ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

One    Two    Three    Four    Five    Six    Seven    Eight

Nine    Ten   Eleven    Twelve    Thirteen    Fourteen

39. കേരളോൽപ്പത്തിയുടെ ഉൽപ്പത്തി

ഇവിടെ പ്രസക്തമല്ലാത്ത ഒരു ചെറിയ കാര്യം പറഞ്ഞിട്ട് മുന്നോട്ട് നീങ്ങാം എന്നു തോന്നുന്നു. ലോകൈകമായി പഴയ കാലങ്ങളുമായി ബന്ധപ്പെട്ട പല എഴുത്തുകളും യാദൃശ്ചികമായി പലപ്പോഴും വായിക്കുന്ന അവസരങ്ങളിൽ, 'മലബാർ' (Malabar) എന്ന സ്ഥലത്തെക്കുറിച്ച് പലപ്പോഴും അങ്ങുമിങ്ങും സൂചിപ്പിച്ച് കാണാറുണ്ട്. അത് പോലെ തന്നെ, നേരത്തെ സൂചിപ്പിച്ച Calicut, Quilon, Cape Comerin, Cannanore, Cochin, Laccadives തുടങ്ങിയ സ്ഥലങ്ങളും ചിലപ്പോഴെല്ലാം പഴയകാല അന്തർദ്ദേശീയ എഴുത്തുകളിൽ കാണാറുണ്ട്. എന്നാൽ, 'കേരളം' എന്ന ഒരു സ്ഥലനാമം അങ്ങിനെ എവിടെയും കണ്ടതായി ഓർക്കുന്നില്ല.


ഉദാഹരണത്തിന്, മാർക്കൊ പോളോയുടെ (Marco Polo) യാത്രാവിവരണങ്ങൾ പണ്ട് കുട്ടിക്കാലത്ത് വായിച്ചപ്പോൾ, മലബാറിനെക്കുറിച്ച് കാര്യമായിത്തന്നെ ഒരു വിവരണം കണ്ടതായി ഓർക്കുന്നു. Marco Polo 1300കളിൽ ജീവിച്ച വ്യക്തിയാണ്.


'കേരളം' എന്ന സ്ഥലനാമം അങ്ങിനെ എവിടെയും കണ്ടതായി ഓർക്കുന്നില്ല. എന്നാൽ അന്വേഷിച്ച് ചെന്നാൽ, എവിടെയെങ്കിലും കണ്ടെത്തിയേക്കാനായേക്കാം.


എന്നാൽ ഇന്ന് കേരള സംസ്ഥാനത്ത്, ഐതിഹാസിക കാലഘട്ടങ്ങളിലേക്ക് ചരിത്ര പഠനം ഊന്നൽ കൊടുക്കുന്നുണ്ടോ എന്ന് അറിയില്ല.


കേരളമാഹാത്മ്യവും, കേരളോൽപ്പത്തിയും കേരളത്തിന്റെ ഉൽപ്പത്തിയെക്കുറിച്ച് പറയുന്നുണ്ട് എന്നാണ് അറിയുന്നത്. ഇവയിൽ പരശുരാമന്റെ കഥ പറയുന്നുണ്ട് എന്നും പറയപ്പെടുന്നു. ഈ കഥയിൽ യാതോരു വാസ്തവവും ഇല്ലാ എന്ന് പറയാൻ പറ്റില്ല. എന്നാൽ, ആ കഥയിൽ സൂചിപ്പിക്കപ്പെടുന്ന ജനക്കൂട്ടങ്ങളും ഇന്ന് മലബാറിലും, തിരുവിതാംകൂറിലും ഉള്ള ജനങ്ങളുമായി കാര്യമായ ബന്ധം ഉണ്ടോ എന്ന് തീർത്ത് പറയാൻ ആവുമോ?


കേരളമാഹാത്മ്യവും, കേരളോൽപ്പത്തിയും ചരിത്രാതീത കാലഘട്ടങ്ങളിൽ ചരിത്ര സംഭവങ്ങൾ രേഖപ്പെടുത്തിയ ഗ്രന്ഥങ്ങൾ അല്ലാ എന്നാണ് പറയപ്പെടുന്നത്. മറിച്ച്, വളരെ അടുത്ത കാലഘട്ടങ്ങളിൽ എഴുതപ്പെട്ടവയാണ് എന്ന് പറയപ്പെടുന്നു.


കേരളോൽപ്പത്തിക്ക് വെറും ഒരു നൂറ്റാണ്ട് പഴക്കമേയുള്ളു എന്ന് Travancore State Manualൽ അഭിപ്രായപ്പെടുന്നുണ്ട്.


QUOTE from Travancore State Manual (1906): 'Keralolpatti, — a treatise, the statements in which however should be taken cum grano salis, for it is only, after all, a collection of the best available materials known to the people of Malabar more than a century ago.' END OF QUOTE


കേരളമാഹാത്മ്യത്തിന്റെ കാര്യവും തഥൈവ എന്നാണ് സൂചിപ്പിച്ച് കാണുന്നത്. ഈ രണ്ട് ഗ്രന്ഥങ്ങളും ബ്രാഹ്മണ മേധാവിത്വത്തെ ന്യായീകരിക്കാൻ വേണ്ടി കരുതിക്കൂട്ടി ചമച്ചതാണ് എന്നും അവകാശപ്പെട്ടുകാണുന്നു.


ഈ വിഷയം ഇവിടെ വിടുകയാണ്. എന്തെങ്കിലും ഒന്ന് തൊട്ട് പോയാൽ, എഴുത്തിന്റെ ഒഴുക്കിന്റെ ദിശ കാര്യമായി വ്യതിചലിച്ചേക്കാം.