top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 16. ഫ്യൂഡൽ ഭാഷകളിലെ ഉള്ളറ ചിത്രങ്ങൾ

12. ഓന്‍റെ മോനും ഓരുടെ മകനും

ദക്ഷിണ മലബാറില രണ്ടു താലൂക്കുകളിൽ  ഏതാണ്ട് 1850കൾ മുതൽ എരിഞ്ഞു കത്തിത്തുടങ്ങിയ മാപ്പിള ലഹളയിലേക്ക് എഴുത്ത് വീണ്ടും നീങ്ങേണ്ടിയിരിക്കുന്നു.


എന്നാൽ, ദക്ഷിണേഷ്യൻ ഭാഷകളിൽ ഒളിഞ്ഞിരിക്കുന്ന വിധ്വംസക (subversive) കോഡുകളെക്കുറിച്ച് എഴുതിത്തുടങ്ങിപ്പോയി.


നനഞ്ഞസ്ഥിതിക്ക് കുളിച്ചുകയറാം എന്നുപറഞ്ഞതുമാതിരി, ഇത്രയും ഈ കോഡുകളെക്കുറിച്ച് എഴുതിക്കഴിഞ്ഞതിനാൽ, ഇനി മനസ്സിൽ കയറിവരുന്ന ഈ കാര്യങ്ങൾ അത്രയും എഴുതിത്തീർക്കാം എന്നു വിചാരിക്കുന്നു.


ദക്ഷിണേഷ്യയിൽ പൊതുവായുള്ള ഔപചാരിക വിദ്യാഭ്യാസം എന്ന ആശയം കൊണ്ടുവന്നത് ഇങ്ഗ്ളിഷ് ഭരണമായിരിക്കാം. അവർക്ക് ഈ വിഷയത്തെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരുന്നിരിക്കില്ല എന്നാണ് തോന്നുന്നത്.


അവരുടെ ഇടയിൽ തന്നെ വ്യത്യസ്ത വീക്ഷണകോണുകളിൽ നിൽക്കുന്നവർ ഉണ്ടായിരുന്നു എന്നാണ് തോന്നുന്നത്. ഇന്ന് ഇടതുപക്ഷക്കാർ എന്നു പറയപ്പെടാവുന്നവരും അവരുടെ ഇടയിൽ ഉണ്ടായിരുന്നു.  ഈ ഇടതു പക്ഷക്കാർ ബൃട്ടിഷ്-ഇന്ത്യയിലെ ഭൂജന്മി കുടുംബക്കാരുടേയും കുട്ടിരാജാക്കളുടേയും സൗഹൃദത്തിൽ നിന്നവരായിരുന്നു.


ഇതിനാൽ തന്നെ ബൃട്ടിഷ്-ഇന്ത്യയിൽ സർക്കാർ ധനം ഉപയോഗിച്ചുകൊണ്ട് നടപ്പിൽ വന്നതും അങ്ങിനെ അല്ലാത്തതുമായ പൊതുവിദ്യാഭ്യാസം രണ്ട് വ്യത്യസ്ത തരത്തിൽ ഉള്ളവയായിരുന്നു.


ഒന്നാമാത്തേത്, ഒന്നുകിൽ ഇങ്ഗ്ളിഷ് വ്യക്തികൾ നേരിട്ട് മേൽനോട്ടം വഹിക്കുന്നവ, അല്ലെങ്കിൽ അതേ നിലവാരത്തിലുള്ള പ്രാഥമിക വിദ്യാഭ്യാസം നൽകുന്നതും, എന്നാൽ പ്രാദേശിക വ്യക്തികൾ മേൽനോട്ടം വഹിക്കുന്നതുമായവ.


രണ്ടാമത്തേത്, പ്രാദേശിക ഭൂജന്മികളും മറ്റ് സാമൂഹിക ഉന്നതരും മറ്റും മേൽനോട്ടം വഹിക്കുന്നവ.


ഇവയിൽ ഒന്നാമത്തേത് ഏതാണ്ട് പൂർണ്ണമായും ഇങ്ഗ്ളിഷ് ഭാഷയിൽ പഠനവും ആശയവിനിമയവും മറ്റും ഉള്ളവ.


