ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 17
18. നിങ്ങൾ എന്ന അസഭ്യവാക്ക്
വളരെ അധികം ആളുകൾ തമ്മിൽ വളരെ കഠിനമായി തമ്മിൽ മത്സരിച്ചാണ് സർക്കാർ തൊഴിലുകളിൽ കയറുന്നത്. അതിനാൽ തന്നെ സർക്കാർ തൊഴിലുകളെ മിക്ക ആളുകൾക്കും ഒരു തരം കിട്ടാകനിയായി നിർവ്വചിക്കുന്നത് കേട്ടിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ടുകൊണ്ട് ഒരു നിരീക്ഷണം, ബൃട്ടിഷ്-മലബാറിലും, മെഡ്രാസ്-മലബാറിലും, ഏതാണ്ട് 1980കൾ വരെ കേരള-മലബാറിലും പൊതുജനത്തിൽപ്പെട്ടവരിൽ സർക്കാർ തൊഴിലിനോട് കാര്യമായ മതിപ്പില്ലായിരുന്നുവെന്നതാണ്.
കാരണം, ശമ്പളം എന്നത് ഇന്നുള്ളതു പോലുള്ള ആകാശംമുട്ടി നിൽക്കുന്ന ഒന്നായിരുന്നില്ല സർക്കാർ തൊഴിലുകളിൽ അന്ന്. പോരാത്തതിന്, സർക്കാർ ഉദ്യോഗസ്ഥരെ ആളുകൾ നിങ്ങൾ എന്നുതന്നെയാണ് സംബോധന ചെയ്തിരുന്നത്. സാമൂഹികമായി താഴെയുള്ളവർ ഇങ്ങൾ എന്ന് പറയും എന്നുമാത്രം.
സർക്കാർ ഉദ്യോഗസ്ഥരും പൊതുജനത്തിൽ പെട്ട സാമൂഹികമായി നിലവാരം താഴെയായിട്ടില്ലാത്തവരെ നിങ്ങൾ എന്നും സബോധന ചെയ്യും. സാമൂഹികമായി വളരെ താഴെപെട്ടവരെ പ്രാദേശിക ഭാഷയിൽ വളർന്നുവന്ന സർക്കാർ ഉദ്യോഗസ്ഥർ ഇഞ്ഞിയെന്ന് സംബോധന ചെയ്തിരിക്കാം.
അത്, നാട്ടിലെ പൊതുവായുള്ള ആശയവിനിമയ സമ്പ്രദായം മാത്രമായിരുന്നു. അല്ലാതെ സർക്കാർ ഉദ്യോഗസ്ഥർ സാമൂഹികമായി ഉന്നതർ ആയിരുന്നുകൊണ്ടല്ല.
ജില്ലാതല ഓഫിസർമാരും മറ്റും അന്ന് ഇങ്ഗ്ളിഷ് ഭാഷ തമ്മിൽ കൈകാര്യം ചെയ്യുന്നവർ ആയിരുന്നു. അതിനാൽ തന്നെ താഴെക്കിടയിലുള്ള ഉദ്യോഗസ്ഥരുടെ അഴിഞ്ഞാട്ടം കാര്യമായി നടക്കില്ലായിരുന്നു.
ഞാൻ 1970കൾ മുതൽ തിരുവിതാംകൂറിൽ ആയിരുന്നു. എന്നാൽ മലബാറിലെ ഉദ്യോഗസ്ഥ പ്രസ്ഥാനത്തെ ഇടക്കിടക്ക് വന്ന് കാണാനുള്ള അനുഭവവും ഉണ്ടായിരുന്നു.
മലബാറിൽ പ്രാദേശികമായി കഠിനമായ ഫ്യൂഡൽ ഉച്ചനീചത്വം സംസാര ഭാഷയിൽ നിലനിന്നിരുന്നു. എന്നാൽ, അതിന് സർക്കാർ സംവിധാനങ്ങളിലെ പെരുമാറ്റച്ചട്ടങ്ങളെ കഠിനമായി സ്വാധീനിക്കാൻ ആയിരുന്നുവെന്ന് തോന്നുന്നില്ല.
