ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

One    Two    Three    Four    Five    Six    Seven    Eight

Nine    Ten   Eleven    Twelve    Thirteen    Fourteen

22. സർക്കാർ തൊഴിലാളികളും സാധാരണ തൊഴിലാളികളും

കഴിഞ്ഞ രണ്ട് പോസ്റ്റുകളും ഇന്നത്തെ മലബാറിലെ വാണിജ്യവാഹന തൊഴിലാളികളുടെ പെരുമാറ്റത്തെ ഭാഷാ കോഡുകളിൽ വന്ന മാറ്റം എങ്ങിനെ ബാധിച്ചു എന്ന് ഒരു സൂചന നൽകാനാണ്.


സ്വകാര്യ ബസ്സുകളിൽ നേരത്തെ തിരുവിതാംകൂറിൽ ഉണ്ടായിരുന്നു എന്ന് പറഞ്ഞ ബഹളമയമായ പെരുമാറ്റ രീതി മലബാറിൽ ഇന്ന് സർവ്വസാധാരണമാണ്. ഒച്ചവച്ചും, ഞെട്ടിച്ചും, ബസ്സിൽ നിന്നും ഇറങ്ങുന്നവരെ വാക്കുകൾ കൊണ്ട് പ്രഹരിച്ചും, ബസ്സിന്റെ ബോഡിയിൽ ഇട്ട് അടിച്ചും, അനാവശ്യമായി ഹോൺ അടിച്ചും മറ്റും ആണ് വ്യക്തിത്വം തിരിച്ച് പിടിക്കാൻ ബസ്സ് തൊഴിലാളികൾ ശ്രമിക്കുന്നത്. എന്നാൽ ഇതിന് പിന്നിൽ കൂറേകൂടി വ്യാപകമായ അടിത്തറയുണ്ട്.


ഇത് വ്യക്തമാക്കാൻ, സ്വകാര്യ ബസ്സ് ജീവനക്കാരെ കെഎസ്ആർടിസി ബസ് ജീവനക്കാരുമായി താരതമ്യം ചെയ്തു നോക്കുക. പൊതുവെ പറയുകയാണെങ്കിൽ, ഇക്കൂട്ടരിൽ ജോലിസ്ഥിരത ലഭിച്ചവർ പ്രത്യേകിച്ചും, മുകളിൽ സൂചിപ്പിച്ച പീക്കിരിപ്പെരുമാറ്റം കാഴ്ച വെക്കാറില്ല.


ഭാഷാപരമായ വ്യക്തിത്വം ഇവർക്ക് വ്യത്യസ്തമാണ്. ഇവരെ 'ഇഞ്ഞി', 'നീ', 'അവൻ' തുടങ്ങിയവാക്കുകളാൽ തരംതാഴ്ത്തുന്ന മുതലാളിമാർ ഇവർക്ക് ഇല്ല. (തൊഴിൽമേധാവികൾ ഉണ്ട് എന്നത് ശരിയാണ്). സർക്കാർ ഉദ്യോഗസ്ഥർ എന്ന നിർവ്വചനം ഉണ്ട്. ഇത് പലവിധത്തിൽ ഭാഷാകോഡുകളെ സ്വാധീനിക്കുന്നുണ്ട്.


ഇവരെ സാധാരണ പൌരൻ അവരിൽനിന്ന് ലഭിച്ച പ്രകോപനപരമായ പെരുമാറ്റത്താൽപോലും തിരിച്ച് നീ (ഇഞ്ഞി) എന്ന് സംബോധന ചെയ്യുന്നത് ഉദ്യോഗസ്ഥനെ 'നീ' എന്നു വിളിക്കുന്നതിന് തുല്യമായാണ് പരിഗണിക്കപ്പെടുക. അത് സർക്കാർ അനുവദിക്കുന്ന കാര്യമല്ല. ഇതുമായി ബന്ധപ്പെട്ട് ചരിത്രത്തിൽ ഒരു പ്രത്യേക സംഭവവികാസം തന്നെയുണ്ടായിട്ടുണ്ട്.


അത് പിന്നീട് പറയാം.


കെഎസ്ആർടിസി ഡ്രൈവറെ പോലീസുകാർ 'എടാ', 'നീ' ('ഇഞ്ഞ്'), 'അവൻ' ('ഓൻ') തുടങ്ങിയ വാക്കുകളാൽ തരംതാഴ്ത്തുന്നത് അപൂർവ്വമായിരിക്കും.


സ്വകാര്യ ബസ് ജീവനക്കാരനെ പോലീസുകാർ 'എടാ', 'നീ' ('ഇഞ്ഞ്'), 'അവൻ' ('ഓൻ') തുടങ്ങിയവാക്കുകളിലല്ലാതെ നിർവ്വചിക്കുന്നതും അപൂർവ്വമായിരിക്കും.


സ്വകാര്യ ബസ് ജീവനക്കാരും കെഎസ്ആർടിസി ബസ് ജീവനക്കാരും തമ്മിൽ എന്തെങ്കിലും തർക്കം തെരുവിൽ വച്ചുസംഭവിച്ചാൽ, ഈ രണ്ട് കൂട്ടരോടും പോലീസ് വ്യത്യസ്തമായാണ് പലപ്പോഴും പെരുമാറുക. കാരണം രണ്ട് കൂട്ടരോടും വ്യത്യസ്തമായ ഭാഷാ കോഡുകളാണ് ഉപയോഗിക്കുക.


പൊതുജനവും പലപ്പോഴും ബസ് ജീവനക്കാരോട് തർക്കിച്ചാൽ, ഇതേ പോലെതന്നെ വിവേചനം ചെയ്താണ് സംസാരിക്കുക. കെഎസ്ആർടിസി ജീവനക്കാരോട് താരതമ്യേനെ ബഹുമാനത്തോടും, മറ്റവരോട് യാതോരുവിധ മര്യാദയുമില്ലാതെയും.


സ്വകാര്യ ബസ് ജീവനക്കാർക്ക് പലപ്പോഴും ആത്മാഭിമാനവും വ്യക്തിത്വവും തിരിച്ച് പിടിക്കാനുള്ള ഹ്രസ്വമാർഗ്ഗം മുകളിൽ സൂചിപ്പിച്ച ഒച്ചാപ്പാടുകൾ മാത്രമാണ് ഉള്ളത്. മിക്കവർക്കും മറ്റ് യാതോരു പിൻബലവും അവരുടെ കൈയിൽ ഇല്ലതന്നെ.