ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

One    Two    Three    Four    Five    Six    Seven    Eight

Nine    Ten   Eleven    Twelve    Thirteen    Fourteen

19. രുചികരമായ പാഠപുസ്തകങ്ങളും അരോചകമായവയും

നാലാംക്ളാസ് പകുതി വരെ പഠിച്ച ഇങ്ഗ്ളിഷ് സ്കൂളിൽവച്ചാണ് പാഠപുസ്തകങ്ങൾ രുചികരമായ കാര്യങ്ങൾ ആണ് എന്ന അനുഭവം ഉണ്ടായത്. എന്നാൽ ഇക്കാര്യം മനസ്സിലായത് ഈ സ്കൂൾ വിട്ട് അഞ്ചാംക്ളാസിൽ കേരള വിദ്യാഭ്യാസ ബോഡിന്റെ കീഴിലുള്ള സർക്കാർ എയ്ഡിഡ് സ്ക്കൂളിലെ ഇങ്ഗ്ളിഷ് ക്ളാസിൽ ചേർന്നപ്പോഴാണ്.


Anglo-ഇന്ത്യൻ സ്ക്കൂളിലെ ഇങ്ഗ്ളിഷ് പാഠപുസ്തകങ്ങൾ ഇന്നും ഓർമ്മയുണ്ട്. ഇത് പണ്ട് ഇങ്ഗ്ളിഷ് ഭരണകാലത്ത് സ്ഥാപിതമായതും, അവർ വിട്ടുപോയപ്പോൾ ഇന്ത്യൻ ഉടമസ്ഥതയിൽ വന്നതുമായ ഒരു പാഠപുസ്തക പ്രസിദ്ധീകരണ കമ്പനിയുടെ ഒരു പ്രത്യേക പേരിലുള്ള ഒരു പാഠപുസ്തകമായിരുന്നു.


ഇങ്ഗ്ളണ്ടിലേയും, ലോകത്തിന്റെ മറ്റ് നാനാവിധ സ്ഥലങ്ങളിലേയും കഥകളും ചിത്രങ്ങളും മറ്റും തികച്ചും ഒരു അതീവ അന്തസ്സുള്ള രീതിയിൽ രൂപകൽപ്പന ചെയ്ത ഒരു കൂട്ടം പാഠപുസ്തകങ്ങളായിരുന്നു ഇവ. നാലാം ക്ളാസ് വരെ സ്വന്തമായി പഠിച്ചവയും, പതിനൊന്നാംക്ളാസ് വരെ മറ്റുള്ളവർ പഠിച്ചവയുമായ ഈ പാഠപുസ്തകങ്ങൾ വർഷങ്ങളോളം വായിക്കുവാൻ ഇഷ്ടപ്പെട്ടിരുന്നു. ഇന്നും ഇവ ലഭിക്കുകയാണെങ്കിൽ തീർച്ചയായും ഇരുന്ന് വായിക്കുവാൻ താൽപ്പര്യപ്പെടും.


ഇതിന് പലകാര്യങ്ങളും ഉണ്ട്.


ഒന്ന് അതീവ സൌന്ദര്യമുള്ളതും, ലളിതവുമായ എഴുത്ത്.


രണ്ട് കഥാപാത്രങ്ങൾക്കും സംഭവങ്ങൾക്കും ഇങ്ഗ്ളിഷിൽ മാത്രം ലഭിക്കുന്ന ലളിതമായ അന്തസ്സ്.


മൂന്ന് പഠിക്കുന്ന ആളെ ഒരു വിവരംകെട്ടതും, തരംതാഴ്ന്നതുമായ കുട്ടിയെന്ന രീതിയിൽ കാണാതെയും, അഭിസംബോധനചെയ്യാതെയും, നല്ലനിവാരമുള്ള വ്യക്തിത്വം ഉള്ള ഒരു വ്യക്തിയായി കാണുന്ന സമീപനം. ഈ ഒരു സമീപനം കലർപ്പില്ലാത്ത ഇങ്ഗ്ളിഷിലേ സാധ്യമാകൂ.


നാല്, ചിത്രങ്ങളിൽ കാണുന്ന വ്യക്തികൾക്ക് ഇങ്ഗ്ളിഷ് വ്യക്തിത്വം. അതായത്, അടിയാളത്തമനോഭാവമില്ലാത്ത കുട്ടികളും മറ്റും, പ്രമാണിത്വം പ്രകടിപ്പിക്കാത്തെ പ്രായം ചെന്നവരും മറ്റും. കുറച്ച് കൂടി വ്യക്തമായി പറഞ്ഞാൽ, ഇങ്ഗ്ളിഷ് സംസാരിക്കുന്ന കഥാപാത്രങ്ങൾക്ക് ഇങ്ഗ്ളിഷ് വ്യക്തിത്വം.


അഞ്ച്, കഥകളിലും മറ്റ് ആഖ്യാനങ്ങളിലും വളരെ മൂല്യമേറിയ ഉള്ളടക്കം.


ആറ് ഇങ്ഗ്ളിഷ് ക്ളാസിക്കൽ സാഹിത്യവും മറ്റും ആയി കാര്യമായ ബന്ധമുളള പലതും.


ഏഴ്, വളരെ വ്യക്തമായ സത്യസന്ധതയും, കാപട്യമില്ലായ്മയും നിറഞ്ഞ എഴുത്ത്.


ഇവ പഠിപ്പിക്കുന്ന അദ്ധ്യപികമാർക്ക്, ഔപചാരിക യോഗ്യത എന്തെങ്കിലും ഉണ്ടോ എന്ന് അറിയില്ല. എന്നാൽ, ഈ വിധ ഇങ്ഗ്ളിഷ് സാഹിത്യങ്ങളുമായി നല്ല പരിചയമുള്ളവർ. മാത്രവുമല്ല, ഇങ്ഗ്ളിഷ് പദങ്ങൾക്ക് നല്ല നിലവാരമുള്ള ഉച്ചരണം.


ഈ പാഠപുസ്തകത്തെക്കുറിച്ച്, ഇവ പഠിച്ച പലരുമായും ഇന്നും ചർച്ച ചെയ്യാറുണ്ട്. അവർക്കെല്ലാം മധുരമായ ഓർമ്മയാണ് ഈ പാഠപുസ്തകം.


നാലാം ക്ളാസ് പകുതി ആയപ്പോൾ, കേരളാ വിദ്യാഭ്യാസ ബോഡിന്റെ കീഴിലുള്ള സ്ക്കൂളിൽ അഞ്ചാംക്ളാസിൽ ചേർന്നു. അതോടുകൂടി വിദ്യാഭ്യാസം എന്നതിന് മറ്റൊരു രൂപം ഉണ്ട് എന്ന തിരിച്ചറിവ് ലഭിച്ചു.