ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

One    Two    Three    Four    Five    Six    Seven    Eight

Nine    Ten   Eleven    Twelve    Thirteen    Fourteen

25. വാക്ക് കോഡുകളിലൂടെയുള്ള ആന്തോളനം

35 ഓളം വയസ് തോന്നിക്കുന്ന, മുഷിഞ്ഞതും, വിലകുറഞ്ഞതുമായ വസ്ത്രം ധരിച്ച ഒരു വ്യക്തി. കണ്ടാൽ ഒരു ദരിദ്രവാസി. മറ്റുള്ളവർ, ഇയാൾക്ക് തുല്യമായ പ്രായമുള്ളവരും, അതിൽകൂടുതൽ ഉള്ളവരും ഇയാൾക്ക് നൽകുന്ന അക്കത്തിലെ മൂല്യം 5മുതൽ 6വരെ ആകാം. എന്നാൽ ചെറുപ്രായക്കാരായ കുട്ടികൾ ഇയാൾക്ക് 12മുതൽ 13വരെ മൂല്യം നൽകിയേക്കാം. കാരണം, അവർ പ്രായം കണക്കിലെടുത്തേക്കാം.


ഈ ആൾ ഒരു സ്ഥലത്ത് കയറിവരുന്നു. ആളുകൾ ഈ ആളെ 'അവൻ' എന്ന വാക്ക് കൊണ്ട് പരാമർശിക്കുന്നു. അപ്പോൾ ആരോ പറയുന്നു : ഈ ആൾ വലിയ ഉദ്യോഗത്തിലിരുന്ന ആളാണ്. എന്തോ ആശയപരമായ കാരണത്താൽ തൊഴിൽ രാജിവെച്ച ആളാണ്.


ഈ വിവരം ഈ ആൾക്ക് നൽകിയ അക്ക മൂല്യത്തിൽ ഒരു ഉയർച്ച വരുത്തുന്നു. അത് നേരെ 8ലേക്ക് ഉയരുന്നു. എന്നാൽ, 'അവൻ' തന്നെ. കാരണം, പൊട്ടനാണ്. അല്ലാതെ ഇത്ര നല്ല തൊഴിൽ വിട്ട് പോരുമോ?


അപ്പോഴാണ് അറിയുന്നത്, പലയിടത്തും ബഹുമാനിക്കപ്പെടുന്ന ആളാണ്. ഈ കാണുന്ന കോലം നോക്കേണ്ട. ഇത് കേട്ടപ്പോൾ, മൂല്യം ഇരച്ചുകയറുന്നു. അത് 13ലേക്ക് ഉയരുന്നു. 'അവൻ' വിട്ട് 'അയാൾ' എന്നതിലേക്ക് ഉയരുന്നു.


അപ്പോഴാണ് മറ്റൊരു വിവരം വരുന്നത്, ഈ ആൾ വലിയ സാമ്പത്തികമുള്ള വീട്ടിലെ അംഗമാണ്. സ്വന്തം പിതാവിന് വേണമെങ്കിൽ അവിടെ ഇരിക്കുന്ന എല്ലാവരേയും വിലക്ക് വാങ്ങാൻ പോന്ന പണം ഉണ്ട്. ഇത് കേട്ടമാത്രയിൽ അക്കങ്ങളിലെ മൂല്യം വിസ്ഫോടകമാംവിധം ഉയരുന്നു. നേരെ 25ലേക്ക്. 'അവനോ', 'അയാളോ', അല്ല ഇത്. സാക്ഷാൽ 'അദ്ദേഹമാണ്'.


ജനം ഇങ്ങിനെ ഞെട്ടിത്തരിച്ചിരിക്കുമ്പോളാണ് മറ്റൊരു വിവരം ഒരാൾ പറയുന്നത്. അച്ഛൻ പ്രതാപിതന്നെ. എന്നാൽ അച്ഛൻ ഈ ആളെ വീട്ടിൽ നിന്നും ചവിട്ടിപ്പുറത്താക്കിയതാണ്. അവിടെ യാതോരുവിലയും ഈ ആൾക്ക് ഇല്ലതന്നെ.


പോയി, അക്കങ്ങളിലെ മൂല്യം. നേരെ 17ലേക്ക്. വെറും 'അയാൾ'.

ഈ വിവരങ്ങൾ ഓരോന്നും കേട്ടുകൊണ്ടിരിക്കുന്ന ആളുകൾക്കും മുകളിലോട്ടും താഴോട്ടും ഉള്ള ഒരും ആന്തോളനം (bouncing) അനുഭവപ്പെടും. ഈ ആൾ പൊങ്ങുമ്പോൾ അവർ താഴും. ഈ ആൾ താഴുമ്പോൾ അവർ പൊന്തും.


ഈ അനുഭവം അനുഭവിച്ചുകൊണ്ടിരിക്കുമ്പോൾ, മറ്റൊരു വിവരം. ഈ ആളുടെ അച്ഛൻ മിനിഞ്ഞാന്ന് മരിച്ചു. ഈ ആളാണ് ആ സ്വത്തിന്റെ ഒരു പ്രധാന അവകാശി. 300കി.മി ദൂരത്തിനപ്പുറത്തുള്ള ഈ ആളുടെ വീട്ടിൽ ഈ ആൾ എത്തിയാൽ, ഈ ആൾ ആ നാട്ടിലെ പ്രമാണിയാണ്.


ഇതോട് കൂടി, അക്കങ്ങളിലെ മൂല്യം നേരെ 29ലേക്ക് നീങ്ങുന്നു. ആൾ 'അദ്ദേഹം' തന്നെയാണ്. എല്ലാരും എഴുന്നേൽക്കുന്നു.


ഇവിടെ നടന്ന ഈ മൂല്യം ഏറലും കുറയലും എവിടെയാണ് സംഭവിച്ചത്? ഇതിനെക്കുറിച്ച് കൂടുതൽ പറയണമെങ്കിൽ യാഥാർത്ഥ്യത്തിന്റെ സോഫ്ട്വേർ കോഡുകളിലെ (Codes of reality) രണ്ട് വ്യത്യസ്ത മണ്ഡലങ്ങളെക്കുറിച്ച് സംസാരിക്കേണ്ടിവരും. അതായത് 'Design view'യും 'Code view'യും. ഇവയെക്കുറിച്ച് പ്രതിപാദിക്കാൻ ഇനിയും വളരെ ദൂരം കടക്കേണ്ടിയിരിക്കുന്നു ഈ പാതയിൽ.


ഇനി നമുക്ക് പുതിയ സ്കൂളിലേക്ക് തിരിച്ച് പോകാം. വിദ്യാർത്ഥികൾ എല്ലാവരും 'അവനും' 'അവളും' ആണെങ്കിലും, ഇതിനുള്ളിലും 1മുതൽ 10വരെയുള്ള ആയാമ(amplitude)ത്തിൽ വ്യക്തിത്വം ആന്തോളനം ചെയ്യാം. മുമ്പനായി പെരുമാറുന്ന ആൾക്ക് 10ന്റെ നിലവാരംവരെയുള്ള മാനസിക ഉന്മാദാവസ്ഥയിൽഎത്തിച്ചേരാം.


എന്ത് ചെയ്താലും, ചെയ്തില്ലെങ്കിലും, 'He', 'He'ആയിത്തന്നെ നിലനിൽക്കുന്ന ഭാഷയിൽ, കാര്യങ്ങൾ വ്യത്യസ്തമാണ്.