മലയാളം ഭാഷ അറിവുള്ളവർക്ക്, ഈ കാര്യത്തിൽ വളരെ തീർച്ചകണ്ടു.


മലയാള ഭാഷ മറ്റൊരു ഭാഷക്കാരനെ പഠിപ്പിച്ചാൽ, അയാളെ മലയാള ഭാഷക്കാർക്ക് വേണമെങ്കിൽ അടിമയാക്കാം. ഇത് അവർക്ക് തീർച്ചയാണ്. അത് പോലെ തന്നെ, ഇങ്ഗ്ളിഷ് ഭാഷ പഠിപ്പിച്ച്, ഇങ്ഗ്ളിഷുകാർക്ക് മറ്റുള്ളവരെ അടിമകളാക്കാം. ഇതാണ് അവരുടെ മനസ്സിലാക്കൽ!


ഈ ചിന്താഗതിയുടെ യഥാർത്ഥ പൊരുൾ മനസ്സിലാക്കാൻ കുറച്ച് കാലം എടുത്തു. ശരിയാണ്, മലയാള ഭാഷ പഠിപ്പിച്ചാൽ, പഠിക്കുന്ന ആളുടെ മേൽ വേണമെങ്കിൽ ഒരു കടിഞ്ഞാൺ സ്ഥാപിക്കാം.


എന്നാൽ ഇങ്ഗ്ളിഷ് ഭാഷ പഠിച്ചാൽ, അങ്ങിനെ ഒരു കടിഞ്ഞൺ ഇടാനാവില്ല. മറിച്ച്, നേരത്തെ അണിഞ്ഞിരുന്ന കടിഞ്ഞാണുകൾക്ക് ബലക്ഷയമാണ് സംഭവിക്കുക. കടിഞ്ഞാൺ ഇല്ലാത്ത ഭാഷയാണ് ഇങ്ഗ്ളിഷ്.


എന്നാൽ, ഈ വിവരം പ്രാദേശിക ഭാഷ മാത്രം അറിയുന്നവർക്ക് എങ്ങിനെ മനസ്സിലാകും. അവർക്ക് ഇങ്ഗ്ളിഷ് അറിയില്ലതന്നെ.