ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

One    Two    Three    Four    Five    Six    Seven    Eight

Nine    Ten   Eleven    Twelve    Thirteen    Fourteen

32. ബഹുമാനനത്തിനായുള്ള അത്യാഗ്രഹം

ഫ്യൂഡൽ ഭാഷകളുടെ ചില ആനുകാലികമായ സാമൂഹിക ഫലങ്ങൾ ഇവിടെ സൂചിപ്പിക്കാം.


സാമൂഹികമായ ഇടപഴലുകളെ ഈ ഭാഷകൾ നിയന്ത്രിക്കുകയും പലപ്പോഴും വിപരീതമായി സ്വാധീനിക്കുകയും ചെയ്യും എന്നുള്ളത് നേരത്തെ സൂചിപ്പിക്കപ്പെട്ടിട്ടുണ്ട്.


സാമൂഹികമായോ തൊഴിൽ സ്ഥാനപരമായോ സാമ്പത്തികമായി പിന്നിൽ നിൽക്കുന്നവർ മതിയായ ബഹുമാനം ഇല്ലാതെ വാക്കുകൾ ഉപയോഗിക്കുന്നത് ഒരു വൻ മാനസിക ഭയമായി സമൂഹത്തിൽ നിലകൊള്ളുന്നുണ്ട്.


തക്കതായ പരിചയപ്പെടുത്തൽ ഇല്ലെങ്കിൽ പ്രശ്നമാണ്.


പ്രായത്തിന്റെയോ, തൊഴിലിന്റെയോ, മാതാപിതാക്കളുടെ തൊഴിലിന്റെയോ, വസ്ത്രവിധാനങ്ങളുടെ വിലയുടേയോ, കുടുംബത്തിന്റെ സാമ്പത്തിക നിലവാരത്തിന്റെയോ, സുഹൃത്തുക്കളുടെ സാമൂഹിക നിലവാരത്തിന്റേയോ, അങ്ങിനെ പലതിന്റെയും അടിസ്ഥാനത്തിൽ ഏറ്റക്കുറച്ചിലുകൾ ഉള്ള വാക്ക്-കോഡുകൾ (indicant words) ആളുകൾ ഉപയോഗിക്കാം.


തന്നോട് ഉപയോഗിച്ചതോ, അതുമല്ലെങ്കിൽ തന്നെ പരാമർശിച്ച് ഉപയോഗിച്ചതോ ആയ വാക്ക് തനിക്ക് അഹർതപ്പെട്ടത് അല്ലായെന്ന് തോന്നുന്ന അവസരങ്ങളിൽ ഒരു വൻ മാനസികാഘാതംതന്നെ സംഭവിക്കാം.


'Parnoia', 'Phobia' തുടങ്ങിയ വാക്കുകളാൽ മന'ശാസ്ത്രം' നിർവ്വചിക്കുന്ന മാനസികാവസ്ഥകൾ പലതും പലപ്പോഴും ഈ വാക്ക്-കോഡുകളുടെ പ്രതികൂല പ്രവർത്തനത്തിന്റെ ബാഹ്യമായ ആവിഷ്ക്കരണം മാത്രമായേക്കാം.


സാമൂഹികമായുള്ള ഈ തരം ഭീതികൾ ഈ വക ഭാഷകൾ സംസാരിക്കുന്നവരെ പലതരം അത്യാർത്തികളിലേക്കും നയിക്കുന്നുണ്ട് എന്നാണ് കാണുന്നത്.


പണമോ, സ്ഥാനമോ ഉള്ളവർ 'സാറും', 'മാഢവും', 'അങ്ങും', 'അദ്ദേഹവം', 'അവരും', 'സാറന്മാരും' മറ്റും ആകുമ്പോൾ, ഇത് രണ്ടും ഇല്ലാത്തവർ 'നീ'യും 'അയാളും', 'അവനും', 'അവളും', 'അവന്മാരും', 'അവറ്റകളും', 'ചെറ്റകളും' മറ്റുമാകുന്ന ഭാഷകളിൽ മനുഷ്യർക്കും, മൃഗങ്ങൾക്കും പലതരം ദുഷിച്ച മാനസിക വ്യതിചലനങ്ങൾ സംഭവിക്കും.


ഈ നാട്ടിൽ പലർക്കും സ്വന്തം മക്കളെ ഡോക്ടറാക്കണം എന്നുള്ള മോഹംതന്നെ ഈ മാനസികാവസ്ഥയിൽ നിന്നുമാണ് ഉദിക്കുന്നത്. ഡോക്ടറായാൽ മകൻ/ മകൾ സ്വാഭാവികമായുംതന്നെ വാക്കു-കോഡുകളുടെ കടികിട്ടുന്ന ദിക്കിൽ നിന്നും മാറി, ഉയരങ്ങളിലേക്ക് നീങ്ങും. അതോടൊപ്പംത്തന്നെ അവർക്ക് മറ്റുള്ള പലരേയും വാക്ക്-കോഡുകളാൽ കടിച്ചുകീറാനും ആകും.


ഇങ്ങിനെ കടിച്ചുകീറപ്പെടുന്നവർക്ക് പലപ്പോഴും തിരിച്ചുകടിക്കാനും ആവില്ല. കാരണം, അത് ഭാഷാ കോഡുകളിൽ തനി അധികപ്രസംഗവും തെമ്മാടിത്തരവും ആയി മറ്റുള്ളവർ നിർവ്വചിക്കും.


സർക്കാർ ജോലിയോടുള്ള ക്രാന്തി, സർക്കാർ ജോലികിട്ടിയാൽ പൊതുജനത്തോട് മനസികമായി വരുന്ന അറപ്പ്, കൈക്കൂലി വാങ്ങിക്കാനുള്ള അക്രാന്തി, തുടങ്ങിയവയിലും ഭാഷാ കോഡുകളുടെ പ്രവർത്തനം ഉണ്ട്.


സാധാരണക്കാരന് സർക്കാർ ഓഫിസ് തൊഴിലാളികളോട് സ്വന്തം അന്തസ് താഴ്ത്താതെ സംസാരിക്കാനോ, കാര്യങ്ങൾ ചർച്ചചെയ്യാനോ, തന്റെ പക്ഷം വാദിക്കാനോ ആവില്ലാത്ത സാമൂഹികാന്തരീക്ഷം ഈ ഭാഷാ കോഡുകളുടെ നേരിട്ടുള്ള പ്രവർത്തനഫലം ആണ്.


ഈ ഉപദ്വീപിന്റെ ചരിത്രത്തിലൂടെ നോക്കിയാൽ ഈ ഭാഷാകോഡുകൾ സമൂഹത്തിൽ പലതരം നാശങ്ങളും വിതച്ചതിന്റെ അടയാളങ്ങൾ കാണാനാവുന്നതാണ്.


ഇവയിൽ പലതും ചരിത്രം എഴുതിത്തുടങ്ങുമ്പോൾ, അവസരോചിതമായി സൂചിപ്പിക്കാം.