വില്ലജ് ഓഫിസർ എന്ന പേരിലും പ്രാദേശികമായി അധികാരി എന്ന പേരിലും അറിയപ്പെട്ടിരുന്ന താഴെക്കിടയിലുള്ള ഉദ്യോഗസ്ഥർ നല്ല പ്രായമുള്ള ആളുകളെ വരെ ഇഞ്ഞി എന്ന് സംബോധന ചെയ്യുന്നതും, ഓൻ, ഓള് എന്ന് അവരുടെ സാന്നിദ്ധ്യത്തിൽ തന്നെ പരാമർശിക്കുന്നതും നേരിൽ കണ്ടിട്ടുണ്ട്.
ഇത് എന്നാൽ, ഉദ്യോഗസ്ഥ പ്രസ്ഥാനത്തിന്‍റെ പെരുമാറ്റച്ചട്ടം സൗകര്യപ്പെടുത്തിയ സംസാര രീതിയല്ലായിരുന്നു. മറിച്ച്, ഇങ്ഗ്ളിഷ് ഭാഷ ഒട്ടും തന്നെ തൊട്ടറിഞ്ഞിട്ടില്ലാത്ത താഴെക്കിടയിലുള്ള ഉദ്യോഗസ്ഥരായ വ്യക്തികളുടെ പ്രാദേശിക സംസ്ക്കാരത്തിന്‍റെ പ്രതിഫലനം മാത്രമായിരുന്നു.
ഉദ്യോഗസ്ഥർക്ക് അധികാരം ഉണ്ട് എന്ന വിവരം മലബാറിലെ ഭാഷയിലും കോഡ് ചെയ്യപ്പെട്ടിരിക്കാം. എന്നാൽ, ആളുകൾക്ക്, പ്രത്യേകിച്ചും മുതിർന്ന വയസ്സൂള്ള സാമൂഹികമായി താഴ്മയിലല്ലാത്ത ആളുകൾക്ക് സർക്കാർ വേതനക്കാരോട് നിങ്ങൾ എന്ന് സംബോധന ചെയ്തുകൊണ്ട് തന്നെ സംസാരിക്കാനുള്ള വ്യക്തിത്വം ഉണ്ടായിരുന്നു.
ഇതിന് മറ്റൊരു വശവും ഉണ്ട്. ഉദ്യോഗസ്ഥരെ സ്വകാര്യ വേദികളിൽ ഓൻ, ഓള് എന്ന വാക്കുകളിൽ പരാമർശിക്കുന്ന ഒരു സ്വഭാവവും ആളുകളിൽ ഉണ്ടായിരുന്നു. ഇത്, കൂടുതളും മാപ്പിളമാരിൽ ആയിരുന്നു എന്നും ഒരു തോന്നൽ. കൃത്യമായി പറയാനുള്ള വിവരം ഇല്ല.
ഇത് ഒരു തരം ഏറ്റുമുട്ടൽ വേദിയായിരുന്നിരിക്കാം. എന്നിരുന്നാലും, പൊതുവെ ഉദ്യോഗസ്ഥരോട് ഒരു ചെറിയ വിനയവും വിട്ടുവീഴ്ചയും ആളുകൾ പ്രകടിപ്പിക്കുമായിരുന്നു.
അതേ സമയം ഉദ്യോഗസ്ഥർക്ക് കൈക്കൂലിക്ക് അവകാശം ഉണ്ട് എന്ന കാര്യം പൊതുവേ സമൂഹത്തിൽ ഒരുതിരിച്ചറിവായി നിലനിന്നിരുന്നില്ല.
