ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

One    Two    Three    Four    Five    Six    Seven    Eight

Nine    Ten   Eleven    Twelve    Thirteen    Fourteen

53. സമൂഹത്തെ മലക്കം മറിക്കാനാവുന്ന ഹ്രസ്വശബ്ദം

സാമൂഹിക സുരക്ഷയും നിയമ സംവിധാനങ്ങളും നായന്മാർതൊട്ട് മുകളിലോട്ടുള്ളവരുടെ കൈവശമായിരുന്നു. ഏറ്റവും മുകളിൽ, ഇന്നത്തെ ഐഏഎസ്കാരോട് ഉപമിക്കാവുന്ന ബ്രാഹ്മണ ജാതിക്കാർ. ഏറ്റവും താഴെ കോൺസ്റ്റബ്ളിനോട് സാമ്യപ്പെടുത്താവുന്ന നായന്മാർ.


ഇങ്ഗ്ളിഷ് ഭരണം മലബാറിൽ പടർന്നതോടുകൂടി, ഈ ഭരണവർഗ്ഗവും സംവിധാനവും അനാവശ്യവും, വ്യർത്ഥവും, അധികപ്പറ്റുമായി. പ്രത്യേകിച്ചും ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി പോലീസ് സംവിധാനങ്ങളും ലിഖിത രൂപത്തിലുള്ള നിയമങ്ങളും കോടതികളും നടപ്പിൽ വരുത്തിയതോടുകൂടി.


കീഴ് ജാതിക്കാർക്ക് സ്വന്തമായി കച്ചവട യത്നങ്ങൾ ചെയ്യാമെന്ന രീതിയിൽ നിയമ സംരക്ഷണം വന്നതോടുകൂടി, ഈ പ്രദേശത്തിലെ പാരമ്പര്യ ഭരണസംവിധാനങ്ങളോടും, ഉദ്യോഗസ്ഥ വർഗ്ഗത്തോടും താദാത്മ്യത്തിൽ നിന്നിരുന്ന ഫ്യൂഡൽ ഭാഷയിലെ കോഡുകൾ പലവിധ പ്രശ്നങ്ങളും സൃഷ്ടിക്കും എന്ന കാര്യം ഇങ്ഗ്ളിഷ് ഭരണത്തിന് യാതോരു വിവരവും ഇല്ലായിരുന്നു എന്ന് കാണുന്നു.


ഇങ്ഗ്ളിഷിലെ നിസ്സാരവാക്യമായ Where are you going? മാത്രം മതി പ്രശ്നമുണ്ടാക്കാൻ. കീഴ് ജാതിക്കാരൻ സാമൂഹിക അടിത്തട്ടിൽ നിന്നുകൊണ്ട് ഇത് ചോദിക്കുന്നതും, ഇതേ കീഴ് ജാതിക്കാരൻ, പുതുതായി ഉദിച്ച സാമൂഹിക സ്വാതന്ത്ര്യത്താൽ, പാരമ്പര്യ ഉദ്യോഗസ്ഥവർഗ്ഗത്തിൽപ്പെട്ട ആളോട് ഇതേ ചോദ്യം ചോദിക്കുന്നതും തമ്മിൽ കാര്യമായ വ്യത്യാസം ഉണ്ട്. വ്യക്തമായിപ്പറഞ്ഞാൽ, 'ഇങ്ങള് ഏടയാ പോന്നേ?' എന്നത് 'ഇഞ്ഞി ഏടയാ പോന്നേ?' എന്നായി മാറും.


നിസ്സാരം എന്ന് തോന്നിക്കുന്ന ഒരു ശബ്ദ വ്യത്യാസം മാത്രം ആണ് ഇത്. എന്നാൽ, സാമൂഹിക ഘടനയെ മലക്കം മറിക്കാൻ കഴിവുള്ള ശബ്ദവ്യത്യാസം ഇതിൽ ഉണ്ട്. ഇക്കാര്യം ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർക്ക് ആദ്യമൊക്കെ ഒട്ടുംതന്നെ അറിവ് ലഭിച്ചില്ല എന്നാണ് കാണുന്നത്. പിന്നീട് കാലങ്ങളിൽ ഇവിടുള്ള ഭാഷയിൽ എന്തോ പന്തികേടുണ്ട് എന്ന് അവർ മനസ്സിലാക്കിയതായും കാണുന്നുണ്ട്.


