ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

One    Two    Three    Four    Five    Six    Seven    Eight

Nine    Ten   Eleven    Twelve    Thirteen    Fourteen

40. പ്രാദേശിക സംസ്ക്കാരത്തിന് അനുസൃതമായുള്ള ഭരണഘടന

ഇന്ത്യൻ ഭരണഘടനയെ പ്രാദേശിക സംസ്ക്കാരത്തിന് അനുസൃതമായി തിരുത്തിയെഴുതിയാൽ, തികച്ചും വ്യത്യസ്തമായ ഒരു മനോവികാരം ഉള്ള ഒരു ഭരണഘടനയാണ് ഉളവാകുക.


വ്യക്തികൾ നിയമത്തിന് മുന്നിൽ തുല്യരല്ല എന്ന പ്രാദേശിക ഭാഷകളിലെ യാഥാർത്ഥ്യം ലിഖിത രൂപത്തിൽ വരും.


'അവനേയും'('അവളേയും)' 'അദ്ദേഹത്തേയും' ഒരേ നിലവാരത്തിൽ വീക്ഷിക്കുവാൻ ആകില്ല എന്നുള്ളത് ഒരു നിത്യസത്യവും പരമയാഥാർത്ഥ്യവും നീതി നർവ്വഹണത്തിന്റേയും ഭാഗവും ആവും.


'അവൻ'('അവൾ') പലവേദികളിലും എഴുന്നേറ്റ് നിന്ന് 'അദ്ദേഹത്തെ' വന്ദിക്കേണം. ഇത് ചെയ്യാത്തവർക്ക് നീതിമാത്രമല്ല, മറ്റ് പലതും നിഷേധിക്കപ്പെടും. സർക്കാർ ഓഫിസ് ജീവനക്കാർ 'അദ്ദേഹത്തിന്റെ' വാക്കുകളെ മാനിക്കും. 'അവന്റെ' ('അവളുടെ') വാക്കുകൾക്ക് പുല്ലിന്റെ വിലനൽകും. പോലീസ് വകുപ്പ് ജീവനക്കാരും ഇത് തന്നെ ചെയ്യും.


'അദ്ദേഹത്തിന്' ആദരവ് നൽകും. 'അവനെ'/'അവളെ' ഞെട്ടിക്കും. കഴിയുമെങ്കിൽ ഒന്ന് മെനക്കെടുത്തുകയോ, കായികമായി ഒന്ന് കൈകാര്യം ചെയ്യുകയോ ചെയ്യും.


രേഖകളിലും (Files) എഫ് ഐ ആറിലും, മറ്റ് റിപ്പോർട്ടുകളിലും മറ്റും ആളുകളെ തരംതിരിച്ച് നിർവ്വചിക്കപ്പെടും. 'അദ്ദേഹവും' 'അവനും' നിയമത്തിന് മുന്നിൽ ഏറ്റുമുട്ടിയാൽ, 'അവന്റെ' കാര്യം പരിതാപകരമാകും.


'അദ്ദേഹത്തിന്' 'അവനോട്'/'അവളോട്' പലതും ആവശ്യപ്പെടാം. പരിധികളില്ലാതെ. അത് നൽകാൻ ബാധ്യസ്ഥരായിരിക്കും 'അവൻ'/'അവൾ'. ആവില്ല എന്ന് 'അവൻ'/'അവൾ' പറഞ്ഞാൽ, ഗുരുതരമായ തെറ്റും തെമ്മാടിത്തവും ആയിരിക്കും.


പ്രാദേശിക സ്ക്കൂളുകളിൽ അദ്ധ്യാപകൻ കയറിവന്നാൽ, കുട്ടികൾ യാന്ത്രികമായി എഴുന്നേൽക്കുന്നുണ്ട്. ഇത് ചെയ്യാൻ തയ്യാറാവാത്ത വിദ്യാർത്ഥികൾ തെമ്മാടികളാണ് എന്ന് അദ്ധ്യാപകർ നിർവ്വചിക്കുന്നു. അവർ മറ്റ് രീതിയിൽ എത്ര നല്ലവരാണെങ്കിൽ കൂടി. അതുപോലയാണ് മുകളിൽ പറഞ്ഞ കാര്യങ്ങൾ.


ഈ സമൂഹിക പ്രത്യയശാസ്ത്രം ലിഖിത രൂപത്തിലുള്ള ചട്ടത്തിന്റെ പിൻബലത്തോടുകൂടി രാജ്യത്തിലെ എല്ലാവിധ സർക്കാർ തൊഴിലാളികളും ജനങ്ങളുടെമേൽ അടിച്ചേൽപ്പിക്കാൻ വെമ്പൽകൊള്ളും.


വാസ്തവം പറയുകയാണെങ്കിൽ, ഈ വിധം തന്നെയാണ്, പ്രദേശിക ഭാഷയിൽ ഭരണയന്ത്രം നടക്കുന്ന മിക്ക സർക്കാർ ഓഫിസുകളിലും കാര്യങ്ങൾ ഇന്ന് നടക്കുന്നത്.


ഇങ്ങിനെയല്ലാതുള്ള ഒരു അനുഭവം ഇങ്ഗ്ളിഷ് ഭാഷ മാത്രം കൈകാര്യം ചെയ്യുന്ന ഇടങ്ങളിൽ മാത്രമേ ഇന്ന് ബാക്കിയായി നിലകൊള്ളുന്നുള്ളു. എന്നാൽ ഈ ഇങ്ഗ്ളിഷ് അന്തരീക്ഷം ഈ രാജ്യത്തിലെ 95ശതമാനം ആളുകളും അനുഭവിച്ചിട്ട് കൂടിയുണ്ടാവില്ല.


എന്നാൽ, കാര്യങ്ങൾ ഇങ്ങിനെയല്ല വേണ്ടത്, മറിച്ച്, പൊതുജനത്തിന്റെ വെറും തൊഴിലാളികളാണ് സർക്കാർ ഓഫിസുകളിൽ തൊഴിൽ ചെയ്യുന്ന ജീവനക്കാർ എന്ന വിവരം ഇന്ന് ബാക്കിവരുന്ന 5 ശതമാനം പേരിൽത്തന്നെ ഒരു ചെറിയ ശതമാനത്തിന് മാത്രമേ സങ്കൽപ്പിക്കാൻ പോലും പറ്റുള്ളു.


കാരണം, ഈ നാട്ടിൽ ആരേയും 'അവൻ' ('അവൾ') - അദ്ദേഹം എന്ന രീതിയിൽ വേർതിരിക്കാൻ ആവില്ല എന്ന് ഇങ്ഗ്ളിഷ് ഭാഷ നന്നായി കൈകാര്യം ചെയ്യുന്നവർക്ക് മാത്രമേ തിരിച്ചറിയാൻ ആവുള്ളു.


പ്രാദേശിക ഭാഷകളിൽ 'അദ്ദേഹം'/'അവർ' എന്നും 'അവൻ'/'അവൾ' എന്നും വെവ്വേറെയായി തരം തിരിക്കപ്പെടുന്നവർ ഇങ്ഗ്ളിഷിൽ വെറും ഒറ്റനിലവാരത്തിലുള്ള 'He'/'She' മാത്രമാണ് എന്ന അതി ഗംഭീരമായ സാമൂഹിക രൂപകൽപ്പനാ കോഡ് ഇങ്ഗ്ളിഷിൽ മാത്രമേ ഉള്ളു.