ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

One    Two    Three    Four    Five    Six    Seven    Eight

Nine    Ten   Eleven    Twelve    Thirteen    Fourteen

26. വിരസമായ ഇങ്ഗ്ളിഷ് പഠനത്തിന്റെ ഉത്തരവാദിത്വം

ഇങ്ഗ്ളിഷ് വിദ്യാഭ്യാസത്തിന്റെ നിലവാരത്തെക്കുറിച്ച് സൂചിപ്പിച്ച് തുടങ്ങിപ്പോയതിനാൽ, അത് മുഴുവിപ്പിക്കേണ്ടിയിരിക്കുന്നു.


ഇങ്ഗ്ളിഷ് വിദ്യാഭ്യാസം പൊതുവായിപ്പറഞ്ഞാൽ, നിലവാരം കുറവാണ് എന്നുള്ളതിന് ഏറ്റവും എളുപ്പത്തിൽ കുറ്റം ചുമത്തപ്പെടാവുന്നവർ അദ്ധ്യാപകരാണ്. എന്നാൽ ഇങ്ങിനെ ചെയ്യുമ്പോൾ യഥാർത്ഥത്തിൽ ഇതിൽ പൊടുന്നനെ ആരുടേയെങ്കിലും മേൽ ആരോപണം കൊണ്ടുവെക്കുകമാത്രമാണ് ചെയ്യപ്പെടുന്നത്.


ഇങ്ഗ്ളിഷ് വിദ്യാഭ്യാസത്തിന്റെ നിലവാരത്തകർച്ചയിൽ ഏറ്റവും കുറച്ച് ഉത്തരവാദിത്വം മാത്രമെ അദ്ധ്യാപകർക്കുള്ളു. പല അദ്ധ്യാപകർക്കും ഇങ്ഗ്ളിഷിൽ പ്രാവീണ്യം പോരാ എന്നുള്ളത് അല്ലാ യഥാർത്ഥ പ്രശ്നം. മറിച്ച് പ്രശ്നമായിട്ടുള്ളത്, വിദ്യാഭ്യാസ നയരൂപീകരണ ഇടങ്ങളിൽ ഇങ്ഗ്ളിഷ് പ്രചരണം നിരുത്സാഹപ്പെടുത്തേണം എന്നുള്ള അലിഖിതമായ നയമാണ് ഉള്ളത് എന്നുള്ളതാണ്.


വിസ്മയം ജനിപ്പിക്കുമാറുള്ള വൻ ആകർഷകത്വമുള്ള ഇങ്ഗ്ളിഷ് പാഠഭാഗങ്ങൾ എന്താണ് എന്ന് വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നവരിൽ പലർക്കും അറിവില്ലാ എന്നാണ് തോന്നുന്നത്. മാത്രവുമല്ല, അത്യാകർഷകമായ പുസ്തക രൂപകൽപ്പനയും നടക്കുന്നില്ല എന്നുള്ളതും വാസ്തവമാണ്.


അദ്ധ്യാപകർക്ക് പഠിപ്പിക്കാനായി നൽകുന്ന ഇങ്ഗ്ളിഷ് പാഠപുസ്തകങ്ങൾ അതീവ വിരസവും, ഇങ്ഗ്ളിഷ് ക്ലാസിക്കൽ സാഹിത്യത്തിലെ മനോഹരങ്ങളായ വസ്ത്തുക്കളുടെ അഭാവം ഉള്ളതുമാണ് ഇങ്ഗ്ളിഷ് ക്ലാസിക്കൽ സാഹിത്യത്തിൽ നിന്നും പലപ്പോഴും പഠിക്കാനായി തിരഞ്ഞെടുക്കുന്നവ കടിച്ചാൽ പൊട്ടാത്തതരത്തിലുള്ളതുമാണ്.


ഇങ്ഗ്ളിഷ് പഠനത്തിന്റെ ഉദ്യേശ്യം എന്താണ് എന്ന് പോലും നയം സൃഷ്ടിക്കുന്നവർക്ക് അറിവില്ലാ എന്നാണ് തോന്നുന്നത്.


