ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

One    Two    Three    Four    Five    Six    Seven    Eight

Nine    Ten   Eleven    Twelve    Thirteen    Fourteen

48. ആര് ആരെ ബഹുമാനിക്കേണം

സർക്കാർ ഓഫിസ് തൊളിലാളികളെ സംബന്ധിച്ചെടുത്തോളം, ഓഫിസിൽ കയറിവരുന്ന പൌരൻ ബഹുമാനിച്ചും കുനിഞ്ഞും നിന്നില്ലെങ്കിൽ പ്രശ്നമാണ്. കാരണം ഫ്യൂഡൽ ഭാഷകളിൽ ബഹുമാനം കാണിക്കാത്തവർ അധികപ്രസംഗം മാതിരിയാണ് പെരുമാറുക. അല്ലാതെ രണ്ട് പക്ഷവും തുല്യമായ അന്തസുള്ളവരും ഒരേ നിലവാരമുള്ളവരും ആയി ആശയവിനിമയം അധികനേരം നടത്താനാവുന്ന ഭാഷകളല്ല ഫ്യഡൽ ഭാഷകൾ.


കയറിവന്ന പൌരനെ പേര് വിളിച്ചുകൊണ്ട് സംസാരിക്കാനുള്ള അവകാശം സർക്കാർ ഓഫിസ് തൊഴിലാളി പ്രകടിപ്പിക്കും. ഇതേ അവകാശം കയറിവന്ന പൌരൻ സർക്കാർ ഓഫിസ് തൊഴിലാളിയോട് പ്രകടപ്പിച്ചാൽ, കാര്യം ഗൌരവമേറിയ തെമ്മാടിത്തവും അസഭ്യവാക്ക് (abusive word) പ്രയോഗവും മറ്റുമായി പരിഗണിക്കപ്പെടും.


മലയാളത്തിൽ, പൌരൻ സർക്കാർ ഓഫിസ് തൊഴിലാളിയെ 'നിങ്ങൾ' എന്ന് സംബോധനചെയ്താൽ മിക്ക ഓഫിസുകളിലും തെമ്മാടിത്തമായിത്തന്നെയാണ് കാണുക.


പൌരനെ 'നിങ്ങൾ' എന്ന് സർക്കാർ ഓഫിസ് തൊഴിലാളി സംബോധന ചെയ്താൽ, പ്രശ്നമല്ലതന്നെ. മാത്രവുമല്ല, എന്തെങ്കിലും അത്യാവശ്യ കടലാസിനായി കഷ്ടപ്പെട്ട് നിൽക്കുന്ന പൌരനെ പല ഉൾനാടൻ ഓഫിസിലേയും പ്യൂൺവരെ 'നീ' എന്ന് സംബോധന ചെയ്യാറുണ്ട് എന്നുള്ളത് ഒരു വാസ്തവം തന്നെയാണ്.


പൌരൻ ഇതേ നാണയത്തിൽ തിരിച്ച് 'നീ'യെന്ന് സർക്കാർ ഓഫിസ് തൊഴിലാളിയെ സംബോധന ചെയ്താൽ, ഗൌരവമേറിയ കുറ്റം തന്നെയാണ്. ഇങ്ങിനെയുള്ളവരെ ജയിലിലാക്കാൻ പോന്ന നിയമങ്ങൾ കരുതിക്കൂട്ടി സർക്കാർ ഓഫിസ് തൊഴിലാളികൾ സംഘടിതമായി ഗൂഡാലോചന ചെയ്ത് ലിഖിതരൂപത്തിൽ ആക്കിവച്ചിട്ടുണ്ട്.


ഇത്യാദി നിയമങ്ങൾക്ക് സാധുത നൽകുന്ന ജനപ്രതിനിധികളെപ്പറ്റി എന്ത് പറയാനാണ്? എന്തെങ്കിലും പറഞ്ഞാൽ, അതും കുറ്റമായിപ്പോയാലോ?


തലകുനിച്ചാൽ തലയിൽ കയറണം എന്നുള്ളത് ഫ്യൂഡൽ ഭാഷകൾക്കുള്ളിലെ കോഡുകളിൽ അന്തർലീനമായ കാര്യമാണ്. ഇത് സർക്കാർ ഓഫിസ് തൊഴിലാളിക്ക് വ്യക്തമായി അറിയാവുന്ന കാര്യവുമാണ്. അവരുടെ മുന്നിൽ കുനിയാതെ നിൽക്കുന്ന സാധാരണക്കാരനെ കുനിപ്പിക്കാതെ അവർക്ക് സ്വൈര്യം ലഭിക്കില്ലതന്നെ.


അമിത വിധേയത്വം നൽകാതെ സർക്കാർ ഓഫിസ് തൊഴിലാളിയെ, 'നിങ്ങൾ' എന്ന് സാധാരണക്കാരൻ സംബോധന ചെയ്താൽ, പല സർക്കാർ ഓഫിസ് തൊഴിലാളികളിലും മാനസിക സമനിലതെറ്റിയ പെരുമാറ്റംവരെവന്നേക്കാം. അടിക്കാനും ഇടിക്കാനും സൌകര്യമുള്ള ഇടമാണെങ്കിൽ, സമനിലതെറ്റിയ ആൾ അക്രമാസക്തമായിത്തന്നെ പെരുമാറിയേക്കാം.


എന്നാൽ പ്രശ്നം സർക്കാർ ഓഫിസ് തൊഴിലാളികളിലും സാധാരണ പൌരനിലും അല്ല കിടക്കുന്നത്. ഇവിടെ പ്രശ്നക്കാരൻ ഫ്യൂഡൽ ഭാഷതന്നെയാണ്. ഇങ്ങിനെയുള്ള മാനസികനില തെറ്റിക്കാൻ കഴിവുള്ള ഭാഷകളെ സർക്കാർ ഓഫിസുകളിലെ ഔദ്യോഗിക ഭാഷയാക്കാനായി ശുപർശചെയ്ത വിദഗ്ദ്ധ കമ്മിറ്റികൾ ഈ പ്രശ്നത്തെക്കുറിച്ച് എന്താണ് ബോധിപ്പിച്ചിട്ടുള്ളത് എന്നതിനെക്കുറിച്ച് അറിയില്ല.


ആര് ആരെ ബഹുമാനിക്കേണം എന്നുള്ളതാണ് കാതലായ പ്രശ്നം. പണിക്കാരനെ ബഹുമാനിച്ചാൽ, പണിക്കാരൻ പണിയെടുക്കില്ല എന്നുള്ളതും ഒരു പ്രശ്നം തന്നെയാണ്.


മുകളിൽ സൂചിപ്പിച്ച ആശയവുമായി ബന്ധപ്പെട്ട് കുറച്ച് കൂടി പറയാനുണ്ട്. കുറച്ച് ചരിത്രവും കൂട്ടിച്ചേർക്കാനുണ്ട്. മറ്റ് മുപ്പതോളം പ്രശ്നങ്ങൾ പിന്നീടൊരിക്കൽ എടുക്കാം.