എന്നിരുന്നാലും ഹോട്ടലിലെ വെയ്റ്റർമാർക്ക് Tip നൽകുന്നതുമാതിരി ശിപായിമാർക്കും ഗുമസ്ഥർക്കും ചെറിയ ചില്ലറ നൽകുന്ന ഒരു സ്വഭാവം ചില ആളുകളിൽ ഉണ്ടായിരുന്നു. എന്നാൽ, ശിപായിമാർക്കും ഗുമസ്ഥർക്കും ഓദ്യോഗിക കടലാസുകളുടെ ക്രയവിക്രയത്തിൽ കാര്യമായി സ്വാധീനിക്കാനുള്ള സൗകര്യം പല ഓഫിസുകളിലേയും നടപടിക്രമങ്ങളിൽ ഇല്ലായിരുന്നു.
ആ വിഷയത്തിലേക്ക് ഇപ്പോൾ പോകുന്നില്ല.
മലബാറിലെ ആളുകൾക്ക് ഉദ്യോഗസ്ഥരെ നിങ്ങൾ - ഇങ്ങൾ വാക്കുകളിൽ നിർവ്വചിക്കാനുള്ള മാനസിക പ്രാപ്തി നൽകിയത്, മലബാറിലെ പ്രാദേശിക ഭാഷാ സ്കൂളുകളിലെ പെരുമാറ്റ സംസ്ക്കാരം ആയിരിക്കാം.
അദ്ധ്യാപകനെ മാഷ് എന്നും, ഇങ്ങൾ എന്നുമാണ് വിദ്യാർത്ഥിക്കൾ പറഞ്ഞു പഠിക്കുക.
പ്രാദേശിക ഭാഷാ സ്കൂളുകളിൽ പഠിപ്പിക്കുന്ന മിക്ക കാര്യങ്ങളും മിക്കവർക്കും ഉപയോഗ ശൂന്യമായ കാര്യങ്ങളും നിലവരം കുറഞ്ഞവയും ചിലപ്പോഴെല്ലാം തനി വിഡ്ഢിത്തവും ആയിരുന്നിരിക്കാം.
പോരാത്തതിന്, വിദ്യാർത്ഥികളെ ഇഞ്ഞി എന്ന വാക്കുകളിൽ തരംതാഴ്ത്തിയും വെക്കുകയും ചെയ്യും. എന്നാൽ നിങ്ങൾ എന്ന വാക്ക് അദ്ധ്യാപകനോടും ഉദോഗസ്ഥരോടും ഉപയോഗിച്ചാൽ അത് ഒരു അസഭ്യവാക്കാണ് എന്ന ധാരണ അവരിൽ ചേർക്കില്ലായിരുന്നു.
ഈ കാരണത്താൽ, മാഷ് മാർക്ക് (അദ്ധ്യാപകർക്ക്) ആണ് സർക്കാർ ഗുമസ്ഥരേക്കാളും സാമൂഹികമായി മഹിമ ലഭിച്ചിരിക്കാവുന്നത് എന്നാണ് തോന്നുന്നത്. കാരണം, മാഷ്മാർക്ക് സമൂഹത്തിൽ ഇഞ്ഞി എന്ന് നേരിട്ട് വിളിച്ച് നിയന്ത്രിക്കാവുന്ന അനവധി പേരുണ്ടാവും.
ഈ ഒരു സൗകര്യം ഉള്ള സർക്കാർ ഗുമസ്ഥർക്കും ശിപായിമാർക്കും കുറവായിരിക്കും. കാരണം, അവർ പലപ്പോഴും മറ്റ് പ്രദേശങ്ങളിൽ നിന്നും സ്ഥലമാറ്റം ചെയ്യപ്പെട്ടു വരുന്നവർ ആയിരിക്കും. അവർക്ക് നേരിട്ട് ഇഞ്ഞി എന്ന് വിളിക്കാവുന്ന സാമൂഹിക ഉന്നതർ ഉണ്ടാവില്ല.
