ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

One    Two    Three    Four    Five    Six    Seven    Eight

Nine    Ten   Eleven    Twelve    Thirteen    Fourteen

43. ഓലക്കുടയുടെ സാമൂഹിക മഹിമ

ഫ്യൂഡൽ ഭാഷകളിലെ ഭയാനകത്വം ജന്മി അടിയാനോടോ, മറ്റ് കീഴിൽ വരുന്നവരോടോ, തരംതാഴ്ത്തുന്ന വാക്ക് കോഡുകൾ ഉപയോഗിക്കും എന്നുള്ളത് മാത്രമല്ല. മറിച്ച്, കീഴിൽ വരുന്നവർക്കും ഇതേ കോഡുകൾ അവരുടെ അടുത്തുവരുന്ന ആരുടേയും മേൽ ഉപയോഗിക്കാൻ പറ്റും എന്നുള്ളതാണ്.


ഇതും പ്രാദേശിക സാമൂഹികാന്തരീക്ഷത്തിൽ കാര്യമായ ഭയപ്പാടുകൾ നിരത്തിയിരുന്നു. സാമൂഹിക പദവി പ്രദർശിപ്പിച്ച് കൊണ്ട് മാത്രമേ പുറത്ത് ഇറങ്ങാൻ പറ്റുള്ളു. അല്ലെങ്കിൽ, ചെറുപ്രായക്കാരിയായ ലക്ഷ്മിക്കുട്ടി തമ്പുരാട്ടി, തീയ്യ സ്ത്രീകളുടെ മുന്നിൽപ്പെട്ടാൽ, വെറും, 'ലച്മിയും', 'ഓളും', 'ഇഞ്ഞിയും' ആയിപ്പോകും, മലബാറിൽ.ബ്രാഹ്മണ സ്ത്രീകൾ പുറത്തിറങ്ങുമ്പോൾ, ഓലക്കുടപിടിച്ച് കൊണ്ട് ഒരു ശൂദ്ര (നായർ) സ്ത്രീ കൂടെ ഉണ്ടാകുന്നതാണ് അഭികാമ്യം. അതേ സമയം നായർ പെൺകുട്ടികൾപോലും, പുറത്തിറങ്ങുമ്പോൾ, ഒരു ഓലക്കുട പിടിച്ചിരിക്കുന്നതാണ് വാക്ക് കോഡുകളിലൂടുള്ള സാമൂഹിക സുരക്ഷിതത്വത്തിന് നല്ലത്.


ഓലക്കുടയുടെ സാമൂഹിക മഹിമ പറയുകയാണെങ്കിൽ, ഈ എഴുത്തുകാരനോട് ഒരു തീയ്യത്തറവാട്ടുകാരൻ പറഞ്ഞ കഥ ഓർമ്മവരുന്നു.


ഏതാണ്ട് 40 വർഷം മുൻപുള്ള കഥയാണ്. മലബാറിലെ ഒരു കുഗ്രാമത്തിൽ ഒരു മലയൻ ചെറുപ്പക്കാരൻ സ്വന്തമായുള്ള മാനസിക നൈപുണ്യം ഉപയോഗിച്ച് പനയോലകൊണ്ട് ഒരു ഓലക്കുടയുണ്ടാക്കി. അത് ഒരു വൻ കഴിവായി അയാൾ കണ്ടു. ഈ കുടയും എടുത്ത് കൊണ്ട് ആ തീയ്യത്തറവാട്ടിലെ കാരണവരുടെ അടുത്ത് നടന്ന് വന്നു.


തീയ്യത്തറവാട്ട് കാരണവർ ഞെട്ടി. 'എന്താടാ ഇത്?' എന്ന് ചോദിച്ചു. മലയൻ വലിയ കാര്യം പോലെ താൻ നിർമ്മിച്ച ഓലക്കുട കാരണവരെ കാണിച്ചു. കാരണവർ അത് വാങ്ങിച്ച്, നിലത്തിട്ട് അടിച്ച്, ചവുട്ടി എടുത്ത് പറമ്പിലേക്ക് എറിഞ്ഞു. 'ഓന്റെ ഒരു പത്രാസ്!' എന്ന് മറ്റുള്ളവരോട് പറയുകയും ചെയ്തു.


