ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

One    Two    Three    Four    Five    Six    Seven    Eight

Nine    Ten   Eleven    Twelve    Thirteen    Fourteen

28. അമിത വിധേയത്വവും സാമൂഹിക വളർച്ചയും

പൊതുവായി പറയുകയാണെങ്കിൽ, സ്വന്തം സ്ഥാനത്തിന് കീഴിൽ, കഴിവുള്ളവരെയോ കഴിവില്ലാത്തവരെയോ അല്ല നിയമിക്കുക.


മറിച്ച്, അമിത വിധേയത്വം, അമിത ബഹുമാനം, തുടങ്ങിയവ യഥാർത്ഥത്തിലോ, കൃത്രിമമായോ കാഴ്ചവെക്കുകയും, ഈ പെരുമാറ്റം മറ്റുള്ളവർക്ക് ഒരു മാതൃകയായി കാണിച്ചുകൊടുക്കുകയും ചെയ്യുന്നവരെയാണ് ഫ്യൂഡൽ ഭാഷാ സംവിധാനങ്ങളിൽ ഏത് സംഘടനയിലും ഉയർന്ന സ്ഥാനങ്ങളിൽ, മേലധികാരി സ്ഥാപിക്കുക.


പൊതുവായി പറഞ്ഞാൽ, ഈ ഒരു പ്രത്യയശാസ്ത്രം ഫ്യൂഡൽ ഭാഷാ പ്രദേശങ്ങളിൽ, ഇങ്ഗ്ളിഷ് സമൂഹങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ, തികച്ചും വ്യത്യസ്തമായ ഒരു ചട്ടക്കൂടിലാണ് ആളുകളെ ഘടനപ്പെടുത്തുന്നതായാണ് കാണുക. കാരണം ഇങ്ഗ്ളിഷിൽ അമിത വിധേയത്വം എന്നുള്ളത് ഒരു വ്യക്തിത്വ ദോഷമായാണ് കാണുന്നത്. അത് ആവശ്യപ്പെടുന്ന വാക്ക് കോഡുകൾ ഇല്ലതന്നെ.


ഫ്യൂഡൽ ഭാഷാ സമൂഹങ്ങളിൽ, ഏത് സംഘടനയിലും താഴോട്ടുള്ള സ്ഥാനങ്ങളിൽ കൂടുതൽ കൂടുതൽ മുകളിലേക്ക് നോക്കി കുനിയുന്ന ആളുകളുടെ ഒരു ചട്ടകൂട് ആണ് രൂപപ്പെടുക.


മുകൾസ്ഥാനങ്ങളിൽ വരുന്നവർ താഴോട്ടേക്ക്, ഒരു അടിച്ചമർത്തുന്ന പെരുമാറ്റം കാണിക്കും. താഴെയുള്ളവർ ഇതേ പ്രകാരം കുനിയുകയും ബഹുമാനിക്കുകയും വേണം എന്ന് അവർക്കും നിർബന്ധമായിരിക്കും.


ഇത് നടപ്പാക്കിക്കിട്ടാനുള്ള പദ്ധതികൾ ആണ് ഇവർ ആവിഷ്ക്കരിക്കുക. കാര്യങ്ങൾ കാര്യക്ഷമമായി നടപ്പാക്കണം എന്നുള്ളത് രണ്ടാംസ്ഥാനത്താണ്. കാരണം, കാര്യങ്ങളുടെ കാര്യക്ഷമതഎന്നുള്ളത് തന്നെ, മുകളിലോട്ടുള്ള വിധേയത്വവുമായി കൂടിക്കിണഞ്ഞാണിരിക്കുന്നത്.


അമിതമായി വ്യക്തിപരമായ കഴിവും പ്രതിഭയും ഉണ്ട് എന്ന് സംശയിക്കപ്പെടുന്നവരെ ഏറ്റവും തരംതാഴ്ത്തിയാണ് സ്ഥാപിക്കുക.


ഈ ഒരു കാര്യം ഈ ഉപദ്വീപിലെ ജാതി വ്യവസ്ഥയിലും കാര്യമായ പങ്ക് വഹിച്ചിട്ടുണ്ട്. ബ്രാഹ്മണർക്ക് കീഴിലായി വന്നവരിൽ ഏറ്റവും വിധേയത്വവും, ചോദിക്കുന്നതെന്തും നൽകാനും തയ്യാറായുള്ളവരെയാണ് ജാതി വ്യവസ്ഥയിൽ ബ്രാഹ്മണർക്ക് തൊട്ട്കീഴിലായി ഏറ്റവും ഉയരങ്ങളിൽ സ്ഥാപിക്കപ്പെട്ടത്.


എന്നാൽ, സ്വതന്ത്രമായി വിട്ടാൽ മുകൾപ്പരപ്പിൽ കയറാനുംമാത്രം വ്യക്തിപരമായ കഴിവും, അതോടൊപ്പം തന്നെ വിധേയത്വം നൽകാൻ തയ്യാറാവാത്തവരുമാണ് പലപ്പോഴും ജാതി വ്യവസ്ഥയിൽ കീഴിൽ വന്നുപെട്ടത്.


ഇങ്ങിനെ നോക്കുമ്പോൾ ഇന്ന് പുലയർ എന്നുവിളിക്കപ്പെടുന്നവർക്ക് കഴിവുകുറഞ്ഞതുകൊണ്ടല്ല അവരുടെ അധോഗതി വന്നത്, മറിച്ച് കഴിവ് കൂടിയത് കൊണ്ടോ, അല്ലെങ്കിൽ അമിത വിധേയത്വം നൽകാൻ കൂട്ടാക്കാതിരുന്നതിനാലോ ആണ് അതുസംഭവിച്ചത് എന്ന് അനുമാനിക്കുന്നതിൽ തെറ്റില്ല.


വിചിത്രം എന്ന് പറയട്ടെ ഈ ആശ്ചര്യകരമായ വാദത്തിന് തെളിവുകളുടെ സൂചന ചരിത്രത്തിൽ അങ്ങിങ്ങായി കാണുന്നുമുണ്ട് എന്നുള്ളതാണ് വാസ്തവം. എന്നാൽ പലർക്കും ഇക്കാര്യങ്ങൾ പുറത്തുവരുന്നതിനോട് താൽപ്പര്യമില്ലാ എന്നും കാണുന്നു.


വാക്കുകളാലുള്ള ഭാരമേറിയ ചുറ്റികപ്രയോഗം ലഭിച്ചാൽ ആരും ഒന്ന് അമർന്ന് പോകും. ഇങ്ങിനെ അമർത്താതെവിട്ടാൽ അവർ തലക്ക് മുകളിൽ കയറുകയും ചെയ്യും. ഫ്യൂഡൽ ഭാഷാ സാമൂഹികാന്തരീക്ഷത്തിന്റെ പ്രവർത്തനഫലമാണ് ഇത്.


ഇതുപോലുള്ള പല സംഗതികളും ഈ പ്രദേശത്തിലെ ചരിത്രത്തിൽ ശ്രദ്ധിച്ചാൽ കണ്ടെത്താൻ പറ്റുന്നതാണ്. ഈ കാര്യങ്ങൾ പിന്നിട്ട് പ്രതിപാദിക്കാം.