ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

One    Two    Three    Four    Five    Six    Seven    Eight

Nine    Ten   Eleven    Twelve    Thirteen    Fourteen

52. ഭാഷാ കോഡുകളുടെ പ്രഹരശക്തി

ഇനി നേരത്തെ സൂചിപ്പിച്ച, മലബാറിൽ ഇങ്ഗ്ളിഷ് ഭരണകർത്താക്കളുടെ ശ്രദ്ധയിൽ വന്ന, ചരിത്രത്തിലുള്ള സംഭവം വിവരിക്കാം.


മലബാർ എന്നുള്ളത് തെക്കെ മലബാറെന്നും വടക്കെ മലബാറെന്നും വിളിക്കപ്പെട്ടിരുന്ന രണ്ട് വ്യത്യസ്ത പ്രദേശങ്ങളായിരുന്നു. ഇവ രണ്ട് പ്രദേശങ്ങളും തമ്മിൽ കാര്യമായ സാമൂഹിക ബന്ധം തന്നെ ഉണ്ടായിരുന്നില്ല എന്നാണ് സൂചിപ്പിക്കപ്പെട്ട് കാണുന്നത്. ഈ രണ്ട് പ്രദേശങ്ങളേയും വേർതിരിച്ചിരുന്നത് കോരപ്പുഴയായിരുന്നു.


ഈ രണ്ട് പ്രദേശങ്ങളിലും ജനങ്ങളും വ്യത്യസ്തങ്ങളായിരുന്നു. വടക്കെ മലബാറിലെ നായന്മാർക്ക് തെക്കെ മലബാറിലെ നായന്മാരോട് തെല്ലൊരു അയിത്തംതന്നെ ഉണ്ടായിരിന്നു. തെക്കെ മലബാറിലെ കുടുംബക്കാരുമായി വൈവാഹിക ബന്ധങ്ങൾ വിലക്കപ്പെട്ടിരുന്നു. ഇതിന്റെ കാരണം എന്താണ് എന്ന് അറിയില്ല. എന്നാൽ നായന്മാരിലും ജാതീയമായി പലതട്ടുകളും ഉണ്ടാവാം എന്നുള്ളതും, ഇവ ഓരോന്നിന്റെയും ഉത്ഭവത്തിലുള്ള വ്യത്യാസങ്ങളും ഇതിന് കാരണമായേക്കാം.


ഇവർക്ക് തൊട്ട് കീഴിൽ വന്നിരുന്ന തീയ്യന്മാരിലും ഇതിന് സമാന്തരമായ ചില ഭ്രഷ്ടുകൾ ഉണ്ടായിരുന്നതായി കാണുന്നു. വടക്കെ മലബാറിലെ തീയ്യന്മാർ മരുമക്കത്തായ കുടുംബ സംവിധാനത്തിലുള്ളവരായിരുന്നു. എന്നവച്ചാൽ അമ്മ വഴിയാണ് കുടുംബ സ്വത്ത് അനന്തരവകാശികളിലേക്ക് നീങ്ങുക. ആൺമക്കളുടെ മക്കൾക്ക് കുടുംബസ്വത്തിൽ അവകാശം ഇല്ലായിരുന്നു.


അതേ സമയം തെക്കെ മലബാറിലുളള തീയ്യന്മാർ മക്കത്തായകുടുംബക്കാരായിരുന്നു. കുടുംബ സ്വത്തിൽ ആൺമക്കളുടെ മക്കൾക്കാണ് അവകാശം.


മരുമക്കത്തായതീയ്യന്മാർ മക്കത്തായ തീയ്യന്മാരുമായുള്ള വൈവാഹിക ബന്ധങ്ങൾ വിലക്കിയിരുന്നു.


ഇങ്ങിനെ നോക്കുമ്പോൾ, ഈ രണ്ട് കൂട്ടരും ഒരേ ജാതിക്കാരാണ് എന്ന് പറയുന്നതിൽത്തന്നെ തെല്ലൊരു പിശകുണ്ട് എന്ന് കാണാവുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് കുറെ കാര്യങ്ങൾ പറയനാവുന്നതാണ്. എന്നാൽ ഇപ്പോൾ അതിന് മുതിരുന്നില്ല.


ഇങ്ഗ്ളിഷ് ഭരണം തെക്കെ മലബാറിനെയും, വടക്കെ മലബാറിനേയും ഒന്നിച്ചപ്പോൾ പലവിധ സാമൂഹിക മാറ്റങ്ങളും ഈ പ്രദേശങ്ങളിൽ വന്നു.


