ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

One    Two    Three    Four    Five    Six    Seven    Eight

Nine    Ten   Eleven    Twelve    Thirteen    Fourteen

43. രാഷ്ട്രം ഫ്യൂഡൽ ഭാഷാ കോഡുകൾക്ക് കീഴടങ്ങുമ്പോൾ

രാഷ്ട്രം ഫ്യൂഡൽ ഭാഷാ കോഡുകൾക്ക് കീഴടങ്ങുമ്പോൾ, ഇത്രയും നാൾ സാമൂഹികാന്തരീക്ഷത്തെ സമത്വാധിഷ്ഠിതമായി (egalitarian) നിലനിർത്താനായി പ്രവർത്തിച്ച ഇന്ത്യൻ ഭരണഘടനയുടെ പ്രവർത്തനങ്ങളും ധർമ്മശാസ്ത്രങ്ങളും പാഴ്വേലയായി മാറും.


ഇന്ത്യൻ ജനങ്ങളുടെ സാമൂഹിക രൂപകൽപ്പന, നിരപ്പുള്ള സാമൂഹികാന്തരീക്ഷത്തിൽനിന്നും പൂർണ്ണമായും മാറി, പലതട്ടുകളുള്ളതും, പിരമിഡ് രൂപത്തിലുള്ളതും, ആയ അനവധി ഘടകങ്ങളായ രൂപഘടന കൂടുതൽ ഉറപ്പിക്കപ്പെടും.


സർക്കാർ ജോലി എന്നുള്ളത് പണ്ട് കാലങ്ങളിൽ ഉള്ള ജന്മിത്വത്തിന് തുല്യമാകും. അതായത് കുറച്ച് വൻ ജന്മിമാരും, അവർക്ക് കീഴിലായി കുറെ കുട്ടിജന്മിമാരും, അവർക്കെല്ലാം കീഴെയായി അനവധി കൈയ്യാളുകളും.


ഈ കൈയ്യാളുകളുമായി ഇന്നുള്ള പോലീസ് ഇൻസ്പെടർ, ഏഎസ്ഐ, ഹെഡ് കോൺസ്റ്റബ്ൾ, കോൺസ്റ്റബ്ൾ എന്നിവരേയും, സർക്കാർ ഓഫിസിലെ ഓഫിസ് സൂപ്രണ്ടുമാരെയും ക്ളാർക്കുമാരെയും (ഗുമസ്തന്മാരെയും) പ്യൂണുകളെയും താരതമ്യപ്പെടുത്താനാവുന്നതാണ്. സർക്കാർ സേവനത്തിലെ ഏറ്റവും പരുക്കൻ പെരുമാറ്റം പൊതുവെ ഇവരിൽ നിന്നുമാണ് പൊതുജനത്തിന് ലഭിക്കുക.


അതേ സമയം ഇവരേക്കാൾ ഉയരത്തിൽ ഉള്ളവരുമായി പൊതുജനത്തിന് അടുക്കാൻ പറ്റില്ലതന്നെ. പലവിധ തടസ്സങ്ങളും മറ്റും ഉള്ള ഒരുതരം അയിത്തം മിക്ക ആളുകളെയും ഇവരുമായി അടുക്കുന്നതിന് തടസ്സമായി നിലനിൽക്കും.


പഴയ കാല ജാതി വ്യവസ്ഥയുടെ പലവിധ ഭാവങ്ങളും ഇന്ന് സർക്കാർ തൊഴിലാളികളും ജനങ്ങളും തമ്മിൽ നിലനിൽക്കുന്നുണ്ട്.


REV. Samuel Matter എഴുതിയ Native Life in Travancoreൽ, തിരുവിതാംകൂർ രാജ്യത്തിൽ ഉണ്ടായിരുന്ന ജാതിവ്യവസ്ഥയുടെ കാഠിന്യം വളരെ വ്യക്തമായി ചിത്രീകരിച്ചിട്ടുണ്ട്. ഈ ചിത്രീകരണത്തിലെ വ്യക്തികളെ മാറ്റി ഒരു പക്ഷത്ത് ഇന്നത്തെ സർക്കാർ ഓഫിസ് തൊഴിലാളികളും മറു പക്ഷത്ത് ഇന്നുള്ള പൊതുജനവും ആയി കഥാപാത്രങ്ങളെ മാറ്റിയാൽ, അന്നത്തെ ജാതി വ്യവസ്ഥ ഇന്നുള്ള സർക്കാർ ഓഫിസ് തൊഴിലാളികളും സാധാരണ പൌരനും തമ്മിലുള്ള ബന്ധത്തിന്റെ സാമാന്യമായ ചിത്രീകരണമായി കാണാവുന്നതാണ്.


ഈ തരം അയിത്തങ്ങൾക്ക് ആരെയും കുറ്റം പറയാൻ ആവില്ലതന്നെ. കാരണം, ആളുകൾ ഭാഷയുടെ രൂപകൽപ്പനാ കോഡുകൾക്ക് അനുസൃതമായി ചിട്ടപ്പെടുത്തപ്പെടുകയാണ്. അവരോരോരുത്തർക്കും ലഭിച്ചിട്ടുള്ള സ്ഥാനത്തിൽ (Slots) നിന്ന്കൊണ്ട് ആ സ്ഥാനവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ഭാഷാ കോഡുകൾ പ്രകാരം ഓരോരുത്തരും പെരുമാറും. ഇടപഴകും. പ്രതികരിക്കും. പരുക്കനും മൃദലനും ആവും. ഞെട്ടിക്കും. വിധേയത്വം കാണിക്കും. കൈക്കൂലി വാങ്ങിക്കും. കൈക്കൂലി നൽകും. വ്യക്തികളോട് വിവേചനം കാണിക്കും. ബഹുമാനം ലഭിക്കുന്നതിൽ സായൂജ്യം കണ്ടെത്തും. അധമത്വം പ്രകടിപ്പിക്കുന്നതിൽ ആത്മസംതൃപ്തിയും കാര്യനേട്ടവും നേടും.


പരുക്കൻ കോഡുകളുള്ള ഭാഷകൾ പരുക്കൻ സാമൂഹികാന്തരീക്ഷം സൃഷ്ടിക്കും. പരുക്കൻ സാമൂഹികാന്തരീക്ഷത്തിൽ അവിടവിടങ്ങളിലായി മൃദുലമായ അനുഭവങ്ങൾ ലഭിക്കും ഇടക്കിടക്ക്. ഈ അനുഭവങ്ങളിൽ സമൂഹീകാന്തരീക്ഷത്തിന്റെ അലൌകിക സൌന്ദര്യം കണ്ടെത്തും. സാമൂഹികാന്തരീക്ഷത്തിലെ ഈ നുറുങ്ങ് സൌന്ദര്യത്തെ മതിമറിന്ന് ഇഷ്ടപ്പെടും. ഇക്കാര്യം വിളിച്ച് പറയും.