ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

One    Two    Three    Four    Five    Six    Seven    Eight

Nine    Ten   Eleven    Twelve    Thirteen    Fourteen

29. വളർച്ചയെ വിവേചനപരമായി നിയന്ത്രിക്കുന്ന ഫ്യൂഡൽ ഭാഷയിലൂടെയുള്ള വിദ്യാഭ്യാസം

യഥാർത്ഥത്തിൽ അക്ഷരവിദ്യാഭ്യാസത്തിന് ഏതാനും ആഴ്ചകളോ മാസങ്ങളോ മാത്രം മതി. അതിന് ശേഷം മാനസികമായും കായികമായും നൈപുണ്യപരമായും വളരാൻ വേണ്ടത്, അവയ്ക്ക് അനുയോജ്യമായ ചുറ്റുപാടും, പ്രവർത്തന പരിചയവും, മാനസിക വളർച്ചക്ക് സാഹചര്യം ഒരുക്കുന്ന മുതിർന്നവരും, ചുറ്റുപാടുമാണ്. ഇത് ഒന്നും തന്നെ ഒരു ഫ്യൂഡൽ ഭാഷാ ആന്തരീക്ഷത്തിലുള്ള ഒരു സ്ക്കൂളിലോ കോളജിലോ ലഭ്യമല്ലതന്നെ.


ഫ്യൂഡൽ ഭാഷകളുടെ നൈസർഗ്ഗികമായ സ്വഭാവംതന്നെ, അടിയാളത്തപ്പെടുന്നവരുടെ മാനസികവും കായികവും ആയ വളർച്ചയെ വിവേചനപരമായി നിയന്ത്രിക്കുകയെന്നതാണ്. കുറച്ച് പേരെ വളരാൻ അനുവദിക്കുക. മറ്റുള്ളവരുടെ വളർച്ചയെ വളരെ സ്നേഹപൂർവ്വം തടസ്സപ്പെടുത്തുകയോ, വഴിതെറ്റിക്കുകയോ ചെയ്യുക. കാരണം, പിരമിഡ് മാതിരിയുള്ള സാമൂഹികാന്തരീക്ഷമാണ് ഫ്യൂഡൽ ഭാഷകൾ സൃഷ്ടിക്കുക. എല്ലാരെയും മുകളിലേക്ക് ഉയരാൻ തരപ്പെടുത്തിയാൽ പിരമിഡ് പൊളിയും.


എന്നാൽ, ഈ വിധമുള്ള ഔപചാരിക വിദ്യാഭ്യാസം കൊണ്ട് ആർക്കും ഗുണം ലഭിക്കില്ല എന്ന് പറയാൻ ആവില്ലതന്നെ. കാരണം, മിക്ക സർക്കാർ ജോലികളും ലഭിക്കണമെങ്കിൽ ഈ ഔപചാരിക വിദ്യാഭ്യാസം ഒരു 'ഏറ്റവും കുറഞ്ഞ യോഗ്യതയാണ്' (minimum qualification). മാത്രവുമല്ല, പലവിധത്തിലുള്ള കായിക മത്സരങ്ങളിലും പങ്കെടുക്കാൻ പലർക്കും ഈ ഔപചാരിക വിദ്യാഭ്യാസം ഒരു ചവിട്ടുപടിയായി നിൽകുന്നു.


കേരളത്തിൽ ഒരു വർഷം 7 ലക്ഷം പേർ പത്താം ക്ളാസ് കടക്കുന്നുണ്ടെങ്കിൽ, അവരിൽ ഏതാണ്ട് 2000 പേർക്ക് ഡോക്ടറാകാൻ ഈ വിദ്യാഭ്യാസം ആവശ്യമാണ്.


മാത്രവുമല്ല, ചില വിദേശരാജ്യങ്ങളിലേക്ക് തൊഴിൽതേടി പോകാൻ അനുവാദം ഇന്ത്യാ സർക്കാറിൽനിന്നും ലഭിക്കണമെങ്കിൽ, ഔപചാരിക വിദ്യാഭ്യാസത്തിലെ ചില യോഗ്യതാ മാനദണ്ഡങ്ങൾ ഉണ്ട് എന്നും പറയപ്പെടുന്നു.


സർക്കാർ ജോലി, ഡോക്ടർ തുടങ്ങിയവർ, വിദേശത്തൊഴിൽ ചെയ്യുന്നവർ എന്നിവരെ ഒഴിച്ചാൽ, പിന്നുള്ളവരുടെ ഇത്രയും കാലം നടത്തിയ വിദ്യാഭ്യാസത്തിനായി ചിലവാക്കിയ പണവും സമയവും ഏതാണ്ട് 99% വ്യർത്ഥം.


എന്നാൽ, ഈ ഉപദ്വീപിലെ ഏതാണ്ട് പകുതിയോളം ഇടത്തുണ്ടായിരുന്ന ഇങ്ഗ്ളിഷ് ഭരണം പൊതുജനങ്ങൾക്ക് ഇങ്ഗ്ളിഷ് വിദ്യാഭ്യാസം ഏർപ്പെടുത്തണം എന്ന് തീരുമാനിച്ചപ്പോൾ, ഈ വിദ്യാഭ്യാസത്തിന്റെ ഉദ്ദേശ്യം ഇത് ഒന്നുമായിരുന്നില്ല.


കുറേപേരെ 10മുതൽ 20 വർഷത്തിൽകൂടുതൽ കാലം ഔപചാരിക വിദ്യാഭ്യാസം എന്ന മിക്കവാറും യാതോരു ഉപകാരവും ഇല്ലാത്ത അഭ്യാസത്തിൽ കുടുക്കിയിടുക. എന്നിട്ട് അവർക്ക് മാത്രം ഈ പ്രദേശത്തിലെ സർക്കാർ ജോലികളും മറ്റും സംവരണം ചെയ്യുക എന്നൊന്നുമായിരുന്നില്ല, ഈ വിദ്യാഭ്യാസത്തിന്റെ ഉദ്ദേശ്യം.


എഴുത്തിന്റെ പാത ചെറുതായി വ്യതിചലിച്ചുപോയി എന്നു തോന്നുന്നുണ്ട് എങ്കിലും, ഇവിടം വരെ എത്തിയ സ്ഥിതിക്ക്, ഈ ഉപദ്വീപിൽ ഇങ്ഗ്ളിഷ് ഭരണം ഇങ്ഗ്ളിഷ് വിദ്യാഭ്യാസം നടപ്പിലാക്കുന്നതിൽ കണ്ട ലക്ഷ്യം എന്തായിരുന്നു എന്ന് സൂചിപ്പിച്ചിട്ട്, എഴുത്തിന്റെ പാതയിലേക്ക് തിരിച്ച് പോകാം എന്ന് തോന്നുന്നു.