ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

One    Two    Three    Four    Five    Six    Seven    Eight

Nine    Ten   Eleven    Twelve    Thirteen    Fourteen

47. ഈ ഉപദ്വീപിലെ പ്രാദേശിക ഭാഷകൾ അപമര്യാദയുള്ളവയാണ്

Macaulayയുടെ 'English in taste' എന്ന വാക്യത്തെക്കുറിച്ച് പ്രതിപാദിക്കുന്നതിന് മുൻപായി, കഴിഞ്ഞ എഴുത്തിൽ സൂചിപ്പിച്ച കാര്യത്തെക്കുറിച്ച് കുറച്ച് കൂടി എഴുതാം എന്ന് കരുതുന്നു.


വിഷയം, പ്രാദേശിക ഭാഷകൾ Rude (അപമര്യാദയുള്ളവ)യാണ് എന്ന മെക്കോളയുടെ പ്രസ്താവന.


ഭർത്താവിനെ യജമാനൻ 'നീ' എന്ന് സംബോനധചെയ്യുന്നത് സ്വാഭാവികം മാത്രം. 'അവൻ' എന്ന് പറയുന്നതും. എന്നാൽ, യജമാനൻ മേൽസ്ഥാനത്തുള്ള ഈ സ്വാതന്ത്ര്യം ഉപയോഗിച്ച്, കീഴ്ജീവനക്കാരന്റെ ഭാര്യയേയും, മറ്റ് കുടുംബാംഗങ്ങളേയും, വീട്ടിൽ കയറിവന്ന് ഇതേ പോലെ സംബോധന ചെയ്യുകയും പരാമർശിക്കുകയും ചെയ്യുമ്പോൾ, ആ വീട്ടിലെ എല്ലാരിലും, ഒരു കടിഞ്ഞാൺ വന്ന് വീഴും.


വീടിന്റെ ദൃഷ്ടികേന്ദ്രം തന്നെ വ്യതിചലിക്കാം. കുടുംബാന്തരീക്ഷവും ചിതറാം.


ഈ സംഗതിയുമായി ബന്ധപ്പെട്ട് പലതും പറയാനുണ്ട്. ഒന്ന് മാത്രം ഇവിടെ പറയാം.


ഭർത്താവിനെ 'ചേട്ടൻ', 'അണ്ണൻ', 'അച്ചായൻ', 'ഇച്ചായൻ', 'ഇക്ക' തുടങ്ങിയ വാക്കുകളാൽ ബഹുമാനിക്കുന്ന ആളാണ് പ്രാദേശിക ഭാഷകളിൽ ഭാര്യമാർ. എന്നാൽ പലപ്പോഴും ഈ പദവി മറ്റ് വല്ലവരുടേയും കീഴ്ജീവനക്കാരനായി ജീവിക്കുന്ന ഭർത്താവിന് പുറം ലോകത്തിൽ പലയിടത്തും ലഭിക്കില്ല.


ഭർത്താവിന് ഇങ്ങിനെ ബഹുമാനം ലഭിക്കാത്ത ഇടങ്ങളിൽ ഭാര്യ കയറി ഇറങ്ങുന്നതും, കറങ്ങിനടക്കുന്നതും, കയറിച്ചെല്ലുന്നതും, പലപ്പോഴും ഭാര്യാ-ഭർത്തൃ ബന്ധത്തിൽ നിഷേധാത്മകത കയറ്റിവിടാം. ബഹുമാനിക്കപ്പെടാത്ത ഭർത്താവിനെ കാണുന്നത് ഭാര്യയിൽ ഭർത്താവിനോടുള്ള അടുപ്പത്തിൽ പാളിച്ചകൾ പടർത്തും.


മാത്രവുമല്ല, ഇങ്ഗ്ളിഷുകാർക്ക് കാര്യമായി അറിയാത്ത ഒരു വസ്തുതയും വാക്ക്-കോഡുകളിൽ ഉണ്ട്. ഫ്യൂഡൽ ഭാഷകളിലെ ബഹുമാന വാക്കുകൾക്ക് ചിലയിടത്തെങ്കിലും ഒരു തരം Aphrodisiac (കാമാകർഷണം ഉളവാക്കുന്ന) കഴിവുണ്ട്.


വനിതകളെ സാമൂഹികമായി മുന്നോട്ട് നീക്കാൻ വെപ്രാളപ്പെടുന്നവർക്ക് ഭാഷാകോഡുകൾ നൽകുന്ന പരിമിതികളെക്കുറിച്ച് ബോധമില്ലാ എന്നാണ് തോന്നുന്നത്.


വീട്ടിലെ അന്തേവാസികളിൽപെട്ട, കുടുംബത്തിൽ ബഹുമാനിക്കപ്പെടുന്ന ആരെയെങ്കിലും, ആ വീട്ടുകാരേക്കാൾ സാമൂഹികമായി താഴ്മയിൽ ഉള്ളവരിൽ ആരെങ്കിലും വന്ന്, 'നീ' എന്ന് സംബോധന ചെയ്യുകയും, അവൻ, അവൾ എന്നെല്ലാം പരാമർശിക്കുകയും ചെയ്താൽ ഉളവാകുന്ന മാനസികാവസ്ഥ, വീട്ടിനുള്ളൽ പാമ്പ് കയറിവന്ന് വാസം തുടങ്ങിയത് പോലെയാകും. എല്ലാരിലും സാസ്ഥ്യം നഷ്ടമാകും. അന്തരീക്ഷത്തിൽ ഒരു രൂക്ഷമായ വിഷമയം കലരും.


ഇത്രയ്ക്കും ഭയാനകമായ കോഡുകൾ ഫ്യൂഡൽ ഭാഷകളിൽ ഉണ്ട്. ബഹുമാനം ലഭിക്കാത്തിടത്ത് പോകാനോ, ഇടപഴകാനോ ആളകുൾ ഇഷ്ടപ്പെടില്ല. ബഹുമാനത്തിനായി വിക്രിയങ്ങൾ കാട്ടുന്നവനെ, മറ്റുള്ളവർ തരംതാഴ്ത്താനും പരിഹസിക്കാനും മറക്കില്ല. മടിക്കില്ല.


ഉദ്യോഗസ്ഥൻ ബഹുമാനം ലഭിക്കല്ലാ എന്ന് ഭയപ്പെട്ടാൽ, സ്വന്തം ക്യാബിന് പുറത്ത് കടക്കില്ല. ചില വീട്ടുകാർ പുറത്ത് വരില്ല. വിഡ്ഢിശാസ്ത്രത്തിൽ 'Paranoia' എന്ന് നിർവ്വചിക്കപ്പെട്ട പലതിന്റെയും കാതൽ ഭാഷാകോഡുകളിൽ കാണാവുന്നതാണ്.