ശരിയാണ്. കോൺസ്റ്റബ്ൾ ഐപിഎസ്സുകാരുടെ ചമയങ്ങളുമായി കയറിവന്നാൽ, പോലീസ് ഓഫിസിൽ അനുവദിക്കപ്പെടുമോ?


ഈ വിധമുള്ള സാമൂഹിക അസുരക്ഷിതത്വം എന്താണ് എന്ന് പോലും, ഇങ്ഗ്ളണ്ടിൽ ഇന്ന് ജീവിക്കുന്ന ഇങ്ഗ്ളിഷുകാർക്ക് അറിയില്ലതന്നെ.


Macaulay സൂചിപ്പിച്ച English in taste, in opinions, in morals, and in intellect (അഭിരുചിയിലും, അഭിപ്രായങ്ങളിലും, സാൻമാർഗ്ഗികതയിലും ധർമ്മാധർമ്മവിവേചനത്തിലും, ബുദ്ധിശക്തിയിലും ഇങ്ഗ്ളിഷുകാർ) ആയുള്ളവർ, സാമൂഹികമായി മുകളിൽപെട്ടാൽ താഴെയുള്ളവരെ മൃഗീയമായി നഖം ഉള്ളിൽക്കയറ്റി ഞെക്കിയമർത്തുന്നവർ അല്ല.അവർ സാമൂഹികമായി കീഴിൽപ്പെട്ടാൽ അരികത്ത് കിട്ടുന്ന മുകൾസ്ഥാനത്തുള്ളവരെ വാക്ക് കോഡുകളാൽ കടിച്ച് കീറുന്നവർ അല്ല.


മറിച്ച് ഈ വിധമുള്ള മൃഗീയവാസനകൾ ഇല്ലാത്ത ഭാഷ സംസാരിക്കുന്നവരാണ്.


ഏതാണ്ട് 20 വർഷങ്ങൾക്ക് മുൻപ് വയനാട്ടിലെ ഒരു ഉൾപ്രദേശത്തൂടെ ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുന്ന അവസരത്തിൽ, പെട്ടെന്ന് ഒരു ബന്ദ് പ്രഖ്യാപിക്കപ്പെട്ടതായി അറിഞ്ഞു. അന്ന് ആ ഉൾ പ്രദേശത്തുള്ള ഒരു ചെറിയ കുടിലിൽ താമസിച്ചു. ആ വീട്ടിൽ മദ്ധ്യവയസ്സുള്ള ഒരു പുരുഷനും ഭാര്യയുമായിരുന്നു ഉണ്ടായിരുന്നത്.

പിറ്റേന്ന് എഴുന്നേറ്റ് സാമൂഹിക കാര്യങ്ങൾ സംസാരിക്കുന്ന അവസരത്തിൽ, ആ ആൾ ആ നാട്ടിലെ പാരമ്പര്യത്തെക്കുറിച്ച് ചെറുതായി ഒന്ന് സംസാരിച്ചു.


പണ്ട് കാലങ്ങളിൽ ആ പ്രദേശത്ത് ഒരു മൂപ്പൻ ഉണ്ടായിരുന്നു. ജന്മിയാണ്. ആ ആൾക്ക് പ്രധാനപ്പെട്ട ഒരു കൈയാൾ ഉണ്ടായിരുന്നു. ഈ അനുചരൻ ആ പ്രദേശത്ത് താമസിക്കുന്ന കൂരപ്പുരകളിൽ പലതിലും വരും. കാഴ്ചക്ക് അഴകുള്ള ഭാര്യമാരുള്ള കൂരകളിൽ വന്നിട്ട് ഏർപ്പാട് ചെയ്യും. ഭർത്താവിനോട് പറയും. 'പൊക്കാ (പേര്), നാളെ ഉച്ചക്ക് മൂപ്പൻ ഈട്ന്നാ ബെയ്ക്ക്വ. ഇഞ്ഞ് ഈടെ ഇണ്ടാണ്ട. ഓളോട് ഒരിങ്ങീരിക്കാൻ പറ'.