ഇതെല്ലാം കാരണം, സർക്കാർ തൊഴിലിന് പോകുന്നവർ വളരെ കുറവായിരുന്നിരിക്കാം. പോരാത്തതിന ഗൾഫിലേക്ക് കടക്കുക എന്ന ഒരു ഏർപ്പാടും മലബാറിൽ 1960കളിൽ തന്നെ ഒരുവൻ ജീവിത ലക്ഷ്യമായി വളർന്നുവന്നുതുടങ്ങിയിരുന്നുവെന്ന് തോന്നുന്നു. ഇത് തിരുവിതാംകൂറിലേക്ക് പടരാൻ പതിറ്റാണ്ടുകൾ തന്നെ കഴിയേണ്ടിവന്നിരുന്നു എന്നും തോന്നുന്നു.
തിരുവിതാംകൂറിൽ ചെന്നപ്പോൾ കണ്ട കാഴ്ച മറ്റൊന്നായിരുന്നു. സർക്കാർ തൊഴിലിൽ കയറുക എന്നതായിരുന്നു മിക്ക വ്യക്തികളുടേയും ജീവിത ഉദ്ദേശം. മറ്റേത് തൊഴിലിൽ ചേർന്നാലും, വ്യക്തി തൊഴിലുടമയുടേയും ഉപഭോക്താവിന്‍റേയും നീ, അവൻ വാക്കുകളിൽ പെട്ടുപോകും. എന്നാൽ സർക്കാർ ഓഫിസിൽ ഗുമസ്ഥനായി കയറിയാൽ ആൾ ഉടനെ സാർ എന്ന പദവിയിലേക്ക് വാണം വിട്ടതുമാതിരി ഉയരുന്നു.
പോലീസ് വകുപ്പിൽ ശിപായി ആയി കയറിയാൽ, സാർ എന്ന പദിവ മാത്രമല്ല, ആളുകളെ അസഭ്യം പറയാനും വേണമെങ്കിൽ അടിക്കാനും ചവിട്ടാനും വരെ ആകും.
മലബാറിൽ ഉളള ഭാഷയായിരുന്നില്ല തിരുവിതാംകൂറിൽ അന്ന്. ഇന്ന് മലബാറിലെ പാരമ്പര്യ ഭാഷ മിക്കവാറും മാഞ്ഞു പോയിട്ടുണ്ട്.
മലയാളത്തിൽ തെറിവാക്കുകളുടെ ഒരു വൻ ശേഖരണം തന്നെയുണ്ടായിരുന്നു. അന്ന് ഈ വിധ തെറിവാക്കുകൾ മലബാറിലെ ആളുകൾക്ക് കേട്ടറിവുണ്ടാവില്ല എന്നാണ് തോന്നുന്നത്.
മലബാറിലെ ഏറ്റവും വലിയ തെറി നായിന്‍റെ മോനെ എന്നായിരുന്നു വെന്നു തോന്നുന്നു. പെലയന്‍റെ മോനെ എന്നു ആളുകൾ തമ്മിൽ വിളിക്കുന്നതും കേട്ട അനുഭവം ഉണ്ട്.
ഞാൻ അന്ന് സർക്കാർ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ ആണ് ജീവിച്ചിരുന്നത് എന്നതിനാൽ, തിരുവിതാംകൂറിലെ സർക്കാർ ഗുമസ്ഥരുടേയും ശിപായിമാരുടേയും മാനസിക ഭാവം പലപ്പോഴും അവരുടെ സ്വകാര്യം വേദികളിൽ കണ്ടറിഞ്ഞിരുന്നു.
ഈ വിധമായുള്ള ഉദ്യോഗസ്ഥർ മാനസികമായി വളരെ തരംതാഴ്ന്നവർ തന്നെയായിരുന്നുവെന്നുവേണം കരുതാൻ. എന്നാൽ അവർക്ക് മറ്റെല്ലാർക്ക് ഉള്ള വിവരവും കഴിവും ഉണ്ട് താനും. പിന്നെന്താണ് വ്യത്യാസം എന്നത് ചിന്തിക്കാവുന്നതാണ്.