മിക്ക സ്വകാര്യ ഇങ്ഗിഷ് മീഡിയം സ്കുളുകളിലും ലഭ്യമായിരിക്കുന്ന ഇങ്ഗ്ളിഷ് പാഠപുസ്തകങ്ങൾ, ഘനഗാംഭീര്യമുള്ളവയാണ് എന്ന് തോന്നാമെങ്കിലും, പലതും വെറും കച്ചവടക്കണ്ണുമാത്രം വെച്ചുകൊണ്ട് രൂപകൽപ്പന ചെയ്യപ്പെട്ടിട്ടുള്ളവയാണ് എന്നാണ് തോന്നുന്നത്.


ഈ എഴുത്തുകാരൻ പണ്ടൊരിക്കൽ കുറച്ചു നാൾ ഡെൽഹിൽ ഉണ്ടായിരുന്നപ്പോൾ, പാഠപുസ്തക വ്യവസായവുമായി ചെറിയ തോതിൽ ബന്ധപ്പെടാൻ അവസരം ലഭിച്ചിരുന്നു. കോടാനുകോടി രൂപയുടെ പാഠപുസ്തക വ്യവസായം ഒരു വൻ സാമ്പത്തിക ലക്ഷ്യമുള്ളതാണ്. അതിൽ പടവെട്ടി പൊങ്ങിവരുന്നവർ ഗുണമേന്മയുള്ള ഉത്പന്നങ്ങളിലൂടെയല്ല വളരുന്നത്. മറിച്ച് വിപുലമായ മാർക്കറ്റിങ്ങ് സംവിധാനങ്ങൾ സൌകര്യപ്പെടുത്തിയാണ്.


ഇതുമായി ബന്ധപ്പെട്ട പല രഹസ്യങ്ങളും ഉണ്ട്. എന്നാൽ അവ ഇവിടെ കുറിച്ചിടാൻ താൽപ്പര്യപ്പെടുന്നില്ല.


ഇങ്ഗ്ളിഷ് വിദ്യാഭ്യാസം അദ്ധ്യാപകർ നല്ല നിലവാരത്തിൽ എത്തിക്കണമെങ്കിൽ, ആദ്യം അങ്ങിനെയുള്ള ഒരു പദ്ധതിക്ക് പ്രോത്സാഹനം നൽകുന്ന ഒരു അന്തരീക്ഷം വിദ്യാഭ്യാസ നയത്തിൽ ഉണ്ടായിരിക്കേണം.


അതില്ലതന്നെ.


നയം രചിക്കുന്നവർക്ക് ഗുണമേന്മയുള്ള ഇങ്ഗ്ളിഷിനെക്കുറിച്ച് ബോധം ഉണ്ടായിരിക്കേണം. അതും ഇല്ലാ എന്നാണ് തോന്നുന്നത്.


എന്നാൽ ഇവരുടെ അടുത്ത് എത്തിയാൽ, അവർക്ക് നൽകപ്പെട്ടിട്ടുള്ള വിരസമായ വിദ്യാഭ്യാസത്തെയും അവർക്ക് നൽകപ്പെട്ടിട്ടുള്ള നിർദ്ദേശത്തെയും കുറ്റംപറയേണ്ടിവരും.


അവിടെ നിന്നും ആരോപണം മുകളിലേക്ക് പോകേണ്ടിവരും. ഇങ്ങിനെ ഇതിന്റെ ഉത്തരവാദിത്വം കണ്ടെത്താൻ മുകളിലോട്ട് പലതട്ടുകൾ നീങ്ങിയാൽ, അവസാനം യഥാർത്ഥ ഉത്തരവാദിത്വം ആരോപിക്കപ്പെടേണ്ടുന്ന യഥാർത്ഥ കേന്ദ്രത്തിൽ ചെന്നെത്തും.


അത് ഏതാണ് എന്ന് പിന്നീട് ഒരിക്കൽ സൂചിപ്പിക്കാം.