ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

One    Two    Three    Four    Five    Six    Seven    Eight

Nine    Ten   Eleven    Twelve    Thirteen    Fourteen

46. ഇങ്ഗ്ളിഷ് കൊളോണിയൽ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങൾ

ദക്ഷിണേഷ്യൻ ഉപദ്വീപിൽ ഉദ്യോസ്ഥ വർഗ്ഗത്തിനാണ് കാലാകാലങ്ങളായി വാക്ക് കോഡുകളിൽ മഹിമ. ഇവർക്ക് കീഴെയായി പലവിധ തൊഴിലുകളും ചെയ്യുന്നവർ വാക്ക് കോഡുകളുടെ ഹീന പ്രയോഗങ്ങൾ ഏറ്റുവാങ്ങേണ്ടവരാണ്.


ദക്ഷിണേഷ്യൻ ഉപദ്വീപിൽ ഏറ്റവും വലിയ നൈപുണ്യവും സാങ്കേതിക വിദ്യയും മറ്റും ഉള്ളവരായിരുന്നു ഇവിടുള്ള പാരമ്പര്യ ആശാരിമാർ. ഈ ഉപദ്വീപിൽ ഏതാണ്ട് പകുതിയോളം സ്ഥലത്ത് ഇങ്ഗ്ളിഷ് ഭരണം നടന്ന കാലത്ത് ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർ ഇക്കൂട്ടരുടെ നൈപുണ്യം കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട്.യാതോരു കോളജിലും പഠിപ്പില്ലാത്ത ഇവർ വൻ കെട്ടിടങ്ങളും മണിമാളികകളും വെറും നിസ്സാരം എന്ന് തോന്നിക്കാവുന്ന പണി ആയുധങ്ങൾ ഉപയോഗിച്ച് കൊണ്ട് സൃഷ്ടിക്കുമായിരുന്നു. എന്നാൽ ഇക്കൂട്ടർ ഈ ഉപദ്വീപിലെ ഉദ്യോഗസ്ഥക്കൂട്ടരുടെ (അധികാരികളുടെ) മുന്നിൽ വിലയില്ലാത്തവരായിരുന്നു. പലപ്പോഴും സാമൂഹികാധികരം കൈവശമുള്ള ഉയർന്നവരുടെ 'നീ', 'അവൻ', 'അവൾ', പ്രയോഗങ്ങൾ ഏറ്റുവാങ്ങേണ്ടവരായിരുന്നു ഇവർ.


ഇങ്ഗ്ളിഷ് ഭരണം ഇവിടെ പ്രചരിപ്പിച്ച പൊതുവിദ്യാഭ്യാസം ശരിക്കും പറഞ്ഞാൽ, ശ്രമിച്ചിരുന്നത് ജനങ്ങളുടെ ആശയവിനിമയത്തിലുള്ള തടസ്സങ്ങൾ മാറ്റാനാണ്. സാങ്കേതിക വിദ്യാഭ്യാസം അതിന് ശേഷവും, മുകളിലും ആയിരുന്നു.


എന്നുവച്ചാൽ, ആദ്യം ഈ പ്രദേശത്തുള്ള ആശയവിനിമയത്തിലുള്ള പൈശാചികതയെ ഉന്മൂലനം ചെയ്തതിനോ, അല്ലെങ്കിൽ അതിനെ ചെറുതായെങ്കിലും നിർവ്വീര്യം ചെയ്തതിനോ ശേഷമേ, ഇന്ന് ഉയർന്ന വിദ്യാഭ്യാസ യോഗ്യത എന്നുപറയുന്ന വിദ്യാഭ്യസങ്ങളിലേക്കും, ഉയർന്ന സർക്കാർ ജോലികളിലേക്കും ആളുകളെ കയറ്റിവിട്ടിരുന്നുള്ളു. ഇങ്ഗ്ളിഷ് നന്നായി അറിയുന്നവർക്കേ സർക്കാർ സേവനത്തിലെ ഉയർന്ന പദവികളിലും ഡോക്ടർ പോലുള്ള വിദ്യാഭ്യാസങ്ങൾക്കും പ്രവേശനം നൽകിയിരുന്നുള്ളു.


ഇതിന്റെ ഗുണം പൊതുജനത്തിനാണ് ലഭിച്ചിരുന്നത്. കാരണം, മനുഷ്യനെ വിലകുറയ്കുന്ന വാക്ക് കോഡുകൾ കുറേയെങ്കിലും മനസ്സിൽ നിർവ്വീര്യമാക്കിയാൽ മാത്രമെ ഇത്യാദി നിലവരങ്ങളിലേക്ക് പ്രവേശിക്കാൻ ആകുള്ളു.


ശരിക്കും പറഞ്ഞാൽ ഈ ഉപദ്വീപിലെ ഏതാണ്ട് പകുതിയോളം പ്രദേശങ്ങളിൽ ഇങ്ഗ്ളിഷ് ഭരണം നടന്നിരുന്ന ഇടത്ത് (British-India ), ഭരണകർത്താക്കൾ ഇങ്ങിനെ ഒരു ഉദ്യമത്തിൽ ഏർപ്പെട്ടിരുന്നു എന്ന കാര്യത്തെക്കുറിച്ച് ഇന്നുള്ള ബൃട്ടണിലും, ഇങ്ഗ്ളണ്ടിലും ഒരു ചെറിയ അറിവ് പോലും ബാക്കിയില്ല എന്നുള്ളതാണ് വാസ്തവം.


അതേ സമയം ഇന്ത്യയിലും പാക്കിസ്ഥാനിലും, ബങ്ഗ്ളാദേശിലും മറ്റും പ്രാദേശിക രാഷ്ട്രീയ നേതൃത്വങ്ങളും ഉദ്യോഗസ്ഥവർഗ്ഗവും, വിദ്യാഭ്യാസ പണ്ഡിതരും മറ്റും ചരിത്രത്തിൽ സംഭവിച്ച കാര്യങ്ങളുടെ പുറംതോടുപോലും തൊടാതെ എന്തെല്ലാമോ എഴുതിക്കൂട്ടി, വിദ്യാർത്ഥികളെക്കൊണ്ടും ഉദ്യോഗാർത്ഥികളെക്കൊണ്ടും മാർക്ക് നേടാനായി ധൃതിപ്പാടോടുകൂടി പഠിക്കാനും തത്തപറയുന്നത് പോലെ ഉരുവിടാനും പ്രചോദനം നൽകുന്നു.