ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

One    Two    Three    Four    Five    Six    Seven    Eight

Nine    Ten   Eleven    Twelve    Thirteen    Fourteen

21. കുത്തനെ മറിഞ്ഞ വിദ്യാഭ്യാസം

അഞ്ചാംക്ളാസിൽ, കേരളാ സർക്കാർ എയ്ഡിഡ് സ്കൂളിൽ ചേർന്നത് തിരുവിതാംകൂറിലാണ്. 1970 ആണ് എന്നാണ് തോന്നുന്നത്.


ഔപചാരിക വിദ്യാഭ്യാസം ലഭിച്ചവരായിരുന്നത് കൊണ്ടും, വീട്ടിൽ സ്വന്തമായി റേഡിയോയും, മലയാളം പത്രവും ഉള്ളതിനാലും, രണ്ടു പേരും കേരളാ സർക്കാർ സേവനത്തിൽ ഉള്ളവരായിരുന്നതിനാലും, മലയാളം തന്നെയാണ് മാതാപിതാക്കൾ പലപ്പോഴും സംസാരിച്ചത്. അതിനാൽ തന്നെ തിരുവിതാംകൂറിൽ ചെന്നപ്പോൾ ഭാഷ വലിയ ഒരു പ്രശ്നമായിരുന്നില്ല.


എന്നാൽ, മലബാറി വാക്കുകൾ അവിടെ ആർക്കും കേട്ട് പരിചയം പോലുമില്ല. ഇതുമായി ബന്ധപ്പെട്ട പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്.


പോരാത്തതിന്, മലബാർ എന്നത് ഏതോ കാട്ട് പ്രദേശമാണ് എന്ന ഒരു പൊതുവായുള്ള ധാരണയും ഉണ്ടായിരുന്നു എന്ന് തോന്നുന്നു.


മലബാറിൽ തീവണ്ടി ഇങ്ഗ്ളിഷ് ഭരണകാലത്ത്തന്നെ ഉണ്ടായിരുന്നു എന്നാണ് തോന്നുന്നത്. തിരുവിതാംകൂറിൽ, ആ രാജ്യം ഇന്ത്യയോട് യോജിപ്പിച്ചതിന് ശേഷമാണ് മലബാറുമായി ബന്ധപ്പെടുന്ന തീവണ്ടിപാത വന്നത് എന്നും തോന്നുന്നു. തീവണ്ടി പാതയുമായി ബന്ധപ്പെട്ട് പല കാര്യങ്ങളും പറയാനുണ്ട്. അത് പിന്നീടാവാം.


പുതിയ സ്കൂളിൽ കാര്യങ്ങൾ എല്ലാം പഴയ സ്കൂളിൽ നിന്നും നേരെ കുത്തനെ മറിച്ചാണ് കണ്ടത്. Anglo-ഇന്ത്യൻ സ്കൂളിലും വിദ്യാർത്ഥികൾ അദ്ധ്യാപകരുടേയും പാതിരമാരുടേയും കീഴിൽത്തന്നെ ആയിരുന്നെങ്കിലും, പൊതുവെ ഇങ്ഗ്ളിഷ് അന്തരീക്ഷമായിരുന്നത് കൊണ്ട് നീ, നിന്റെ, അവൻ, അവന്റെ തുടങ്ങിയ പദപ്രയോഗങ്ങളുടെ പ്രഹരം വളരെ അപൂർവ്വമായെ ലഭിച്ചിരുന്നുള്ളു.


എന്നാൽ, വല്ലപ്പോഴുമൊക്കെ ബോഡിങ്ങിലെ അടുക്കളപ്പണിക്കാരുടേയും, ശുചിത്വജോലികളിലും ഏർപ്പെട്ടിരുന്ന ജോലിക്കാരുടെ മുന്നിൽപ്പെട്ടുപോയാൽ, ആവുന്ന അവസരത്തിൽ അവർ ബോധപൂർവ്വം നീ, നിന്റെ, അവൻ, അവന്റെ തുടങ്ങിയ വാക്കുകൾ എന്തോ വാശിപോലെ ഉപയോഗിക്കുമായിരുന്നു. എന്നാൽ, അദ്ധ്യാപകരും, അദ്ധ്യാപികമാരും ഈ വിധമുള്ള വാക്ക് പ്രയോഗങ്ങൾ ഉപയോഗിക്കേണ്ട അവസരം വളരെ അപൂർവ്വമായേ വരാറുള്ളു.


പുതിയതായി ചേർന്ന സർക്കാർ എയ്ഡിഡ് സ്കൂളിൽ ഈ കാര്യത്തിൽ ശുചിത്വ ജോലിക്കാരും അദ്ധ്യാപകരും, അദ്ധ്യാപികമാരും ഒരേ നിലവാരത്തിലായിരുന്നു. ഏവരും ഈ വക വാക്കുകളെ വിദ്യാർത്ഥികളോട് ഉപയോഗിക്കാറുള്ളു.