രണ്ടാമത്തേത്, പൂർണ്ണമായും പ്രാദേശിക ഫ്യൂഡൽ ഭാഷയിൽ പഠനവും ആശയവിനിമവും മറ്റും ഉള്ളവ.


ആദ്യത്തേതിൽ വിദ്യാർത്ഥികളെ 'നീ', 'ഇഞ്ഞി' പോലുള്ള തരംതാഴ്ത്തുന്ന വാക്കുകളിൽ സംബോധന ചെയ്യില്ല. 'അവൻ', 'അവൾ' പോലുള്ള തരംതാഴ്ത്തുന്ന വാക്കുകളിൽ പരാമർശിക്കില്ല.  സ്കൂൾ അന്തരീക്ഷത്തിനുള്ളിൽ ഏവരും ഏതാണ്ട് ഇങ്ഗ്ളണ്ടിലുള്ളതുമാതിരി, നേരേയുള്ളതും നിരപ്പായുള്ളതുമായ പാതകളിലും അന്യോന്യം നോക്കുക ചെയ്യുന്ന അന്തരീക്ഷം.


രണ്ടാമത്തേതിൽ വിദ്യാർത്ഥികളെ അനുസരണത്തിന്‍റേയും വാത്സല്യത്തിന്‍റേയും അടയാളചിന്നം നിറഞ്ഞുനിൽക്കുന്ന നീ, ഇഞ്ഞി പോലുള്ള  വാക്കുകളിൽ സംബോധന ചെയ്യുകയും അവൻ, അവൾ വാക്കുകളിൽ പരാമർശിക്കുകയും ചെയ്യുന്നു.


ഈ രണ്ട് വ്യത്യസ്ത വിദ്യാഭ്യാസ രീതികൾ രണ്ട് വ്യത്യസ്ത തരത്തിലുള്ള വ്യക്തികളെയാണ് സൃഷ്ടിക്കുക എന്നതു തീർച്ചയാണ്.


ഇവിടെ പറയേണ്ടുന്നത്, ഈ രണ്ട് കൂട്ടം വ്യക്തികളും ജീവിക്കുന്നതും നിലനിൽക്കുന്നതും, ഒരേ ഫ്യൂഡൽ ഭാഷാ അന്തരീക്ഷത്തിൽ തന്നെയായിരുന്നു എന്നതാണ്. 


സമൂഹം നിറച്ചും തമ്മിൽത്തമ്മിൽ അകൽച്ചവച്ചു ജീവിക്കുന്ന ജനക്കൂട്ടങ്ങളും വ്യക്തികളും ആണ്.  ഈ പലവിധ കൂട്ടരെ വിദ്യാഭ്യാസം നേടി വരുന്ന രണ്ട് വ്യത്യസ്ത കൂട്ടരും വ്യത്യസ്തമായി തന്നെയാണ് വീക്ഷിക്കുക. 


ഇങ്ഗ്ളിഷ് വിദ്യാഭ്യാസം ലഭിച്ച കൂട്ടിരൽ പലതരത്തിലുള്ള സാമൂഹിക സമത്വ ആശയങ്ങളും നിറഞ്ഞുനിൽക്കുന്നതിനാൽ അവരിൽ ഉള്ള വ്യക്തിത്വം വളരെ മയമുള്ളതായിരിക്കും. എന്നാൽ ഭരണ ചക്രം ഏതാണ്ട് പൂർണ്ണമായും ഇങ്ഗ്ളിഷിൽ ആണ് എന്നതിനാൽ അവരിലെ മയമുള്ള വ്യക്തിത്വം അവർക്ക് ഒരു പ്രയാസം ആയി വരില്ല.


എന്നാൽ ഇവരിലും പ്രാദേശിക ഫ്യൂഡൽ ഭാഷ സൃഷ്ടിക്കുന്ന വെപ്രാളങ്ങളും മത്സര ബുദ്ധിയും ചെറിയ തോതിൽ നിലനിൽക്കും. അതും വാസ്തവം തന്നെ.