അവരെ ആളുകൾക്ക് നിങ്ങൾ എന്ന് സംബോധന ചെയ്യാനാവില്ല എന്ന വൻ മതിൽക്കെട്ടിന്‍റെ മറപിടിച്ചാണ് അവർ നിൽക്കുന്നത്.
ആളുകൾക്ക് അവരോട് എന്തെങ്കിലും പറയണമെന്നുണ്ടെങ്കിലും അവരോട് ചർച്ചചെയ്യണമെന്നുണ്ടെങ്കിലും അവരെ സാർ എന്ന് വിളിക്കുകയും പരാമർശിക്കുകയും ചെയ്യേണ്ടുന്ന, ഒരു ഭാരമേറിയതും അമർത്തുന്നതുമായ വൻ മതിൽക്കെട്ടിന് താഴെ നിന്നുകൊണ്ടുവേണം അത് ചെയ്യാൻ.
സമൂഹത്തിൽ നിലവാരം കുറഞ്ഞവർക്ക് ഇത് മാനസികമായി ഒരു അസൗകര്യമായി അനുഭവപ്പെടില്ല. കാരണം, അവർ ആവിധമായുള്ള ഒരു മതിൽക്കെട്ടിന് അടിയിൽ തന്നെയാണ് നിത്യവും ജീവിക്കുന്നത്.
എന്നാൽ സാമൂഹികമായി പലരേക്കാളും ഉയർന്നു നിൽക്കുന്നവരിൽ തന്നെ ഈ സാർ വിളി ഒരു തരം നിത്യാഭിനയമായി പിരചയിച്ചെടുത്തവരും ഉണ്ടായിരുന്നു.
എന്നാൽ, ഈ വിധം തരംതാണ് പെരുമാറാൻ കെൽപ്പില്ലാത്തവർ, കീഴ്വഴക്കത്തിന്‍റെ നിബർന്ധത്തിന് വഴങ്ങി സാർ വിളി പ്രകടിപ്പിക്കുമ്പോൾ, പലപ്പോഴും ഒരുതരം കോമാളിയായി മാറുന്ന കാഴ്ച അനുഭവപ്പെടും.
ഈ കോമാളിയാവൽ, സർക്കാർ ഗുമസ്ഥരും ശിപായിമാരും ശരിക്കും ആസ്വധിക്കും. ഈ വിധം കോമാളിയാകാൻ തയ്യാറല്ലാത്തവരെ അവർ ശരിക്കും ഒന്ന് നടത്തിക്കും.
ഇതുമായി ബന്ധപ്പെട്ട്, കോളെജിൽ കൂടെ പഠിച്ച്, ജീവനക്കാർക്ക് യൂണിഫോം ധരിക്കാൻ സൗകര്യം ഉള്ള ഒരു കേന്ദസർക്കാർ വകുപ്പിൽ തൊഴിൽ ചെയ്ത ഒരു വ്യക്തി പറഞ്ഞകാര്യം ഓർമ്മവരുന്നു.
ഓഫിസിൽ കയറിവന്ന വ്യക്തി വ്യവസായി ആയിരുന്നു പോലും. ഈ ആൾ യാതോരു വിധേയത്വവും കാണിച്ചില്ല. മാന്യമായി പെറുമാറുന്ന ആൾ.
ഈ ഒരു പെരുമാറ്റം കാളപ്പോരിൽ കാളയ്ക്ക് മുന്നിൽ ചുവപ്പ് തൂവാല വീശിക്കാണിക്കുന്ന പ്രതീതിയാണ് സർക്കാർ ഉദ്യോഗസ്ഥരിൽ പ്രകോപിപ്പിക്കുക.
കയറിവന്ന ആൾക്ക് വേണ്ടത് തന്‍റെ വ്യവസായവുമായി ബന്ധപ്പെട്ട ഒരു ലൈസൻസ് ആണ്. സമർപ്പിക്കേണ്ടുന്ന എല്ലാ കടലാസുകളും അയാൾ സമർപ്പിച്ചു.