ഇന്ന് പോലീസ് കോൺസ്റ്റബ്ളിനെ ഒരു കൂലിക്കാരൻ വന്ന് 'നീ' എന്ന് സംബോധന ചെയ്താലുള്ള പ്രശ്നം മനസ്സിലാക്കാനേയുള്ളു. എന്നാൽ, യാതോരു കൂലിക്കരനോ, വാണിജ്യ വാഹന ഡ്രൈവറോ, മറ്റ് ആരെങ്കിലുമോ, ഇന്ന് ഇതിന് തയ്യാറാകില്ല. മറിച്ചൊരു സാമൂഹിക സംരക്ഷണ / സുരക്ഷാ സംവിധാനം ഉദിച്ചുവരുന്നത് വരെ.


ഈ പറയുന്ന കാര്യങ്ങൾ തികച്ചും അനുഭാവ്യമായ ചിത്രീകരണമാണ്. കാരണം, അന്നുള്ള ഇങ്ഗ്ളിഷ് കൊളോണിയൽ ഉദ്യോഗസ്ഥരുടെ എഴുത്തുകളിൽ, ഈ സംഭവ വികാസങ്ങൾ സൂചിപ്പിച്ച് കാണുന്നുണ്ടെങ്കിലും, എന്താണ് സംഭാഷണത്തിൽ വന്ന യഥാർത്ഥ പ്രശ്നം എന്ന് അവർ മലബാറി വാക്കുകൾ ഉപയോഗിച്ച് കൊണ്ട് വിവരിക്കുന്നില്ലതന്നെ.


എന്നാൽ ഇവ വായിക്കുമ്പോൾ, മലബാറിയും മലയാളവും അറിയുന്ന ഈ എഴുത്തുകാരന് എന്തായിരിക്കാം സംഭവിച്ചത് എന്ന് ഊഹിക്കാൻ കഴിയുന്നുണ്ട്.


കീഴ് ജാതിക്കാരൻ നായരോ, അതിനേക്കാൾ ഉയരത്തിലുള്ള ജാതിക്കാരായ കുട്ടികളെയോ മുതിർന്നവരെയോ, 'ഇഞ്ഞ്' എന്ന് സംബോധന ചെയ്യുക, 'എന്താളെ', 'എന്താനെ' എന്ന് അഭിസംബോധന ചെയ്യുക, അല്ലെങ്കിൽ അവരെ 'ഓൻ' (അവൻ), 'ഓള്' (അവള്), 'ഒരുത്തൻ', 'ഒരുത്തി', തുടങ്ങിയവാക്കുകളാൽ പരാമർശിക്കുക തുടങ്ങിയ കാര്യങ്ങൾ സംഭവിച്ചിരിക്കും.


ഇന്നും ഈ രാജ്യത്തിലെ പൌരൻ ഏതെങ്കിലും ഇന്ത്യൻ ഉദ്യോഗസ്ഥനെ ഈ പദപ്രയോഗങ്ങളാൽ നിർവ്വചിക്കാൻ ശ്രമിച്ചത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടാൽ അപകടമാണ്.


ഇത് തന്നെയാണ് അന്നും സംഭവിച്ചത്. ഇത്യാദി തെമ്മാടിത്തരം നടത്തിയ, അധികപ്രസംഗികളായ കീഴ് ജാതിക്കാരനെ ഗ്രാമത്തിലെ അധികാരിയും കൂട്ടരും വന്ന് പിടികൂടികൊണ്ട് പോയി ഒരു കുടിലിനുള്ളിൽ കെട്ടിയിട്ട്, അടിച്ച് ശരിയാക്കും. എന്നിട്ട് നാലഞ്ച് ദിവസം അവിടെകെട്ടിയിടും.