ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

One    Two    Three    Four    Five    Six    Seven    Eight

Nine    Ten   Eleven    Twelve    Thirteen    Fourteen

30. ഒരു വിധേയന്‍റെ അത്യാവശ്യകത

ഫ്യൂഡൽ ഭാഷാ കോഡുകളുടെ സാമൂഹികവും വ്യക്തിപരവും മറ്റുമായ സവിശേഷതകൾ മുഴുവനും ഇവിടെ കുറിച്ചിടാൻ ആവുന്നകാര്യമല്ല. കാരണം, ഈ എഴുത്തുപരമ്പരയുടെ ലക്ഷ്യസ്ഥാനം മറ്റൊരു ദിക്കാണ്.


എന്നാൽ ഈ എഴുത്തുകാരൻ 1989ൽ ആദ്യം കരടുരൂപത്തിൽ എഴുതിയതും 2000ത്തോടുകൂടി ഓൺലൈനായി പ്രസിദ്ധീകരിക്കുകയും ചെയ്ത March of the Evil Empires: English versus the feudal languages എന്ന ഗ്രന്ഥത്തിൽ ഈ ഭാഷാ സവിശേഷതകളെ ഇങ്ഗ്ളിഷുമായി താരതമ്യം ചെയ്യുന്നുണ്ട്. ഇത് ഏതാണ് 165000 വാക്കുകളുള്ള ഒരു പുസ്തകമാണ്. ഇങ്ഗ്ളിഷിലാണ് എഴുതിയിട്ടുള്ളത്.


ഈ എഴുത്തുപരമ്പരയുടെ ഈ അവതാരിക ഏതാനും പേജുകൾ കൂടി ഉണ്ട്. ഫ്യൂഡൽ ഭാഷയെക്കുറിച്ച് അൽപംകൂടി പറയാം.


പൊതുവായിപ്പറഞ്ഞാൽ, കുറച്ച് പൊങ്ങച്ചം പറയേണ്ടുന്ന ആവശ്യം ഈ തരം ഭാഷകളിൽ ഉണ്ട്.


വീട്ടിലും തൊഴിൽസ്ഥലത്തും ബഹുമാനവും ഉയർന്ന സ്ഥാനവും ഉള്ളത് നല്ലതുതന്നെ. എന്നാൽ പുറംലോകത്തിൽ ഇത് അറിയിക്കാൻ എപ്പോഴും കൂടെഒരാൾ വിധേയത്വം പ്രദർശിപ്പിച്ചുകൊണ്ട് ഉള്ളത് നല്ലതാണ്. ഈ ആളുടെ സാന്നിധ്യം സമൂഹത്തിൽ തന്റെ ദിവ്യത്വം പ്രചരിപ്പിക്കാൻ സൊകര്യപ്പെടുത്തും.


ഇങ്ങിനെയുള്ള ഒരാൾ കൂടെനടന്ന്, 'സാർ', 'അദ്ദേഹം', 'അവര്', ('ഓര്'/'ഓല്'), 'മാഢം', 'മേഢം', 'ചേട്ടൻ', 'ചേച്ചി', 'ആന്റി', 'അങ്കിൾ', 'മാഷ്', 'ടീച്ചർ', 'ജീ', 'ബായ്', 'ഇക്ക', 'അണ്ണൻ', 'അക്ക', 'അമ്മ', 'ഗുരു' എന്നൊക്കെ മറ്റുള്ളവരെ കൊണ്ടുവിളിപ്പിക്കുന്നതിൽ വിജയിച്ചാൽ, വ്യക്തിക്ക് സാമൂഹികമായ മഹിമയും ആദരവും നേതൃത്വവും സ്നേഹവും മറ്റും ലഭിക്കും.


ഈ കൂടെയുള്ള ആൾ മറ്റുള്ളവർ കാൺകെ ഭവ്യതയോടും വിധേയത്വത്തോടുംകൂടി ഒന്ന് വെറുതെ എഴുന്നേറ്റ് നിന്നാൽ മാത്രംമതി, ഭാഷാകോഡുകളിൽ വൻ ബലംഏകുന്ന വ്യതിചലനം വന്നുചേരും.


ഇങ്ങിനെയുള്ള ഒരു ആൾ ഇല്ലായെന്നുവന്നാൽ, ഈ അഭാവത്തിന്റെ ന്യൂനത ഒഴിവാക്കാൻ പിന്നെയുള്ള മാർഗ്ഗം സ്വന്തമായി പൊങ്ങച്ചം പറയുക, വലിയ ബന്ധങ്ങൾ സംസാരവിധേനെ അൽപ്പാൽപ്പം സൂചിപ്പിക്കുക, തനിക്ക് ബഹുമാനം ലഭിച്ച പല കഥകളും ഉരുവിടുക, മറ്റുള്ള ചിലരെ കൊച്ചാക്കുകയോ അധിക്ഷേപിക്കുകയോ അപമാനിക്കുകയോ ആരോപണവിധേയനാക്കുകയോ ചെയ്യുന്ന കഥകൾ വ്യക്തമായിത്തന്നെയോ, അല്ലെങ്കിൽ സൂചനകളിലൂടെയോ മറ്റുള്ളവരെ അറിയിക്കുക, തുടങ്ങിയവയാണ്.


മറ്റുള്ളവരെപ്പറ്റി പരാമർശിക്കുമ്പോൾ, വാക്കു-കോഡുകളെ (Indicant words - അവൻ, അയാൾ, അവര് /അദ്ദേഹം /സാർ &c.) ശ്രദ്ധയോടുകൂടി തിരഞ്ഞെടുത്ത്, ആളെ പ്രഹരിക്കുകയോ പുകഴ്ത്തുകയോ ചെയ്യുക എന്നതും ഇതിന്റെ ഭാഗമാണ്.