നോക്കിയപ്പോൾ എല്ലാ കടലാസുകളും വളരെ കൃത്യമായി നൽകപ്പെട്ടിരിക്കുന്നു.
തടസ്സം പറയാനുള്ള യാതൊന്നും കണ്ടില്ല. ഉദ്യോഗസ്ഥൻ എഴുന്നേറ്റ് മറ്റൊരുമുറിയൽ പോയി തന്‍റെ സഹപ്രവർത്തകരിൽ ചിലരോട് പറഞ്ഞു, ഇവനെ ഒന്ന് നടത്തിക്കണം അല്ലോ. എന്താണ് ചെയ്യേണ്ടത്. എല്ലാരും കൂടി കടലാസുകൾ നോക്കി. വേണ്ടുന്നതെല്ലാം അതിൽ ഉണ്ട്.
ഓരോ കാര്യവും നോക്കി.
സർക്കാർ ഉദ്യോഗസ്ഥന്‍റെ അന്തസ്സിന്‍റെ പ്രശ്നമാണ്. കയറിവന്ന് ചായ വാങ്ങിച്ച് കുടിക്കുന്നത് പോലെ അങ്ങ് ലൈസൻസുകൾ വാങ്ങിച്ചുകൊണ്ടു പോകാൻ അനുവദിക്കാൻ പറ്റില്ല. അങ്ങിനെ ചെയ്താൽ, ഉദ്യോഗസ്ഥന്‍റെ സാമൂഹിക അന്തസ്സ് ഇടിയും.
അപ്പോഴാണ് ഒരു ഉദ്യോഗസ്ഥൻ SSI Certificateന്‍റെ കാര്യം പറഞ്ഞത്. ഇത് എന്ത് സാക്ഷിപത്രം ആണ് എന്ന് ആർക്കും കൃത്യമായി അറിയില്ല. ഏത് സർക്കാർ വകുപ്പാണ് ഇത് നൽകുന്നത് എന്നും അറിയില്ല. എന്നാൽ, ഇതിന്‍റെ പൂർണ്ണരൂപം Small Scale Industries Certificate ആണ് എന്ന് കേട്ടറിവുണ്ട് താനും.
യഥാർത്ഥത്തിൽ ഇത് ഒരു വിഡ്ഢി സാക്ഷിപത്രം ആണ്. ഇന്ന് ഇത് നിലവിൽ ഉണ്ടോ എന്ന് അറിയില്ല. അക്കാലങ്ങളിൽ ഈ സാക്ഷിപത്രം വ്യവസായത്തിലെ ഏതെങ്കിലും ഉൽപ്പന്നങ്ങൾക്ക് ലഭിച്ചാൽ, ആ വ്യവസായത്തിന് Telephone ലഭിക്കുന്നതിന് മുൻഗണന നൽകുന്ന ഒരു സംവരണ ലിസ്റ്റിൽ ചേർന്നു കിട്ടാം.
ആ സാക്ഷിപത്രം ലഭിച്ച ഉൽപ്പന്നത്തിന് അന്ന് വിൽപ്പന നികുതിൽ നിന്നും ഒരു പരിധിവരെ ഇളവും ലഭിക്കും.
കയറിവന്ന വ്യവസായി അപേക്ഷിച്ച ലൈസൻസും ഈ SSI Certificateറ്റും ആയി യാതോരു ബന്ധവും ഇല്ലതന്നെ.
എന്നാൽ ഉദ്യോഗസ്ഥൻ തിരിച്ചുവന്ന് ഇരിപ്പിടത്തിൽ ഇരുന്നു, സമർപ്പിച്ച ഓരോ കടലാസും വൻ ഗൗരവത്തിൽ സൂക്ഷ്മമായി പരിശോദിച്ചു.
