ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

One    Two    Three    Four    Five    Six    Seven    Eight

Nine    Ten   Eleven    Twelve    Thirteen    Fourteen

38. എവിടാണ് ഈ ഇന്ത്യ?

യൂറോപ്പിൽ പൊതുവെ 'ഇന്ത്യ' എന്ന ഒരു പ്രദേശത്തെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ അറിവുണ്ടായിരുന്നു.


അവിടെ എല്ലാ വീടുകളിലും നിർബന്ധമായും അവശ്യവസ്തുവായ കുരുമുളക് ഇന്ത്യയിൽ നിന്നുമാണ് വരുന്നത് എന്നത് ഒരു കാരണമായേക്കാം. ശീതകാലത്ത് ഇറച്ചി പുകയിൽ ഇട്ട് ഉണക്കുന്നതിന് മുന്നെ, അതിനെ കുരുമുളക് പൊടിയിൽ പൊതിയും. ഇങ്ങിനെ ചെയ്താൽ, ഇറച്ചി കേട്കൂടതെ വളരെ കാലം നിലനിൽക്കും. ഇറച്ചിക്ക് മാർദ്ദവം ഏറും. സ്വാദും കൂടും. ഈ അത്ഭുത വസ്തുവിനെ സ്വർണ്ണത്തിനെപ്പോലെയാണ് ജനം കണ്ടിരുന്നത്. വൻവില.


ഇത്, എവിടെ നിന്നുമാണ് വരുന്നത്?


അവരുടെ ഉത്തരം, 'ഇന്ത്യയിൽ നിന്നും'.


എന്നാൽ, ഈ ഉത്തരം വെറും അവ്യക്തമായ ഒന്നാണ്.


യഥാർത്ഥ ഉത്തരം, മലബാറിൽനിന്നും, മലബാറിന് തെക്കായുള്ള കൊച്ചി, കൊല്ലം, അനന്തൻകാട് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും എന്നാണ്. കാരണം, ഈ ഉപഭൂഖണ്ടത്തിന്റെ മറ്റെവിടെയും ഈ കുരുമുളക് ലഭിക്കില്ല അന്ന്. (ഈ ഉപഭൂഖണ്ടത്തിന്റെ മറ്റ് ചിലയിടങ്ങളിൽ pepperന് ബദലായുള്ള മറ്റൊരു വസ്തു ലഭ്യമായിരുന്നു. പിപ്പിലി (long pepper). എന്നാൽ ഇതിന് ഗുണമേന്മ കുറവായിരുന്നു).


യൂറോപ്പിലെ മെഡിറ്ററേനിയന്‍ കടൽത്തീരത്തുള്ള വെന്നിസ്സിലേക്ക് വരെയുള്ള ഈ കച്ചവടം അറബി കച്ചവടക്കാർ കുത്തകയായി നൂറ്റാണ്ടുകളോളം പിടിച്ചുനിർത്തി. അവിടെ നിന്നും അത് വെനീഷ്യൻ കച്ചവടക്കാരുടെ കുത്തകയായിരുന്നു എന്നാണ് തോന്നുന്നത്.


അറബികച്ചവടക്കാർക്ക് മുന്നെ വേറെ പലരും ഈ കച്ചവടം നടത്തിയിരുന്നു എന്ന് തോന്നുന്നു. ഈ കുത്തക തകർത്തത് വാസ്കോ ഡി ഗാമയുടെ വരവാണ്. ഗാമ കുരുമുളകിന്റെ നാടായ ഇന്ത്യയിൽ എത്തി എന്നാണ് യൂറോപ്പിൽ വന്ന വാർത്ത. യഥാർത്ഥത്തിൽ എത്തിയത് തെക്കേ മലബാറിന്റെ വടക്കൻ പ്രദേശത്തായിരുന്നു.


ഇതേ 'ഇന്ത്യ'യിലേക്കുള്ള മറ്റൊരു പാത കണ്ടെത്താനായി കൊളംബസ് പോയി. എത്തിയത് അമേരിക്കൻ ഭൂഖണ്ടത്തിൽ. അതോടെ, അവിടുത്തുകാരും 'ഇന്ത്യ'ക്കാരായി. 1990ന് മുമ്പ് വരെ, അമേരിക്കയിൽ 'ഇന്ത്യൻ' എന്ന് പറഞ്ഞാൽ പൊതുവായി മനസ്സിൽ ഉദിക്കുക, ഈ 'ഇന്ത്യ'ക്കാരുടെ കാര്യമാണ്.


ഇങ്ങിനെ ഭൂഖണ്ട യൂറോപ്പുകാർ ലോകത്തിൽ രണ്ട് വ്യത്യസ്ത തരം ഇന്ത്യക്കാരെ സൃഷ്ടിച്ചു. ഒന്ന് പടിഞ്ഞാറും, മറ്റേത് കിഴക്കും.


പടിഞ്ഞാറുള്ളത് അല്ല കുരുമുളകിന്റെ ഇന്ത്യയെന്ന് മനസ്സിലാക്കി, ആ പ്രദേശത്തിന് അമേരിക്ക എന്ന് പേരും നൽകി. എന്നാൽ അവിടുത്തുകാരെ ആരും അമേരിക്കക്കാർ എന്ന് വിളിക്കാറില്ല. മറിച്ച്, അവിടുള്ള പ്രാദേശികവാസികൾ ഇന്ത്യക്കാരായി നിലനിന്നു. ഏതാണ്ട് 1990വരെ.


അതിന് ശേഷം, ഐറ്റി മേഘലയിൽ താഴ്ന്ന കൂലിക്ക് തൊഴിൽ ചെയ്യാനായി പുറം നാടുകളിൽ നിന്നും ആൾക്കൂട്ടം അമേരിക്കയിൽ നിറഞ്ഞപ്പോൾ, അതിൽ ഒരു വൻ വിഭാഗം ഇന്ത്യാ രാജ്യത്തിൽ നിന്നുമായിരുന്നു. അതോടെ, അവിടുള്ള പ്രാദേശിക ഇന്ത്യക്കാരുടെ തിരിച്ചറിയൽ വാക്കായ 'ഇന്ത്യൻ' എന്നതിൽ ആശയക്കുഴപ്പം വന്നുചേർന്നു.