ഇവരിൽ പലരും സാമ്പത്തികമായി പിന്നണിയിൽ നിന്നിരുന്ന പിന്നോക്ക ജാതിക്കാരും ആയിരുന്നു എന്നും മനസ്സിലാക്കുന്നു.


അതേ സമയം പ്രാദേശിക ഫ്യൂഡൽ ഭാഷയിൽ വിദ്യാഭ്യാസം നേടിയവരിൽ പ്രാദേശിക സമൂഹത്തിനുള്ളിലെ എല്ലാവിധ അകൽച്ചകളും അറപ്പുകളും വിധേയത്തങ്ങളും  മറ്റും കാഠിന്യം കൂടിയ രീതിയിൽ നിലനിൽക്കും.  അവരിൽ  സാമൂഹികമായി ഉന്നത കുടുംബക്കാരും അല്ലാത്തവരും ഉണ്ടായിരുന്നു.


അവരിലെ കുറച്ചു പേർ ഉന്നത സാമൂഹിക പരിഷ്ക്കർത്താക്കളും വിപ്ളവ നേതാക്കളും മറ്റുമായി വളർന്നു വന്നു. മറ്റുള്ളവർ അവരുടെ അണികളും അനുയായികളും മറ്റുമായും നിലനിന്നു എന്നാണ് മനസ്സിക്കുന്നത്.


ഈ നേതാക്കളും അവരുടെ അണികളും തമ്മിൽ, ഗുരു ശിക്ഷ്യ ബന്ധത്തെ അനുസ്മരിക്കുന്നതു പോലുള്ള, 'അങ്ങ്' - 'നീ', 'ഇങ്ങൾ' - 'ഇഞ്ഞി' ബന്ധം ആണ് നിലനിന്നിരിക്കുക.


അതി കഠിന രക്തച്ചൊരിച്ചലിലൂടെ നാട്ടിലെ എല്ലാ വിധ ഫ്യൂഡലിസവും അടിച്ചമർത്തും എന്ന് അലറിപ്പറയുന്ന, ഉന്നത കുടുംബക്കാരനായ വിപ്ളവ നേതാവിന്‍റെ മുന്നിൽ ഇരിക്കാൻ പോലും ധൈര്യപ്പെടാത്ത അണികളെല്ലാം പ്രാദേശിക ഭാഷാ വിദ്യാഭ്യാസത്തിന്‍റെ സൃഷ്ടികൾ തന്നെയാവാനാണ് സാധ്യത.


ഉന്നത കുടുംബക്കാരനായ നേതാവിനോട് ഈ വിധമായുള്ള വിധേയത്തമാണ് വിപ്ളവത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് എന്നു വിശ്വസിച്ചിരുന്ന അണികൾ!


ഇങ്ഗ്ളിഷ് ഭരണം നടപ്പിൽ ആക്കാൻ ശ്രമിച്ച ഇങ്ഗ്ളിഷ് വിദ്യാഭ്യാസം ഇന്ന് ഏതാണ്ട് അപ്രത്യക്ഷമായി എന്നാണ് തോന്നുന്നത്. സാധാരണ വ്യക്തികളുടെ കുട്ടികൾക്ക് ഇന്ന് ഇത്, ഇന്ത്യയിൽ അപ്രാപ്യം തന്നെ.


ഇങ്ഗ്ളിഷ് മീഡിയം സ്കൂളുകളിലും പ്രാദേശിക ഭാഷാ മീഡിയം സ്കൂളുകളിലും, ഇന്ന് സാർവ്വത്രികമായി പടർന്നുപിടിച്ചിരിക്കുന്ന വിദ്യാഭ്യാസം, സാമൂഹിക പരിഷ്ക്കർത്താക്കളും വിപ്ളവ നേതാക്കളും അലറിയും ഒച്ചവച്ചും മുദ്രാവാക്യം വിളിപ്പിച്ചും മറ്റും വളർത്തിക്കൊണ്ടുവന്ന വിദ്യാഭ്യാസം തന്നെ.