പൊതുവെ പറഞ്ഞാൽ തീയ്യന്മാരിലും മറ്റ് കീഴ് ജാതിക്കാരിലും ചിലയിടങ്ങളിൽ ഒരു മാനസിക ഉയർച്ച വന്നുചേർന്നു. കാരണം, പലപ്പോഴും അവരുടെ ഏതെങ്കിലും കുടുംബ ബന്ധു സർക്കാർ ഉദ്യോഗത്തിലോ, ഇങ്ഗ്ളിഷ് കച്ചവട സംഘടനയിലോ, അതുമല്ലെങ്കിൽ ഇങ്ഗ്ളിഷ് ഗൃഹങ്ങളിലോ ജോലിചെയ്യാനുള്ള പുതുതായുള്ള അവസരം വന്നിട്ടുണ്ടാവും. ഇങ്ഗ്ളിഷ് ഭാഷയിൽ തരംതാഴ്ത്തുന്ന സംബോധനാ പദങ്ങളും പരാമർശവാക്കുകളും സാധാരണ ഉപയോഗത്തിൽ ഇല്ലാ എന്നുള്ളതും, ഇങ്ഗ്ളിഷുകാർ ജാതീയമായ അറപ്പുകൾക്ക് അതീതരായിരുന്നു എന്നുള്ളതും ഇതിന് കാരണമായേക്കാം.


ഈ മാനസിക ഉന്നമനം ശരിക്കും പറഞ്ഞാൽ സാമൂഹിക അച്ചടക്കത്തിലും ഘടനയിലും കാര്യമായ സങ്കീർണ്ണത കൊണ്ടുവരുവാൻ ഇടയാക്കി.


കീഴിൽ ഇരിക്കുന്നവരെ ഉയർത്തുന്നതിൽ ഇങ്ഗ്ളിഷുകാർക്ക് ഉത്സാഹവും അതുപോലെ തന്നെ എന്തോ വലിയ കാര്യം ചെയ്തു എന്ന ഭാവവും പൊതുവെ വന്നുചേർന്നിരുന്നു.


എന്നാൽ, സമൂഹത്തിൽ മുകൾത്തട്ടുകളിൽ ജീവിച്ചിരുന്ന ആളുകൾക്കും ജാതിക്കാർക്കും, ഇതിനാലുളവായ ഭീമത്സമായ പ്രയാസങ്ങളെക്കുറിച്ച് ഇങ്ഗ്ളിഷുകാർക്ക് യാതോരു വിവരവും വന്നുചേർന്നതായി കാണുന്നില്ല.


കാലാകലങ്ങളായി ഇഞ്ഞി (നീ) എന്നും, ചെക്കൻ എന്നും, പെണ്ണ്, എന്നും എന്താനെ, എന്താളെ എന്നും ഐറ്റിങ്ങൾ എന്നും മറ്റും നിർവ്വചിക്കപ്പെടുന്നവർ സാമൂഹികമായി വളർന്നാൽ, അവർ ഇതേ മുറയിൽ തിരിച്ചടിക്കും എന്നതിനെക്കുറിച്ച് ഇങ്ഗ്ളിഷ് ഭരണകർത്താക്കൾക്ക് യാതോരു വിവരവും ലഭിച്ചിരുന്നു എന്ന് തോന്നുന്നില്ല.


തീയ്യന്മാരായി അറിയപ്പെട്ടിരുന്ന രണ്ട് വ്യത്യസ്ത ജാതിക്കാരിലും ഭൂവുടമകളും മറ്റും ഉണ്ടായിരുന്നെങ്കിലും, വലിയൊരു വിഭാഗം കാർഷിക തൊഴിലാളികളും തെങ്ങേറ്റക്കാരും മറ്റുമായിരുന്നു എന്നാണ് തോന്നുന്നത്.


ഈ കാർഷിക തൊഴിൽ ചെയ്യുന്ന തീയ്യന്മാരുടെ വേഷവിധാനങ്ങളും മറ്റും സാമൂഹികമായി കഠിനമായി നിയന്ത്രിക്കപ്പെട്ടിരുന്നു. ഭൂവുടമകളുടെ കാര്യത്തെക്കുറിച്ച് ആധികാരികമായി പറയാനുള്ള രേഖകൾ ഈ എഴുത്തുകാരന്റെ കൈവശം ഇല്ല.


Image: താഴെ നൽകിയിട്ടുള്ള ചിത്രം തലശ്ശേരിയിൽ കയർ കമ്പനിയിൽ ജോലിചെയ്യുന്ന തീയ്യ സ്ത്രീകളുടെ ചിത്രമാണ്. ഇവരിൽ മാനസിക അടിമത്തവും തളർച്ചയും സംഭ്രമവും അധപ്പതനവും വരുത്തിയിരുന്നത് തരം താഴ്ത്തുന്ന വാക്കുകളായ ഇഞ്ഞി, ഓള്, അളെ, ഒരുത്തി, തീയ്യത്തി, ഐറ്റിങ്ങൾ, തുടങ്ങിയവാക്കുകളുടെ പ്രഹരം, ഇവരെ അമർത്തുന്ന ജാതിക്കാരിൽനിന്നും, അവരുടെ മക്കളിൽനിന്നും, മാത്രമല്ല സാമൂഹിക നിലവാരത്തിൽ വളരെ തരംതാഴ്ന്നു കിടന്ന സ്വന്തം പുരഷന്മാരിൽനിന്നും മറ്റ് കുടുംബക്കാരിൽനിന്നും ലഭിച്ചതിനാലാണ്.


Image from: Castes and Tribes of Southern India by Edgar Thurston