ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

One    Two    Three    Four    Five    Six    Seven    Eight

Nine    Ten   Eleven    Twelve    Thirteen    Fourteen

10. ഇങ്ഗ്ളിഷ് സൌകുമാര്യത വിറങ്ങലിച്ചുപോയി

നല്ലനിലവാരത്തിൽ ഇങ്ഗ്ളിഷ് ഭാഷാ സംസ്ക്കാരത്തോട് കൂറ് കാണിച്ചിരുന്ന ആ സ്ക്കൂളിലെ Anglo-ഇന്ത്യൻ ടീച്ചർമാർ വ്യക്തിപരമായി മറ്റുളളവരോട് വളരെ മാന്യമായിത്തന്നെയാണ് പെരുമാറിയത് എന്നാണ് ഓർമ്മ. ഈ ഓർമ്മ വരുന്നത്, ജീവിതത്തിൽ അനുഭവിച്ച മറ്റ് ടീച്ചർമാരുമായി ഇവരെ താരതമ്യം ചെയ്യുമ്പോഴാണ്.


അന്ന്, ക്ളാസിൽ ടീച്ചർമാർ കയറിവരുമ്പോൾ വിദ്യാർത്ഥികൾ, അടിയാള മനോഭാവത്തോടുകൂടി എഴുന്നേറ്റ് നിൽക്കാറുണ്ടായിരുന്നോ എന്ന് കൃത്യമായി ഓർമ്മവരുന്നില്ല. ഇങ്ങിനെ ഒരു ദാസ്യഭാവ പ്രകടനം യഥാർത്ഥ ഇങ്ഗ്ളിഷ് പാരമ്പര്യങ്ങളിൽ ഇല്ലാ എന്നാണ് തോന്നുന്നത്. എന്നാൽ ഇത് ഫ്യൂഡൽ ഭാഷാ സംസ്ക്കാരങ്ങളിൽ എന്തൊക്കെ ചെയ്താലും നടപ്പില്ലതന്നെ. കാരണം, ഭാഷയിൽ വലിയ ആൾ എന്ന് കോഡ് ചെയ്യപ്പെടുന്നവർ വരുമ്പോൾ, വിധേയത്വത്തോട് കൂടി എഴുന്നേറ്റ്നിൽക്കണം എന്നുള്ളത് ഫ്യൂഡൽ ഭാഷാ കോഡുകളിൽ പാറയിൽ ഉരുക്ക് കഠാരകൊണ്ട് കുത്തിയിറക്കി ആലേഖനം ചെയ്യപ്പെട്ടപോലെ ലിഖിതപ്പെടുത്തിയിട്ടുണ്ട്.


പ്രവാചകനായ മുഹമ്മദിന് പോലും ഈ ഒരു ആശയം സ്വന്തം മതസ്ഥരിൽ നടപ്പിൽ വരുത്താൻ ആയിട്ടില്ലാ എന്നാണ് തോന്നുന്നത്. സ്വന്തം ജീവിതത്തിൽ ഇത് മാതൃകയായി കാണിച്ച് കൊടുത്തിട്ടുപോലും, ഫ്യൂഡൽ ഭാഷാകോഡുകളുടെ ശക്തിയെ പ്രതികൂലിക്കാൻ ആയില്ലതന്നെ.


അഞ്ചാം ക്ളാസിൽ കേരളാ സർക്കാർ വിദ്യാഭ്യാസ ബോഡിന് കീഴിലുള്ള സ്ക്കൂളിൽ ഇങ്ഗ്ളിഷ് മീഡിയം ക്ളാസിൽ ചേർന്നപ്പോൾ, അദ്ധ്യാപിക/അദ്ധ്യാപകൻ ക്ളാസിൽ കയറിവന്നപ്പോൾ, അടുത്തിരുന്ന വിദ്യാർത്ഥി, തന്നെ പിടിച്ച് എഴുന്നേൽപ്പിച്ചതായി ഒരു ഓർമ്മ ഈ എഴുത്തുകാരന്റെ മനസ്സിൽ അവ്യക്തമായി കിടക്കുന്നുണ്ട്. ഇതിന് മുന്നിൽ പഠിച്ച ഇങ്ഗ്ളിഷ് സ്ക്കൂളിൽ ഇങ്ങിനെ എഴുന്നേൽക്കാറില്ലായിരുന്നു എന്നതാണോ ഈ ഓർമ്മ ചിത്രീകരിക്കുന്നത് എന്ന് അറിയില്ല.


എന്നാൽ, ആ പഴയ ഇങ്ഗ്ളിഷ് സ്ക്കൂളിൽ തന്നെ പലതരം മാറ്റങ്ങളും വന്നുകൊണ്ടിരുന്നു. പുതുതായി ഉളവാകുന്ന സാമൂഹികാന്തരീക്ഷത്തിൽ, പലതും അപ്രായോഗികവും, അനാവശ്യവുമായി, പുതുതായി ഉളവാകുന്ന സ്ക്കൂൾ മാനേജ്മെന്റിന് തോന്നിയിട്ടുണ്ടാവാം. അതുമല്ലെങ്കിൽ, ഈ പുതിയ സ്കൂൾ മാനേജ്മെന്റിൽപ്പെട്ടവർക്ക്, ഇങ്ഗ്ളിഷ് ഭാഷാ പാരമ്പര്യങ്ങളുമായി പൊരുത്തപ്പെടാനായില്ലാ എന്നും വരാം.


ആ Anglo-ഇന്ത്യൻ സ്ക്കൂളിൽ പാരമ്പര്യമായി ഭക്ഷണം കഴിക്കുന്ന അവസരത്തിൽ കത്തിയും മുള്ളും (fork & spoon) ആണ് ഉപയോഗിച്ചിരുന്നത്. എന്നാൽ, ഈ എഴുത്തുകാരൻ ചേരുന്നതിന് ഒന്നോ രണ്ടോ വർഷങ്ങൾക്ക് മുന്നെ ഈ സമ്പ്രദായം അവസാനിപ്പിച്ചിരുന്നു.


ഈ വിധ മാറ്റങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചിരുന്ന ശക്തമായ കരങ്ങൾ ആരുടേതാണ് എന്ന് അന്ന് അറിഞ്ഞിരുന്നില്ല. എന്നാൽ, വർഷങ്ങൾക്ക് ശേഷം പലതരം ബോധോദയങ്ങളും വന്നുചേരുന്നതിനോടൊപ്പം ഇതും മനസ്സിൽ ഒരു അറിവായി വന്നു.