എന്നാൽ വിദ്യാർത്ഥികൾക്ക് ഈ കാര്യത്തിൽ കാര്യമായ ഒരു മാനസിക പ്രശ്നം കണ്ടില്ല. അവർക്ക് ഒന്നാം ക്ളാസ് മുതൽ ഇതിന് അനുയോജ്യമായ ഒരു മാനസിക അടിയാളത്തം അവരുടെ വ്യക്തിത്വത്തിൽ അലിഞ്ഞ് ചേർന്നിരുന്നു.


തമ്മിൽത്തമ്മിൽ ഒട്ടി, കൈകൾ തോളിലിട്ട് ഒന്നിച്ച് ബെഞ്ചിരിക്കുന്നു. അദ്ധ്യാപകരോടും അദ്ധ്യാപികമാരോടും കുനിഞ്ഞും, അല്ലെങ്കിൽ അമിത ധൈര്യം കാട്ടിയും സംസാരിക്കും. കൂട്ടമായി കൂക്കിയിടും.


Anglo-ഇന്ത്യൻ സ്ക്കൂളിൽ പൊതുവായി ഉണ്ടായിരുന്ന അലിഖിതമായതും, വെറും പരിസരസ്വാധീനത്താലും വിദ്യാർത്ഥികളിൽ പരിശീലിപ്പിക്കപ്പെട്ട വ്യക്തിത്വം നേരെ ഇരിക്കുക, കുനിയരുത്, തല ഉയർത്തിനടക്കുക, സീറ്റിൽ നേരെ നിവർന്ന് ഇരിക്കുക, തമ്മിൽത്തമ്മിൽ ഓട്ടി നിൽക്കരുത്, ചുമലിൽ കൈവച്ച് നടക്കരുത്, ചുമര്, വാതിൽപ്പടി എന്നിവയിൽ ചാരിനിൽക്കരുത്, കൈകൾ എന്തിന്റെയെങ്കിലും മേൽ താങ്ങായി വച്ച് നിൽക്കരുത്, എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വ്യക്തമായും ആത്മാഭിമാനം പ്രകടിപ്പിച്ചുകൊണ്ടും അദ്ധ്യാപകരോടോ അദ്ധ്യാപികമാരോടോ ചെന്ന് ചോദിക്കുക, അല്ലെങ്കിൽ അവരുമായി പ്രശ്നം ചർച്ചചെയ്യുക, എന്നുള്ളതായിരുന്നു.


വിദ്യാർത്ഥികളെ 'നീ', 'നിന്റെ' എന്ന് സംബോധന ചെയ്യാത്തതും, 'അവൻ', 'അവന്റെ' എന്ന വാക്കിനാൽ പരാമർശിക്കാത്തതുമായ സംസാര അന്തരീക്ഷത്തിൽ വിദ്യാർത്ഥികൾക്ക് തലകുനിക്കേണ്ടുന്ന ആവശ്യമോ, അദ്ധ്യാപികമാർക്ക് അവരെക്കൊണ്ട് തലകുനിപ്പിക്കേണ്ടതോ ആയ ആവശ്യം വന്നിരുന്നില്ല.


എന്നാൽ, ആ സ്കൂളിലും ചൂരൽ പ്രയോഗം പൂർണ്ണമായും ഇല്ലാതിരുന്നില്ല. എന്നാൽ കൈനീട്ടാൻ, You show your hands അല്ലെങ്കിൽ You stretch your hands എന്നാണ് പറയുക. ഇതിലെ You പുതിയ സ്കൂളിൽ 'നീ', 'നിന്റെ' ആയി മാറും. അവിടെയാണ് കാര്യമായ വ്യത്യാസം. 'നീ' എന്നോ, 'നിങ്ങൾ', എന്നോ 'സാർ' എന്നോ 'മാഡം' എന്നോ ഉള്ളതിൽ, ഏറ്റവും ഹീനമായതും, കാലാകലങ്ങളായി കീഴ്ജാതിക്കാരെയും, മറ്റ് അടിയാളന്മാരെയും, പ്രമാണിമാരും പ്രഭുക്കളും സംബോധന ചെയ്ത വാക്കാണ്, അദ്ധ്യാപകരും അദ്ധ്യാപികമാരും ഉപയോഗിച്ചത്. മറ്റ് മാർഗ്ഗമില്ല തന്നെ.


കീഴ് ജാതിക്കാർക്കും, അടിയാളന്മാർക്കും ഇതിൽ യാതോരു പാരാതിയുമില്ലായിരുന്നു. ഇങ്ഗ്ളിഷുകാർ വരുന്നതിന് മുൻപ് വരെ.


പുതിയ സ്കൂളിൽ എല്ലാം നേരെ വിപരീതമായിട്ടായിരുന്നു കണ്ടത്.