പിറ്റേന്ന് മൂപ്പൻ അവിടെ വന്ന് ഉച്ച ഊണ് കഴിക്കും പൊക്കന്റെ ചെറുപ്രായക്കാരിയായ ഭാര്യമാത്രമേ ഉണ്ടാവുള്ളു അവിടെ. ആ സ്ത്രീക്കും വലിയ കാര്യമാകാനാണ് സാധ്യത. 'ബലിയോലല്ലെ ബന്നിരിക്കുന്നെ'!


ഏതാണ്ട് ഇതേപോലുള്ള ഒരു അന്തരീക്ഷം വയനാട്ടിൽ ഒരു ഒറ്റപ്പെട്ട വീട്ടിൽ നാട്ട് പ്രമാണി സ്ഥിരമായിവന്ന്, ഭർത്താവിനേയും, ഭാര്യയേയും 'ഇഞ്ഞ്' എന്ന് സംബോധന ചെയ്ത്, അടിമപ്പെടുത്തിയ ഒരു അന്തരീക്ഷം ഈ എഴുത്തുകാരൻ നേരിട്ട് കണ്ടിട്ടുണ്ട്. യുവാവായ ഭർത്താവും ഭാര്യയും ബഹുമാനവാക്കുകൾ മാത്രം തിരിച്ച് നൽകാൻ ബാധ്യസ്ഥരാണ്. അല്ലെങ്കിൽ തനി തെമ്മാടിത്തമായിപ്പോകും.


ഇങ്ഗ്ളിഷ് ഭരണം ഈ ഉപദ്വീപിൽ ലിഖിതരൂപത്തിലുള്ള നിയമങ്ങളും പോലീസ് സമ്പ്രദായവും ഇങ്ഗ്ളിഷ് ഭാഷയും നാട് നീളം പ്രചരിപ്പിച്ചപ്പോൾ, ജന്മി വർഗ്ഗ മൂപ്പന്മാരുടെ മൃഗീയമായ നഖങ്ങളും, കീഴ് സമുദായക്കാരുടെ കൈയ്യിക്കിട്ടിയാൽ കടിക്കാനുള്ള പല്ലും, ഇല്ലാതാകുകയാണ് ചെയ്തത്.


ശരിയാണ്, പല അധികാരങ്ങളും നഷ്ടപ്പെട്ട പല കുട്ടിരാജാക്കളും പാരമ്പര്യ ജന്മികളും മറ്റും ഇങ്ഗ്ളിഷ് ഭരണം നടപ്പിൽ വരുത്തിയ പോലീസ് സമ്പ്രദായങ്ങക്ക് എതിരെ അട്ടിമറിക്കൽപ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടാവും. പോലീസുകാരും പ്രാദേശികർ തന്നെയാണ്. അവരും അപമര്യാദയായിത്തന്നെയാകാം അവരുടെ കൈയ്യിൽ പെട്ടവരോട് പെരുമാറുക.


വയനാട്ടിൽപ്പോലും പോലീസുകാരെ കുട്ടിരാജാക്കളുടെ കൈയ്യാളുകൾ ആക്രമിച്ചിട്ടുണ്ട് എന്നാണ് അറിയുന്നത്. ഇന്ന് ഈ കൂട്ടർ ഇന്ത്യൻ സ്വാതന്ത്ര്യസമര വീരന്മാരായി സ്ക്കൂൾ പാഠപുസ്തകങ്ങൾ പൂജിക്കുന്നുണ്ടാവാം.