ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

One    Two    Three    Four    Five    Six    Seven    Eight

Nine    Ten   Eleven    Twelve    Thirteen    Fourteen

37. മൂന്ന് വ്യത്യസ്ത നിലവാരത്തിലുള്ള പൌരത്വം

ഇന്ത്യൻ ഭരണഘടനയുടെ ഏറ്റവും വ്യക്തവും അനിഷ്യേധ്യവുമായ മൌലിക വസ്തുത അത് ഇങ്ഗ്ളിഷിൽ എഴുതപ്പെട്ട ഒരു രേഖയാണ് എന്നതാണ്. ഈ വിശുദ്ധ ഗ്രന്ഥത്തിൽ പൌരന് നൽകപ്പെട്ടിട്ടുള്ള പലതരം സമത്വങ്ങളും അന്തസ്സുകളും ഇങ്ഗ്ളിഷിൽ മാത്രമേ ഉള്ളു എന്നുള്ളതാണ് വാസ്തവം.


മൂന്ന് പൌരന്മാർ പോലീസ് സ്റ്റേഷനിൽ ചെന്നാൽ, അവരെ മൂന്നുപേരെയും അവരുടെ തൊഴിലിനെ അടിസ്ഥാനപ്പെടുത്തി, നീയെന്നും (എടാ, എടീ, എന്താടാ, എന്താടീ തുടങ്ങിയവയും), നിങ്ങളെന്നും, സാർ എന്നും വ്യത്യസ്തമായും വിവേചനപരമായും പോലീസ് വകുപ്പിലെ ജീവനക്കാർ വിളിച്ചാൽ, അത് ഇന്ത്യൻ ഭാഷകളിൽ ഒരു തെറ്റുള്ളകാര്യമല്ല.


സംബോധനയ്ക്കും പരാമർശത്തിനുമായി വ്യത്യസ്തമായ വാക്കുകൾ ഉപയോഗിക്കുമ്പോൾ, ഇരിക്കുക, നിൽക്കുക, കുനിയുക, എന്നതിൽ വ്യത്യസ്തമായിത്തന്നെ ആഗതൻ പെരുമാറേണ്ടിവരും. അയാളോട ചോദിക്കുന്ന കാര്യങ്ങളുടെ നിലവാരത്തിലും, അവയ്ക്ക് ഉപയോഗിക്കപ്പെടുന്ന സ്വരത്തിലും വ്യത്യാസം ഉണ്ടായിരിക്കും. അയാൾക്ക് വെറുതെ ഏതാനും അടി മുഖത്ത് നൽകിയാൽ അത് ഗുരുതരമായ തെറ്റോ അല്ലെങ്കിൽ നിസ്സാരമായ ഒരു പ്രവർത്തിയോ ആണ് എന്ന് തീരുമാനിക്കുന്നതും ഈ വാക്യ പ്രയോഗങ്ങളാണ്.


അല്ലാതെ പൊലിസ് ആക്റ്റിലെ വകുപ്പുകൾ അല്ലാ എന്നതാണ് ഈ രാജ്യത്തിലെ യാഥാർത്ഥ്യം. ഈ ആക്റ്റിലെ വകുപ്പുകൾക്കാണ് പ്രസക്തി എന്ന് ആരെങ്കിലും അവകാശപ്പെടുന്നുണ്ടെങ്കിൽ, അയാൾക്കുള്ള വിവരം അയാളുടെ സ്കൂളിലേയും കോളജിലേയും വിഢ്ഡിത്തം നിറച്ച് വച്ചിരിക്കുന്ന സിവിക്ക്സ് പാഠപുസ്തകത്തിൽ നിന്നും മാത്രം ലഭിച്ചിട്ടുള്ളതാവാം.


എന്നാൽ, ഇത്തരം ഹീനമായ വിവേചനാപരമായ പ്രവർത്തികൾ ഇങ്ഗ്ളിഷിൽ എഴുതപ്പെട്ടിട്ടുള്ള ഭരണഘടന പ്രകാരം, ഗുരുതരമായ ഹറാം പ്രവർത്തിയാണ്. വിശുദ്ധ ഗ്രന്ഥത്തിന് ചില്ലിക്കാശിന്റെ വില നൽക്കാത്ത ഇടപാടാണ്.


സർക്കാർ ജീവനക്കാരൻ ഭരണഘടനയോട് തന്നെ 'നീ പോടാ' എന്ന് പറഞ്ഞത് മാതിരിയാണ്.


എന്നാൽ മിക്ക പൌരന്മാർക്കും പോലീസുകാർക്കും ഇങ്ഗ്ളിഷ് അറിയില്ല. ഇങ്ങിനെ ഒരു പ്രശ്നം ഉള്ളതായി ചിന്തിക്കാനേ ആവില്ല. അറിഞ്ഞാൽത്തന്നെ ഈ ഗുരുതരമായ ചെയ്തിയെ എങ്ങിനെയാണ് വ്യാഖ്യാനിക്കേണ്ടത് എന്ന് അറിയില്ല. എന്നാൽ ചെറുതായി സൂചിപ്പിച്ചാൽ, ഭരണഘടന മനസ്സിലാക്കൻ പറ്റാത്തവരാണ് ഇവിടെ ഭരണം നടത്തുന്നത് എന്ന് പറയാമെന്ന് തോന്നുന്നു. ഇങ്ങിനെയുള്ള ആളുകളാണ് ഭരണയന്ത്രത്തിൽ ജോലിചെയ്യുന്നത് എന്നും തോന്നുന്നു.