അദ്ധ്യാപകൻ 'ഇങ്ങളും' വിദ്യാർത്ഥി 'ഇഞ്ഞിയും' ആയി നിലനിൽക്കുന്ന വിദ്യാഭ്യാസം തന്നെയാണ് ഇത്. ഇങ്ഗ്ളിഷുകാർ ഇവിടുള്ള ആളുകളെ അടിമപ്പെടുത്താൻ വേണ്ടി പദ്ധതിയിട്ടു പഠിപ്പിച്ചതാണ് ഇങ്ഗ്ളിഷ് ഭാഷ എന്ന് ഇവർക്ക് നല്ല ധാരണയാണ്. ഈ അടിമപ്പെടുത്തലിന് 'ഞങ്ങളെ കിട്ടില്ല' എന്നാണ് അവരുടെ ഭാവം.


വിദ്യാർത്ഥികളിൽ ഒരു തരം വ്യക്തിത്വ സമത്വം ഉണ്ട് എന്നു വേണമെങ്കിൽ പറയാം. കാരണം, അവരെല്ലാവരും അദ്ധ്യാപകർക്ക് 'ഇഞ്ഞി' തന്നെയാണ്. വിദ്യാർത്ഥികളിൽ ചിലരെ അദ്ധ്യാപകർ 'നിങ്ങൾ' എന്ന് സംബോധന ചെയ്യില്ല. അതും ഒരു തരം സമത്തം.


ഈ മുകളിൽ പറഞ്ഞ കാര്യങ്ങൾ പലതും ഈ എഴുത്തിൽ പലയിടത്തും സൂചിപ്പിച്ചു വിട്ട കാര്യങ്ങൾ തന്നെയാണ്. 


വിദ്യാർത്ഥികളിലെ സമത്തത്തെക്കുറിച്ച്  പറയുമ്പോൾ പറയാതെ പോകുന്നു രണ്ടു കാര്യങ്ങൾ ഉണ്ട്.


ഒന്ന്, വിദ്യാർത്ഥികൾക്കിടയിലും വയസ്സിന്‍റെ അടിസ്ഥാനത്തിൽ 'ഇങ്ങൾ - ഇഞ്ഞി' ഉച്ചനീചത്വ ബന്ധം വളർന്നു നിൽക്കും എന്നത്.


Rev. Samuel Mateer പണ്ട് കാലത്ത് നീരീക്ഷിച്ചതു പോലെ. നോക്കിയപ്പോൾ, അങ്ങ് താഴെ കുപ്പത്തൊട്ടിൽ സാമൂഹികമായി വച്ചിരിക്കുന്ന ജാതിക്കാർക്കിടയിലും ഉച്ചനീചത്വവും തമ്മിൽ അകൽച്ചയും അറപ്പും!


ഇനി രണ്ടാമത്തെ കാര്യം.


അദ്ധ്യാപകർ കുട്ടികളെ മൊത്തമായി അവൻ, അവൾ വാക്കുകളിൽ ഒതുക്കിനിർത്തി സമപ്പെടുത്തുമെങ്കിലും, അവരോട് ആ കുട്ടി ആരാണ്, ഈ കുട്ടി ആരാണ് എന്നു ചോദിച്ചാൽ, ചിലപ്പോഴെല്ലാം ഈ സമപ്പെടുത്തലിലും പാളിച്ച വരാം.


കൂലിക്കാരൻ ചാത്തുവില്ലെ? ഓന്‍റെ (അവന്‍റെ) മോനാ ഇത്. അതോ, ഡോക്ടർ രാജേഷ് ഇല്ലെ? ഓരുടെ (അദ്ദേഹത്തിന്‍റെ) മകനാണ് അത്.


ഇതൊന്നും Constitution of India അംഗീകരിക്കുന്ന കാര്യങ്ങൾ അല്ലതന്നെ.


പിന്നെ എന്തടിസ്ഥാനത്തിലാണ് നിർബന്ധ  ഔപചാരിക വിദ്യാഭ്യാസത്തിനുള്ള അവകാശം എന്ന, വാക്കുകളിൽ പരസ്പര ബന്ധമില്ലാത്ത പേരുള്ള, നിയമം നടപ്പാക്കിയത് എന്നത് ഒരു വൻ ബോധോദയത്തെ കാത്തുനിൽക്കുന്ന ചോദ്യം തന്നെയാണ്.