എന്നിട്ട് വൻ കണ്ടുപിടുത്തം പോലെ പറഞ്ഞു. ഇതിൽ SSI Certificate കാണുന്നില്ലല്ലോ!
അപ്പോൾ വ്യവസായി പറഞ്ഞു, SSI Certificateന്‍റെ ആവശ്യം ഇല്ല ഇതിന്.
ഉടനെ ഉദ്യോഗസ്ഥനെ മട്ട് മാറി.
വേണമോ വേണ്ടയോ എന്നത് നിങ്ങൾ അല്ല തീരുമാനിക്കേണ്ടത്. അത് ഞങ്ങളാണ് തീരുമാനിക്കേണ്ടത്.
സമർപ്പിക്കപ്പെട്ട കടലാസുകൾ അപേക്ഷകന്‍റെ മുന്നിലേക്ക് ഇട്ടുകൊടുത്തു.
ഈ കഥ എന്നോട് നേരിട്ട് ആ ഉദ്യോഗസ്ഥൻ പറഞ്ഞത്, ഇപ്രകാരം ആണ്.
അവനെ ഞങ്ങൾ ശരിക്കും ഒന്ന് നടത്തിച്ചു.
എന്നിട്ട് എന്നോട് ചോദിച്ചു, ഈ SSI Certificate എന്നത് എന്താണ്?
സർക്കാർ വകുപ്പുകളിലെ ഗുമസ്ഥരെ നിങ്ങൾ എന്ന് സംബോധന ചെയ്തതിനാൽ ഞാൻ പലതരത്തിൽ നടത്തിക്കപ്പെട്ട അനുഭവം എനിക്കുണ്ട്. മാന്യമായി തന്നെയാണ് ഞാൻ സംസാരിക്കാറ്. എന്നാൽ നിങ്ങൾ എന്ന വാക്ക് പലപ്പോഴും ഉപയോഗിക്കും. സാർ എന്ന വാക്ക് ഉപയോഗിച്ച അവസരവും ഉണ്ട്.
അനാവശ്യ കടലാസുകൾ വേണം എന്ന് നിർബന്ധിച്ചത് അനുഭവിച്ചറഞ്ഞിട്ടുണ്ട്. ആ അനുഭവങ്ങൾ തന്നെ പറയാൻ കുറേ എഴുതേണ്ടിവരും.
ആളുകളെ നട്ടംതിരിയിക്കണം എന്ന മാനസികാവസ്ഥ സാമൂഹിക ആശയവിനിമയത്തിൽ അടിതൊട്ട് മുകൾ വരെ പടർന്നു കിടപ്പുണ്ട്. മലയാളം സംസാരിക്കുന്ന സാമൂഹികാന്തരീക്ഷത്തിൽ ഇത് ഒരു അനിവാര്യമായ മാനസിക പ്രേരണയായി നിലനിൽക്കും. ആരേയും വ്യക്തിപരമായി കുറ്റം പറയാൻ ആവില്ല.
മുകളിൽ പരാമർശിച്ച വ്യവസായിക്ക് ലൈസൻ കിട്ടിയില്ലാ എന്നതിൽ ആനന്ദിക്കുന്ന മറ്റ് പലരും ആ ആളുടെ കൂട്ടത്തിൽ തന്നെയുണ്ടാവും. ആ വിധമായാണ് മലയാളം ഭാഷാ കോഡുകൾ നിഗൂഢമായി പ്രവർത്തിക്കുക.
മലബറിൽ, സാർ വിളി പടർത്തി, നിങ്ങൾ എന്ന സംബോധനയെ ഒരു തെമ്മാടിത്തം ആയി മാറ്റിയത് ഒരു single വാക്ക് കോഡിങ്ങ്, കൃത്യമായ സ്ഥാനത്ത് തിരുകിച്ചേർത്തു കൊണ്ടാണ്.
അത് അടുത്ത എഴുത്തിൽ പറയാം എന്നു കരുതുന്നു.