ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

One    Two    Three    Four    Five    Six    Seven    Eight

Nine    Ten   Eleven    Twelve    Thirteen    Fourteen

28. ഇങ്ഗ്ളിഷിൽ ഉച്ചാരണ പിശക് പടർത്തിയ തിരുവിതാംകൂർ ഭാഷ

ഇവിടെ പറയാൻ വന്നത് ഇങ്ഗ്ളിഷ് വാക്കുകളുടെ ഉച്ചാരണത്തെക്കുറിച്ചാണ്. മലബറിൽ ഇങ്ഗ്ളിഷ് കുറച്ച് പേർക്കേ അറിവുണ്ടായിരുന്നുള്ളു. മിക്ക പ്രദേശങ്ങളിലും മലയാളം വിദ്യാഭ്യാസം തന്നെയാണ് ആരംഭിക്കപ്പെട്ടത്. ഇതിൽ, തിരുവിതാംകൂറിൽനിന്നും വന്ന കൃസ്തീയ സംഘടനകളും SNDPപോലുള്ള സംഘടനകളും കാര്യമായിത്തന്നെ പ്രവർത്തിച്ചിട്ടുണ്ടാവണം. ഇസ്ലാമിക സംഘടനകളും ഇതേ പോലെ പ്രവർത്തിച്ചിട്ടുണ്ടാവാം.


എന്നാൽ പൊതുവെ പറഞ്ഞാൽ മലബാറിൽ പല ഇങ്ഗ്ളിഷ് വാക്കുകളും ശരിയായ ഉച്ചാരണം തന്നെയായിരുന്നു. ഉദാ. Work, Wash, Was, Is, Auto തുടങ്ങിയ പദങ്ങൾ പൊതുവായി ശരിയായ ഉച്ചാരണത്തിൽത്തന്നെ പലരും പറഞ്ഞിരുന്നു. എന്നാൽ തിരുവാകൂറിൽ എത്തിയപ്പോൾ കാര്യങ്ങൾ തികച്ചും വ്യത്യസ്തം.


'വർക്ക്', 'വാഷ്', 'വാസ്', 'ഈസ്', 'ആട്ടോ' തുടങ്ങിയ വിചിത്രങ്ങളായ ഉച്ചാരണ രീതി ശ്രദ്ധയിൽപ്പെട്ടു. ഇത് എന്ത് ഇങ്ഗ്ളിഷാണ് എന്ന ചോദ്യത്തിന് പകരം, ഇങ്ഗ്ളിഷ് പഠിപ്പിക്കുന്നവർക്ക് ഇങ്ഗ്ളിഷ് അറിയുമോ എന്ന ചോദ്യം മനസ്സിൽ ഉയർന്നു.


പിന്നീടുള്ള പത്ത് പതിനഞ്ച് വർഷത്തിനുള്ളിൽ തിരുവിതാംകൂറിലെ ഈ ഇങ്ഗ്ളിഷ് പഠനം മലബാറിലേക്ക് പടരുന്നത് കാണേണ്ടി വന്നു. ഇന്ന് മലബാറിലും പ്രാദേശിക ഭാഷാ സ്കൂളുകളിൽ മിക്കവയിലും, ഇങ്ഗ്ളിഷ് മീഡിയം സ്കൂളുകളിൽ ചിലതിലെങ്കിലും ഈ വിധമുള്ള ഉച്ചാരണത്തിൽ ആണ് ഇങ്ഗ്ളിഷ് പദങ്ങൾ പഠിപ്പിക്കുന്നത്.


മുകളിൽ പറഞ്ഞ പ്രസ്ഥാനങ്ങളുടെ വിദ്യാഭ്യാസം നൽകൽ എന്നുള്ളത് യഥാർത്ഥത്തിൽ ഒരു വിവരംനൽകൽ പദ്ധതിയാണ് എന്ന് തോന്നുന്നില്ല. മറിച്ച്, വിവരം എന്നുള്ളത് അവരവരുടെ പദ്ധതികൾക്ക് അനുസൃതമായി പരിധിപ്പെടുത്തൽ ആണ് സംഭവിച്ചത്. അതോടൊപ്പംത്തന്നെ ഓരോ പ്രസ്ഥാനക്കാർക്കും, അവരോട് ഫ്യൂഡൽഭാഷാ കോഡുകളിൽ വിധേയത്വവും അടിയാളത്തവും, സ്നേഹവും ആദരവും, കടപ്പാടും നിറഞ്ഞുനിൽക്കുന്ന ഓരോ ജനക്കൂട്ടങ്ങളെ മെനഞ്ഞെടുക്കുകയെന്നതാണ് ഈ വിധമുള്ള വിദ്യാഭ്യാസം നൽകലിലുള്ള ഗൂഡോദ്ദേശം എന്നാണ് തോന്നുന്നത്.


അണിയില്ലെങ്കിൽ നേതാവില്ല.


അതേ സമയം, ഫ്യൂഡൽ ഭാഷാ സമൂഹങ്ങളിൽ അണിയും നേതാവും ഇല്ലായെങ്കിൽ സമൂഹംതന്നെ ശിഥിലമാകപ്പെടാം. കാരണം, വ്യക്തമായ സാമൂഹികമോ, മറ്റോ ആയ സ്ഥാനം പൊതുവായി അംഗീകരിക്കപ്പെട്ട ഒരു നേതൃസ്ഥാനത്തിന് കീഴിൽ ഓരോരുത്തർക്കും ഇല്ലായെങ്കിൽ, തമ്മിൽതമ്മിൽ ആശയവിനിമയവും, സംസാരവും, സംവാദവും മറ്റും പ്രയാസകരമായി മാറും. ഇത് ഫ്യൂഡൽ ഭാഷകളുടെ ഒരു പ്രത്യേകതയാണ്.