ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

One    Two    Three    Four    Five    Six    Seven    Eight

Nine    Ten   Eleven    Twelve    Thirteen    Fourteen

24. ഇങ്ഗ്ളിഷ് പഠിപ്പിക്കുന്നതിനോടുള്ള എതിർപ്പ്

ഭാഷാകോഡുകൾക്ക് സമൂഹത്തിന്റെ ഘടനയുടെ രൂപകൽപ്പനയിൽ കാര്യമായ പങ്കുണ്ട്.


ഇങ്ഗ്ളിഷ് പോലുള്ള പരന്ന ഭാഷകൾ (Planar languages) സാമൂഹിക ബന്ധങ്ങളിൽ ഒരു നിരപ്പുള്ള പ്രതീതി ഉളവാക്കും. ഈ കാര്യം കലർപ്പില്ലാത്ത ഇങ്ഗ്ളിഷ് സംസാരിക്കുന്ന വേദികളിൽ വളരെ വ്യക്തമായിത്തന്നെ പ്രതിഫലിക്കും.


എന്നാൽ ഇത് ഈ ഭാഷ സംസാരിക്കാൻ ആവില്ലാത്തവരിൽ കാര്യമായ അങ്കലാപ്പ് സൃഷ്ടിക്കുക ചെയ്യും. കാരണം പലപ്പോഴും അവരേക്കാൾ കായിക ശേഷിയും സ്വരഗാംഭീര്യവും മറ്റ് സ്വാധീന ശക്തിയും പ്രതാപവും സാമ്പത്തിക നിലവാരവും കുറഞ്ഞവർപോലും (ചെറിയ കുട്ടികൾ പോലും) ഇങ്ഗ്ളിഷിൽ, യാതോരു ആശയവിനിമയ തടസ്സങ്ങളും ഇല്ലാതെ, സംസാരിക്കുന്നത് കാണുമ്പോൾ, അവരോട് വിരോധം വരും എന്നുള്ളതാണ് പൊതുവായുള്ള അനുഭവം.


എന്നാൽ ഈ പ്രദേശത്ത് ഇങ്ഗ്ളിഷ് സംസാരിക്കുന്നവർ ഇങ്ഗ്ളിഷുകാരല്ല. മറിച്ച്, പ്രാദേശിക ഭാഷ അറിയുന്നവരാണ് മിക്കവരും. ഇവർ പലപ്പോഴും ഇങ്ഗ്ളിഷ് ഉപയോഗിക്കുന്നത്, പ്രാദേശിക ഫ്യൂഡൽ ഭാഷകളിലെ ഉച്ചനീചത്വ കോഡുകളെ തരണം ചെയ്ത് കാര്യങ്ങൾ സുഗമമായി പറഞ്ഞ് തീർക്കാനാണ്.


ഇത് അവർക്കുള്ള ഒരു വ്യക്തിപരമായ കഴിവല്ല. മറിച്ച് ഇങ്ഗ്ളിഷ് എന്ന അതിസുഗമമായ ആശയവിനിമയ സോഫ്ട്വേർ ഉപയോഗിക്കുമ്പോൾ ലഭിക്കുന്ന കഴിവാണ്. ഈ കഴിവ് ആർക്കും ലഭിക്കാനാവുന്നതാണ്.


എന്നാൽ ഈ നാട്ടിൽ ഇങ്ഗ്ളിഷ് പൊതുജനങ്ങൾക്ക് ലഭിക്കുന്നത് തടയാനാണ് ഇങ്ഗ്ളിഷ് അറിയുന്നവരും ശ്രമിക്കുക.


ഇതിന് പല കാരണങ്ങൾ ഉണ്ട്.


പ്രധാനമായും പ്രാദേശിക ഭാഷയിലെ ഫ്യൂഡലിസമാണ് ഇതിൽ മുഖ്യപങ്കും വഹിക്കുന്നത്.


സാമൂഹികമായോ പ്രായത്തിലോ, സാമ്പത്തികമായോ തൊഴിൽ പരമായോ കീഴെ ഉള്ളവർ ഇങ്ഗ്ളിഷ് പഠിച്ചാൽ, അവരിൽ കാലാകാലങ്ങളായുള്ള കെട്ടുകൾ അഴിയും. ഇത് ഒരു തരം അച്ചടക്കലംഘനമായിത്തന്നെയാണ് ഇവർക്ക് മുകളിൽ ഉള്ളവർ വീക്ഷിക്കുക.


ഇങ്ഗ്ളിഷ് പഠിച്ചാൽ, മുകളിലുള്ളവർ താഴോട്ട് നീങ്ങും. കീഴിലുള്ളവർ മുകളിലേക്ക് നീങ്ങും. എന്നാൽ ആരും തന്നെ അധിക്ഷേപിക്കപ്പെടില്ല. അപമാനിക്കപ്പെടില്ല. കാരണം, ഇങ്ഗ്ളിഷിൽ മുകളിൽ ആൾ - കീഴെ ആൾ എന്ന രീതിയിൽ ഉള്ള വാക്ക് കോഡുകൾ ഇല്ല.


ഇവിടെ പൊതുജനങ്ങൾക്ക് ഇങ്ഗ്ളിഷ് പ്രാവീണ്യം ലഭിക്കരുത് എന്ന് ഏറ്റവും കൂടുതലായി വാദിക്കുന്നവർ, നന്നായി ഇങ്ഗ്ളിഷ് അറിയുന്നവർ തന്നെയാണ്. അവരുമായി പലവട്ടം സംവാദങ്ങിൽ ഇങ്ഗ്ളിഷിൽത്തന്നെ ഈ എഴുത്തുകാരൻ പങ്കെടുത്തിട്ടുണ്ട്.


സാമാന്യം നല്ല ഇങ്ഗ്ളിഷിൽത്തന്നെ, ഈ നാട്ടിൽ ഹിന്ദിയാണ് പഠിപ്പിക്കേണ്ടത്, മലയാളമാണ് പഠിപ്പിക്കേണ്ടത്, സംസ്കൃതമാണ് പഠിപ്പിക്കേണ്ടത് എന്നെല്ലാം ഇക്കൂട്ടർ യാതോരു ഉളുപ്പിമില്ലാതെ വാദിക്കുന്നു. അപ്പോൾ അവർക്ക് ഇങ്ഗ്ളിഷ് അറിയുന്നതിനെപ്പറ്റി സൂചിപ്പിച്ചാൽ, ഇങ്ഗ്ളിഷ് വെറും നിസ്സാര ഭാഷയാണ് എന്ന രീതിയിലേക്ക് സംവാദം നീങ്ങും.


വിചിത്രമെന്ന് പറയട്ടെ, സംസ്കൃത്തിന്റെയും തമിഴിന്റെയും സ്വാധീനം വളരെതുച്ഛംമാത്രമുള്ള മലബാറി പഠിക്കണം എന്ന് ഇന്ന് മലബാറിലെ ആളുകൾ ആരും തന്നെ പറഞ്ഞുകേൾക്കുന്നില്ല.